വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച മലയാളത്തിന്‍റെ പ്രിയഗാനരചയിതാവ് ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നടൻ മമ്മൂട്ടി, മോഹൻലാൽ, നടി മഞ്ജു വാര്യർ, ഗായിക സുജാത, സംവിധായകൻ വിനയൻ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നുനിന്നു.
സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിേന്റതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്‍റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമല. ബിച്ചുവിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമലക്ക് ആദരാഞ്ജലികൾ. 'ശ്രുതിയില്‍നിന്നുയരും...', 'തേനും വയമ്പും'..., 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' തുടങ്ങിയ ഗാനങ്ങള്‍ നമുക്കൊരിക്കലും മറക്കാനാകില്ല. നാനൂറിലേറെ സിനിമകളിലും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമല മലയാളത്തിന് സമ്മാനിച്ചത്. പ്രിയകവിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. കുടുംബത്തിന്‍റെയും ആരാധകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു -വി.ഡി. സതീശൻ കുറിച്ചു.
'തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസ രചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരനെർ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിനെർ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയ പ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എനെർ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ' -അനുശോചന സന്ദേശത്തിൽ നടൻ മോഹൻലാൽ പറഞ്ഞു.
'ബിച്ചു ഏട്ടനും യാത്രയായിരിക്കുന്നു. എൺപതുകളിൽ കളം നിറഞ്ഞുനിന്ന പല സംഗീത സംവിധായകരും ഇട്ടുകൊടുത്തിരുന്ന ഈണങ്ങളെ നിമിഷനേരം കൊണ്ട് അർത്ഥ സമ്പൂർണ്ണമായ ലളിതപദങ്ങളാൽ ലാവണ്യപൂരിതമാക്കി ആ ഗാനങ്ങളെ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതമാക്കിയ ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല . എന്നും എന്നോട് ഒരു ഇളയ അനുജനെപ്പോലെ പെരുമാറിയിരുന്ന ബിച്ചു ഏട്ടന്‍റെ വിയോഗ വേളയിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരട്ടെ' - ഗായകൻ ജി. വേണുഗോപാൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.