ന്യൂ ജഴ്സി: ഹിന്ദുസ്ഥാനി വോക്കൽ സംഗീതലോകത്തെ ഇതിഹാസം പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്രാജ് ഓർമയായി. 90 വയസ്സായിരുന്നു. ആറു തലമുറകളിലായി എട്ടു പതിറ്റാണ്ടു നീണ്ട സംഗീതജീവിതത്തിന് അമേരിക്കയിലെ ന്യൂ ജഴ്സിയിലായിരുന്നു അന്ത്യം. പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങളടക്കം സംഗീത ലോകത്തെ ദേശീയവും അന്തർ ദേശീയവുമായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ക്ലാസിക്കൽ ഹിന്ദുസ്ഥാനി വായ്പാട്ട് അവതരിപ്പിക്കുന്ന തലമുറയിലെ അവസാന കണ്ണിയിൽപെട്ട സംഗീതജ്ഞനാണ് പണ്ഡിറ്റ് ജസ്രാജ്.
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവിെൻറ കീഴിലാണ് സംഗീതാഭ്യാസനം തുടങ്ങിയത്. സഹോദരൻ മണിറാമിെൻറ തബലവാദകനായി കുറച്ചുകാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനംനൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യാസനത്തിൽ ശ്രദ്ധയൂന്നി.
അപൂർവമനോഹര ശബ്ദത്തിനുടമയായ ജസ്രാജ്, ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിെൻറ പക്കൽ ഹവേലി സംഗീതത്തിൽ ഗവേഷണം നടത്തി. നിരവധി നവീനതകൾ പരീക്ഷിച്ച അദ്ദേഹം ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ-പെൺ ഗായകർ ഒരേസമയം രണ്ട് രാഗാലാപനം നടത്തുന്ന രീതിയിലെ അദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത് കലാരത്ന, മാസ്റ്റർ ദീനാനാഥ് മേങ്കഷ്കർ അവാർഡ്, ലതാ മേങ്കഷ്കർ പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര കുലപതി വി. ശാന്താറാമിെൻറ മകൾ മധുരയാണ് ഭാര്യ. സംഗീത സംവിധായിക സാരംഗ് ദേവ്, ടെലിവിഷൻ താരം ദുർഗ എന്നിവർ മക്കൾ.
മലയാളി സംഗീതജ്ഞൻ രമേഷ് നാരായണൻ ഉൾപ്പെടെ ലോകമൊന്നടങ്കം ശിഷ്യസമ്പത്തുണ്ട്. അദ്ദേഹത്തോടുള്ള ആദരവായി വ്യാഴത്തിനും ചൊവ്വക്കുമിടയിലെ ചെറിയ ഉപഗ്രഹത്തിന് പണ്ഡിത് ജസ്രാജ് എന്നാണ് പേരിട്ടിരിക്കുന്നത്. ജസ്രാജിെൻറ വിയോഗം ഇന്ത്യൻ സംഗീതലോകത്ത് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.