പാട്ടിന്റെ രാജ​ഹംസം

മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, കന്നഡയുടെ കോകില... കെ.എസ്. ചിത്രക്ക് വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ അതിനെല്ലാമുപരിയായി പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം നമ്മളെ തഴുകിയൊഴുകുന്ന ഗാനനദിയാണ് ചി​ത്ര. പ്രതിഭയും ലാളിത്യവും ഒത്തിണങ്ങിയ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാള്‍. പ്രിയപ്പെട്ട ഗായിക ആരായാലും ചിത്രയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ മലയാളിയുടെ ഒരു ദിനം പൂർത്തിയാകില്ല. കാലമെത്ര ചെന്നാലും മാറ്റമൊന്നുമില്ലാത്ത ആ മധുര സ്വരത്തിന് ഇന്ന് പിറന്നാളാണ്. ആ സ്വരമാധുരിയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ലെന്ന് തെളിയിച്ച് കൊണ്ട് ദൈവം ശ്രുതി ചേർത്തുവെച്ച ആ സം​ഗീതയാത്ര തുടരുകയാണ്.

Full View

1963 ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു കെ.എസ് ചിത്രയുടെ ജനനം. സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണന്‍നായരാണ് പിതാവ്. അമ്മ ശാന്തകുമാരി. ചെറുപ്പം മുതല്‍ക്കേ സംഗീതത്തോട് ഏറെ താല്‍പര്യം പ്രകടിപ്പിച്ചയാളായിരുന്നു ചിത്ര. അഞ്ചാമത്തെ വയസിൽ ആകാശവാണിയിലൂടെയാണ് ചിത്രനാദം മലയാളി ആദ്യം കേള്‍ക്കുന്നത്. 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ് ചിത്രയെന്ന പെണ്‍കുട്ടി ആദ്യമായി ആസ്വാദക ശ്രദ്ധയിലേക്ക് എത്തുന്നത്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെയായിരുന്നു ഉപരിപഠനവും.




 1979ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. മലയാള ​ഗാനങ്ങൾ ആലപിക്കാനായി കേരളത്തിന്റെ പെൺശബ്ദമില്ലാതിരുന്ന കാലം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ​ഗായികമാർ മലയാളത്തിൽ വിലസുന്ന ​കാലത്താണ് ചിത്ര മലയാളിയുടെ ​ശബ്ദമായത്. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച ‘നീ താനാ അന്ത കുയിൽ’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര രാജഹംസമായി. മലയാളനാടിന്‍റെ നാലതിരുകളും കടന്ന് ആ ശബ്ദം ഇതരഭാഷകളിലേക്കും ഒഴുകി.




25000ത്തിലധികം ഗാനങ്ങള്‍, നാല് പതിറ്റാണ്ട് നീണ്ട സംഗീതയാത്രയില്‍ ആറ് ദേശീയ പുരസ്കാരങ്ങള്‍, നിരവധി സംസ്ഥാന അവാർഡുകള്‍, പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ എന്നിവയും ചിത്രയെ തേടിയെത്തി. പല തലമുറകളുടെ ബാല്യ, കൗമാര, യൗവനങ്ങളിലും ജീവിതസായന്തനങ്ങളിലും സ്വരക്കൂട്ടായി ആ ശബ്ദം ഇന്നും അതിമധുരമായി നമ്മുടെ കാതുകളില്‍ തേന്‍മഴ പെയ്യിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT