പൊൻകുന്നം: മലയാള നാടകവേദികളിൽ ജനമനസ്സുകളെ കീഴടക്കി ജൈത്രയാത്ര നടത്തിയ കെ.പി.എ.സി നാടകങ്ങളിലെ നടനും ഗായകനുമായിരുന്ന കെ.പി.എ.സി. രവി 82ന്റെ നിറവിൽ. ഞായറാഴ്ച അദ്ദേഹത്തിന് 81 വയസ്സ് പൂർത്തിയാകും. കെ.പി.എ.സിയുടെ 'തുലാഭാരം' നാടകത്തിൽ വയലാർ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം ചെയ്ത 'സ്വർഗവാതിൽ പക്ഷി ചോദിച്ചു, ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി' പാട്ടുമാത്രം മതി രവിയെ കേരളം എന്നും ഓർക്കാൻ. പൊൻകുന്നത്തിന്റെ സ്വന്തം ഗായകനായ അദ്ദേഹം ഇപ്പോഴും സംഗീതരംഗത്ത് സജീവമാണ്. ഇപ്പോൾ പൊൻകുന്നം സ്വദേശി വിനയ ബോസ് രചിച്ച 'വായിച്ചുതീരാത്ത പുസ്തകം നീ' എന്നുതുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും രവിയാണ്.
ഒരുകാലത്ത് കെ.പി.എ.സിയുടെ മുഖമുദ്രകളിലൊരാളായിരുന്ന നടനും ഗായകനുമായിരുന്ന കെ.എസ്. ജോർജ് കെ.പി.എ.സിയിൽനിന്ന് പിന്മാറി. പാടുന്ന സുന്ദരനെ തേടിയുള്ള തോപ്പിൽ ഭാസിയുടെ അന്വേഷണം അവസാനിച്ചത് എം.ജി. രവിയെന്ന കെ.പി.എ.സി. രവിയിലാണ്. അന്ന് രവി സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ പഠിക്കുകയായിരുന്നു. സംഗീതജ്ഞനായിരുന്ന ചെറുവള്ളി മുണ്ടിയാനിക്കൽ ഗോപാലൻ നായർക്ക് മകനെ തന്റെ വഴിയിൽ അഗ്രഗണ്യനാക്കണമെന്നായിരുന്നു ആഗ്രഹം. തോപ്പിൽ ഭാസി ഏറെ നിർബന്ധിച്ച ശേഷമാണ് അദ്ദേഹം മകനെ നടനും ഗായകനുമാക്കാൻ അനുവദിച്ചത്. 1965 മുതൽ 1972വരെ രവി കെ.പി.എ.സിയുടെ ഭാഗമായി.
കൂട്ടുകുടുംബം, തുലാഭാരം, മാനസപുത്രി, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ എന്നീ നാടകങ്ങളിൽ രവി നടനും ഗായകനുമായി. കെ.പി.എ.സി. ലളിത, കെ.പി. ഉമ്മർ, തിലകൻ എന്നിവർക്കൊപ്പം അഭിനയിച്ചു. കൂട്ടുകുടുംബത്തിലെ 'ദാഹം ദാഹം എന്തൊരു ദാഹം' ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. 1973ൽ പട്ടാഭിഷേകം സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച 'പഞ്ചമി സന്ധ്യയിൽ' ഗാനവും രവിയുടെ സ്വരത്തിൽ കേരളം കേട്ടു .
1941ൽ പൊൻകുന്നത്തിന് സമീപം ചിറക്കടവ് ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന ഗോപാലൻ നായരുടെയും ഗൗരിയമ്മയുടെയും മകനായി ജനിച്ച രവി ചെറുപ്രായത്തിൽ തന്നെ സംഗീത പഠനം ആരംഭിച്ചു. കേരള കലാമണ്ഡലത്തിലെ പ്രഥമ മൃദംഗാധ്യാപകനും സംഗീതജ്ഞനുമായിരുന്ന കലാമണ്ഡലം വാസുദേവനായിരുന്നു ആദ്യ ഗുരു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത ആക്കാദമിയിൽനിന്ന് ഒന്നാംക്ലാസോടെ ഗാനഭൂഷണം പാസായ രവി അവിടെ തന്നെ ഗാന പ്രവീണക്കുചേർന്നു. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ, സംഗീത സംവിധായകൻ രവീന്ദ്രൻ, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, എം.ജി. രാധാകൃഷ്ണൻ, ഡോ. കെ. ഓമനക്കുട്ടി എന്നിവരൊക്കെ അക്കാദമിയിലെ സഹപാഠികളാണ്.
ദക്ഷിണേന്ത്യയിലെ പ്രഗല്ഭ സംഗീതാചാര്യന്മാരായിരുന്ന ശെമ്മാങ്കുടി, ജി.എൻ. ബാലസുബ്രഹ്മണ്യം, നെല്ലായി കൃഷ്ണമൂർത്തി, മാവേലിക്കര വേലുക്കുട്ടൻ നായർ, പാറശ്ശാല പൊന്നമ്മാൾ തുടങ്ങിയവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനം രവിയിലെ സംഗീതത്തെ പ്രഭാപൂരിതമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1969ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1996ൽ സർവിസിൽനിന്ന് വിരമിച്ചു.
മികച്ച നാടക സംഗീത സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (1973), ആറന്മുള ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് ആക്കാദമിയുടെ ഗുരു ശ്രേഷ്ഠ പുരസ്കാരം, പാലക്കാട് സ്വരലയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. കെ.പി.എ.സി രവി നടത്തുന്ന പൊൻകുന്നം സ്വാതിതിരുനാൾ സംഗീത വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് കർണാടക സംഗീതത്തിലേക്കുള്ള വഴികാട്ടിയാണ്. വിജയമ്മയാണ് ഭാര്യ. മക്കൾ: രഞ്ജിനി, രഞ്ജിത, രവിശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.