സംഗീതസംവിധായകൻ നൽകുന്ന ഈണത്തിൽനിന്ന് നിമിഷനേരംകൊണ്ട് സൂപ്പർ ഹിറ്റുകൾ രചിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ബിച്ചു തിരുമല. ഏഴുസ്വരങ്ങൾകൊണ്ട് അക്ഷരകൊട്ടാരം തീർക്കാനുള്ള കാവ്യവിരുതാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള നിത്യഹരിത ഗാനശാഖയുടെ ഉമ്മറപ്പടിയിൽ കസേരയിട്ടിരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
മൂവായിരത്തിലധികം സിനിമാഗാനങ്ങളും മാമാങ്കം പല കുറി കൊണ്ടാടി തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങളും നിരവധി ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളും പിറന്ന ആ തൂലികക്ക് പിന്നിൽ ഓരോ കഥയും ജീവിതാനുഭവങ്ങളുമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് ചെറുഗാനങ്ങൾ എഴുതുമായിരുന്നെങ്കിലും വളരെ അവിചാരിതമായിട്ടാണ് ചലച്ചിത്രപ്രവേശം. ആ അപ്രതീക്ഷിത കടന്നുവരവിലൂടെ മലയാളത്തിന് ലഭിച്ചത് എക്കാലവും ഒാർത്തുവെക്കാവുന്ന മികച്ച ഗാനങ്ങൾ.
ഈണങ്ങള്‍ക്കൊപ്പിച്ച് ഏതെങ്കിലും വാക്കുകള്‍ കുത്തിത്തിരുകി വെറുമൊരു പാട്ടെഴുതുകയല്ല ബിച്ചു തിരുമല ചെയ്തിരുന്നത്. വ്യത്യസ്തവും സുന്ദരവുമായ പദങ്ങള്‍ ചേര്‍ത്ത് സന്ദര്‍ഭത്തിനനുസരിച്ച് അര്‍ഥവത്തായ പദങ്ങള്‍ മനോഹരമായി അടുക്കിവെക്കുകയായിരുന്നു അദ്ദേഹം.
'മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ' എന്ന് ഈറനണിയിക്കുന്ന വാക്കുകള്‍ എഴുതിയ അതേ കൈകൾ 'പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി 'എന്നുമെഴുതി രസിപ്പിച്ചു.
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കിലുകില്‍ പമ്പരം തിരിയും മാനസം... എന്ന് ഏറ്റവും ആര്‍ദ്രമായ സ്‌നേഹഗീതങ്ങളെഴുതി. കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്നും ആരാരോ ആരിരാരോ എന്നും വാത്സല്യക്കടലായ കവി, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിെൻറ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ മീനിെൻറ ചേലൊത്ത കണ്ണാളെ, പ്രായം നമ്മിൽ മോഹം നൽകി എെന്നഴുതി നിത്യ കാമുകനുമായി. പാവാട വേണം മേലാട വേണം, നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ, സുന്ദരീ സുന്ദരീ, ഏഴുസ്വരങ്ങളും തഴുകി തുടങ്ങി പാട്ടിെൻറ പല പല അക്ഷരച്ചിട്ടകളിലേക്കും മലയാളികളെ കൂടെ കൊണ്ടു നടന്നു.
ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലും എണ്ണമറ്റ ഹിറ്റുകളാണ് സമ്മാനിച്ചത്. എ.ആർ. റഹ്മാൻ ആദ്യമായി മലയാളത്തിൽ സംഗീതം നൽകിയ യോദ്ധക്ക് 'പടകാളി' വരികളെഴുതി വേഗം കൂട്ടി.
ഗാനരചനയിൽ തിരക്കേറി നിന്ന കാലത്ത് വർഷത്തിൽ 35 സിനിമക്കുവേണ്ടി ഗാനങ്ങൾ എഴുതി. 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ..', 'കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...', 'എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ...' തുടങ്ങിയ നിരവധി താരാട്ടുപാട്ടുകളിലൂടെ അദ്ദേഹം കേരളക്കരയെ പാടിയുറക്കി.
ദൂരദർശനിൽ സംപ്രേഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ 'ജംഗിൾബുക്കി'ൽ 'ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...' എന്ന അവതരണഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. മലയാള സിനിമയിൽ മോഹൻലാലിെൻറ സ്ഥാനം ഉറപ്പിച്ച 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന ചിത്രത്തിന് ആ പേര് തെരഞ്ഞെടുത്തതും ബിച്ചു ആ സിനിമക്കായി എഴുതിയ പാട്ടിെൻറ വരികളിൽ നിന്നാണ്.
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം എന്നെഴുതിയ കവിയുടെ വരിയോ കിനാവോ തെറ്റിയില്ലെന്നതിെൻറ സാക്ഷ്യമായിരുന്നു പാട്ടെഴുത്തിലെ അര നൂറ്റാണ്ട് നീണ്ട ആ സര്‍ഗയാത്ര.
ബിച്ചു തിരുമലയുേടത് ആസ്വാദക മനസ്സിനോട് ചേർന്നുനിന്ന ഗാനങ്ങൾ –മുഖ്യമന്ത്രി
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അസാധാരണമായ പദസ്വാധീനവും സംഗീതാത്മക ഭാഷാ പ്രയോഗവും കൊണ്ട് ആസ്വാദക മനസ്സിനോട് ചേർന്നുനിന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിേൻറത്.
ചലച്ചിത്ര ഗാനകലയെ ബിച്ചു തിരുമല ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവത്കരിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബിച്ചു തിരുമലയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എം.ബി. രാേജഷ്, മന്ത്രിമാരായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, ആൻറണി രാജു, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി.പി.ഐ കേന്ദ്ര കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്, സംവിധായകരായ ബാലചന്ദ്രമേനോൻ, ലാൽ ജോസ്, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരന്, എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.