എസ്.പി.ബിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അപവാദപ്രചരണം അവസാനിപ്പിക്കണം- എസ്.പി ചരൺ

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ മരണത്തിന് ശേഷം ഉണ്ടായ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ എസ്.പി ചരണ്‍. ഇപ്പോഴുണ്ടായ പ്രചാരണങ്ങളെല്ലാം കള്ളമാണെന്നും ദയവായി ഇത് തുടരരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. എസ്.പി.ബിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് അപവാദ പ്രചാരണം തള്ളി ചരണ്‍ രംഗത്തെത്തിയത്.

ആശുപത്രിയിൽ അടക്കാന്‍ പണമില്ലാത്തതിനാൽ എസ്.പി.ബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി അധികൃതർ തയാറായില്ല എന്നായിരുന്നു പ്രചാരണം. തമിഴ്നാട് സര്‍ക്കാരിനോട് സഹായിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ല. ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന തരത്തിലും പ്രചാരണമുണ്ടായി.

'അച്ഛന്റെ വിയോഗത്തില്‍ വേദനിച്ചിരിക്കുന്ന സമയത്ത് പറയാനാവുന്നതാണോ എന്ന് സംശയമുണ്ടെങ്കിലും പറയേണ്ടിവരുന്നു. അദ്ദേഹത്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ചില അപവാദങ്ങള്‍ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ചികിത്സാ ചെലവ് വലിയ തുകയാണെന്നും ബില്‍ ഞങ്ങള്‍ക്ക് അടക്കാനായില്ലെന്നും ഞങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ സഹായിച്ചില്ലെന്നും തുടര്‍ന്ന് ഉപരാഷ്ട്രപതിയെ കണ്ടെന്നും അദ്ദേഹം ഉടന്‍ നടപടി സ്വീകരിച്ചെന്നുമൊക്കെയാണ് പ്രചാരണം.

ഇതെല്ലാം കളളമാണ്. ആളുകള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. എസ്.പി.ബിയുടെ ആരാധകര്‍ ഇങ്ങനെ അപവാദം പറയില്ല. എസ്.പി.ബി ഇങ്ങനെ ആരെയും വേദനിപ്പിക്കുന്ന ആളല്ല. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകളോട് പോലും ക്ഷമിക്കുന്നയാളാണ് അദ്ദേഹം"- ചരണ്‍ പറഞ്ഞു.

ചികിത്സാ ചെലവ് എത്രയാണെന്ന് അറിയാതെയാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നത്. താനും ആശുപത്രി അധികൃതരും സംയുക്തമായി പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കും. ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരുന്നതില്‍ വേദനയുണ്ട്. എം.ജി.എം ആശുപത്രിയുടെ എല്ലാ സേവനങ്ങള്‍ക്കും നന്ദിയുണ്ട്. ദയവുചെയ്ത് അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നും ചരണ്‍ അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.