ബി​സ്മി​ല്ല അ​ബു

പ്രായം മാറിനിൽക്കും അബൂക്ക പാടുമ്പോൾ; മെഹബൂബിന്‍റെ ഗാനങ്ങൾ ആലപിച്ച് 82കാരൻ

മട്ടാഞ്ചേരി: ഗാനാലാപനത്തിന് പ്രായം പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് മട്ടാഞ്ചേരി സ്വദേശി ബിസ്മില്ല അബു. 82ാം വയസ്സിലും വേദികളിൽ കൊച്ചിയുടെ ജനകീയഗായകനായിരുന്ന എച്ച്. മെഹബൂബിന്‍റെ ഗാനങ്ങളുമായാണ് അബു എത്തുന്നത്. മെഹബൂബിനൊപ്പം കല്യാണവീടുകളിൽ പാടിയ അനുഭവസമ്പത്താണ് അബുവിന്‍റെ കൈമുതൽ. മെഹബൂബിന്‍റെ നാടൻ പാട്ടുകൾ കേൾക്കണമെങ്കിൽ അബൂക്കതന്നെ പാടണമെന്നാണ് യുവാക്കൾ പറയുന്നത്.

'ദുഃഖം നീക്കണെ... മക്ക കാട്ടണേ', 'അറിയാമോ കൂട്ടരെ അവറാന്‍റെ പെണ്ണിനെ', 'കുണ്ടാമണ്ടി പെണ്ണാണ് മിണ്ടാൻ ചെന്നാൽ കെണിയാണ്' തുടങ്ങിയ ഗാനങ്ങൾ മെഹബൂബിന്‍റെ ശൈലിയിൽ പാടുമ്പോൾ ആസ്വാദകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

നെട്ടേപറമ്പിൽ ബാവയുടെയും റൊക്കുമ്മയുടെയും മകനായി 1940 ജനുവരി ഒന്നിനാണ് ജനനം. വീട്ടിലെ ദാരിദ്ര്യമാണ് അബുവിനെ പാട്ടിനോട് അടുപ്പിച്ചത്. രണ്ടാം ക്ലാസിൽ പഠനം നിർത്തി. സംഗീതത്തിന്‍റെ നാടായ മട്ടാഞ്ചേരിയിൽ അക്കാലത്തെ ഗായകരായ സീറോ ബാബു, ഐഷ റേഡിയോ തുടങ്ങിയ കലാകാരന്മാരുടെ സഹായിയായി കൂടി. കല്യാണവീടുകളിൽ പാടാൻ അവസരങ്ങൾ കിട്ടി. ഒരുപരിപാടിയിൽ പങ്കെടുത്താൽ എട്ടണ കിട്ടും. ഒരാഴ്ചത്തേക്ക് വീട്ടിൽ അരി വാങ്ങാനാകും. പട്ടിണി മാറും. ആഴ്ചയിൽ ഒരു കല്യാണ പരിപാടിയെങ്കിലും കിട്ടണേ എന്നതായിരുന്നു അക്കാലത്തെ പ്രാർഥന.

17ാം വയസ്സിലാണ് മെഹബൂബിനെ പരിചയപ്പെടുന്നത്. കൊച്ചിയിലെ പ്രമാണിയുടെ വീട്ടിലെ സുന്നത്ത് ചടങ്ങിൽ മെഹബൂബിന്‍റെയും പൊന്നാനി അബൂബക്കറിന്‍റെയും ഗാനമേള വെച്ചിരുന്നു. ഗഫൂർ എന്നയാൾ അബുവിനെ പരിചയപ്പെടുത്തി. ഒരു പാട്ട് പാടാൻ ഭായി അവസരം കൊടുത്തു. മെഹബൂബിന്‍റെ 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' ഗാനംതന്നെ പാടി.

മെഹബൂബ് ഭായി തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. പിന്നീട് പല കല്യാണവീടുകളിലും പാടാൻ അവസരം കിട്ടി. മെഹബൂബിന്‍റെ പാട്ടുകൾ മാത്രമാണ് വേദികളിൽ പാടുന്നത്. അത് പിന്നെ മെഹബൂബിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിയിൽ മെഹബൂബായി വേഷമിടാനും അബുവിനെ സഹായിച്ചു.

അടുത്തിടെയാണ് അംഗീകാരങ്ങൾ തേടി വന്നുതുടങ്ങിയത്. ചാനലുകളിൽ മെഹബൂബിന്‍റെ പാട്ടുകൾ പാടാൻ അവസരം കിട്ടി. ഇടക്ക് ചില സിനിമകളിൽ മുഖം കാണിക്കാനും കഴിഞ്ഞു. മരണം വരെ മെഹബൂബിന്‍റെ പാട്ടുകൾ പാടാൻ കഴിയണമെന്നതാണ് തന്‍റെ ആഗ്രഹമെന്ന് അബു പറയുന്നു. പരേതയായ പത്തായിയാണ് ഭാര്യ. മാഹിൻ, കബീർ, ഷഹീറ എന്നിവർ മക്കളും.

News Summary - The 82-year-old sang Mehboob's songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT