നെടുങ്കണ്ടം: ഇന്ത്യന്‍ സംഗീത ലോകത്തെ പ്രഗത്ഭ ഗായകരെ ആലാപനത്താൽ ഞെട്ടിപ്പിച്ച് ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ 'സൂപ്പർ സ്റ്റാർസിങ്ങർ 3'യിൽ ജേതാവായി ഇടുക്കി രാമക്കല്‍മേട് സ്വദേശി ബാബുക്കുട്ടന്‍ എന്ന എസ്. ആവിര്‍ഭാവ്. 10 ലക്ഷം സമ്മാനത്തുകയുള്ള ഷോയിലാണ് ഏഴുവയസ്സുകാരന്‍റെ നേട്ടം.
ഏഴ് മുതല്‍ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മുംബെയില്‍ പോയി പാടിയാണ് രണ്ടാംക്ലാസുകാരനായ ഈ കുഞ്ഞു ഗായകന്‍ ജേതാവായത്. ഏഴ് മാസം നീണ്ട മത്സരത്തില്‍ വിധികര്‍ത്താക്കളെ അമ്പരപ്പിച്ച പ്രകടനമാണ് ഈ കുട്ടി ഗായകന്‍ കാഴ്ചവെച്ചത്. 'ഗായകരിലെ ഷാരൂഖ്ഖാന്‍' എന്നാണ് ഈ കുരുന്നിനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്. ആവിർഭാവിനൊപ്പം ഝാർഖണ്ഡ് സ്വദേശിയായ അഥർവ് ബക്ഷിയും ഒന്നാംസ്ഥാനം പങ്കിട്ടു.
'ചിട്ടി ആയിഹേ...' എന്ന ഗാനത്തിലൂടെയാണ് ആവിര്‍ഭാവ് ഏറെ ശ്രദ്ധേയനായത്. ആലാപന മികവുകൊണ്ട് രാജ്യമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ആവിര്‍ഭാവിന് കഴിഞ്ഞു. രാജേഷ്ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ 'കോരാ കാഗസ്...', 'മേരാ സപ്‌നോം കീ റാണി' തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് വിധികര്‍ത്താക്കളുടെ മനസില്‍ ഇടം നേടിയത്.
നിരവധി യുവ ഗായകര്‍ പങ്കെടുത്ത റിയാലിറ്റി ഷോയായ ഫ്ലവേഴ്‌സ് ടോപ് സിംഗറിലും ആവിർഭാവ് മത്സരിച്ചിരുന്നു. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മടങ്ങിപോരേണ്ടി വന്നു.
ഒന്നര വയസുള്ളപ്പോള്‍ സഹോദരിയോടൊപ്പം ഹൈദരാബാദില്‍ സ്‌റ്റേജില്‍ കയറി തെലുങ്കില്‍ സരിഗമ ഷോയില്‍ പാടിയായിരുന്നു തുടക്കം. ബെസ്റ്റ് എന്‍റർടെയിനര്‍ അവാര്‍ഡ് നേടി. അര്‍ജിത് സിങിനെ പോലെ ഒരു ഗായകനാകാനാണ് ആഗ്രഹം. കര്‍ണാടിക്, ഹിന്ദുസ്ഥാനി തുടങ്ങിയവ പഠിപ്പിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.
രാമക്കല്‍മേട് കപ്പിത്താന്‍പറമ്പില്‍ സജിമോന്‍-സന്ധ്യ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ആവിർഭാവ്. സഹോദരി അനര്‍വിന്യയും റിയാലിറ്റിഷോ താരമാണ്. ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടും യൂട്യൂബ് ചാനലുമുണ്ട്. 9.5 ലക്ഷം പേരാണ് യൂട്യൂബിലെ സബ്‌സ്‌ക്രൈബർമാർ.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആവിർഭാവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്‍റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. സഹോദരി അനര്‍വിന്യ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ആവിർഭാവിന്‍റെ കുടുംബം അങ്കമാലിയിലാണ് ഇപ്പോൾ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.