ലോസ് ആഞ്ജലസ്: 64ാമത് ഗ്രാമി പുരസ്കാരവേദിയിൽ ഇന്ത്യക്കും അഭിമാന നിമിഷം. ഇന്ത്യൻ വംശജരായ റിക്കി കെജിനും ഫാൽഗുനി ഷാക്കും ഗ്രാമി പുരസ്കാരം. മികച്ച പുതിയ ആൽബം വിഭാഗത്തിലാണ് റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിലാണ് ഫാൽഗുനി ഷായുടെ നേട്ടം.
ലാസ് വെഗാസിൽ നടന്ന പരിപാടിയിൽ തന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാമി പുരസ്കാരത്തിനാണ് റിക്കി കെജ് അർഹനായത്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്‍ലാൻഡിനൊപ്പം സംഗീതം നൽകിയ 'ഡിവൈന്‍ ടൈഡ്‌സ്' ആണ് മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫാൽഗുനി ഷായുടെ 'എ കളർഫുൾ വേൾഡ്' എന്ന ആൽബത്തിനാണ് പുരസ്കാരം.
അമേരിക്കയിലെ നോർത്ത് കരോലൈനയിൽ ജനിച്ച റിക്കി കെജ് എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളുടെ നാടായ ഇന്ത്യയിലെത്തി ബംഗളൂരുവിൽ താമസമാക്കിയതാണ്. ദന്തവൈദ്യം പഠിച്ചെങ്കിലും സംഗീതമാണ് തന്റെ കരിയർ എന്ന് തിരിച്ചറിഞ്ഞ റിക്കി ആ വഴിയിൽ മുന്നേറുകയായിരുന്നു. 2015ൽ 'വിൻഡ് സംസാര' എന്ന ആൽബത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. കോപ്‍ലാൻഡിനൊപ്പം വേദിയിലെത്തിയ റിക്കി സദസ്സിന് 'നമസ്തേ' എന്നഭിവാദ്യം ചെയ്താണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പരിസ്ഥിതി പ്രവർത്തകൻകൂടിയാണ് റിക്കി.
മുംബൈയിൽ ജനിച്ച ഫാൽഗുനി ഷാ ഉസ്താദ് ജയ്പുർ ഖരാനയിൽ സുൽത്താൻ ഖാന്റെ കീഴിൽ സംഗീതം പഠിച്ചശേഷം 2000ത്തിൽ അമേരിക്കയിലേക്കു കുടിയേറി. ഫാലു എന്ന് വിളിപ്പേരുള്ള ഫാൽഗുനിയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കൊറിയൻ മ്യൂസിക് ബാൻഡ് ബി.ടി.എസിന് പുരസ്കാരം നേടാനായില്ല. പാകിസ്താനി ഗായിക അറൂജ് അഫ്താബിന്റെ 'മൊഹബ്ബത്ത്' എന്ന ഗാനവും ഗ്രാമി പുരസ്കാരത്തിന് അർഹമായി. അതേസമയം, ഇന്ത്യൻ ഇതിഹാസ ഗായിക ലത മങ്കേഷ്കറെയും സംഗീതസംവിധായകൻ ബപ്പി ലഹ്‍രിയെയും ഗ്രാമി അവാർഡ് ചടങ്ങിൽ അനുസ്മരിക്കാതിരുന്നതും വിവാദമായി. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.