മൈ ഡിയർ മച്ചാൻസിലൂടെ ഗായകന്‍ മധു ബാലകൃഷ്ണൻ സംഗീത സംവിധാന രംഗത്തേക്ക്

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കാല്‍ നൂറ്റാണ്ടിലേറെയായി തന്‍റെ വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം 'മൈ ഡിയര്‍ മച്ചാനി'ലൂടെയാണ് മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 'പൂമുടിച്ച് പുതുമനെപോലെ

ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും....' പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്. മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്. ഒരു അഗ്രഹാരത്തിന്‍റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണിത്.


ഇത്തരമൊരു ഗാനത്തിന് സംഗീതം നല്‍കാനും ചിത്രച്ചേച്ചിക്കൊപ്പം പാടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു. കവി ശ്രേഷ്ഠനായ രമേശന്‍സാറിന്‍റെ വരികള്‍ക്ക് ഈണം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പിന്നണി ഗാനരംഗത്ത് ഞാന്‍ 25 വര്‍ഷം പിന്നിടുകയാണ്. ഇതിനിടയില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെപോയി. ഈ ഗാനം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്‍റെ അടുത്ത സുഹൃത്ത് സൗണ്ട് എഞ്ചിനീയറായ ഷിയാസാണ് എനിക്ക് ഇങ്ങനെയൊരു സാധ്യതയ്ക്ക് പ്രേരണയായത്. എന്നാല്‍ എനിക്ക് സംഗീതം ഒരുക്കാന്‍ അവസരം നല്‍കി സഹായിച്ചത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാതാവ് ബെന്‍സി നാസര്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബോസാണ്. ബോസിനോട് പ്രത്യേകം നന്ദിയുണ്ട്.വളരെ മനോഹരമായ പാട്ടാണ്. ഇനി ആസ്വാദകര്‍ ആ പാട്ട് ഏറ്റെടുക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. മധു ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്രയും കാലം ആലാപനത്തിലായിരുന്നു ശ്രദ്ധ. ഇനി സംഗീത സംവിധാനത്തിലും ശ്രദ്ധിക്കേണ്ടിവരും. ഇനിയും കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം. മധു ബാലകൃഷ്ണന്‍ വ്യക്തമാക്കി.

യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് മൈ ഡിയര്‍ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ കൂടിയാണ്.

ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ബെന്‍സി നാസര്‍, സംവിധാനം- ദിലീപ് നാരായണന്‍, ഛായാഗ്രഹണം- പി സുകുമാര്‍, കഥ/തിരക്കഥ -വിവേക്, ഷെഹീം കൊച്ചന്നൂര്‍, ഗാനരചന- എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍

Tags:    
News Summary - madhu balakrishnan to compose music for malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.