ഗംഗ
കുഞ്ഞുവിരലുകളിൽ വയലിൻ മാന്ത്രികത നിറച്ച കുഞ്ഞു മിടുക്കി സമൂഹമാധ്യമങ്ങളിലെ മിന്നുംതാരമാണ്. മലപ്പുറം-തൃശൂർ ജില്ലകൾ അതിർത്തി പങ്കിടുന്ന വെളിയംകോട് സ്വദേശി ശശിധരന്റെയും കൃഷ്ണവേണിയുടെയും മകൾ ഗംഗയാണ് നാദബ്രഹ്മം തീർത്ത് ആസ്വാദകരുടെ മനം കവരുന്നത്. ഗംഗയുടെ വിഷു വർത്തമാനങ്ങൾ.
വിഷുക്കണി കണ്ടുണർന്ന് കിട്ടുന്ന വിഷുക്കൈനീട്ടം ഇത്തവണ കിട്ടില്ല. ഇത്തവണ വിഷു ദുബൈയിലാകും. അച്ഛനും അമ്മയും അമ്മാവനും വല്യച്ഛനും തുടങ്ങി കൈനീട്ടം തരുന്നവരുടെ നീണ്ടനിരതന്നെയുണ്ട്. ചിലപ്പോൾ കുറെ കാശുണ്ടാകും. എല്ലാം സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അമ്മവീടായ ഗുരുവായൂരാണ് വിഷു ആഘോഷങ്ങൾ ഉണ്ടാവുക. അമ്മാവൻ വിജയകൃഷ്ണന്റെ മക്കളായ ദേവപ്രഭയും ഗൗരിലക്ഷ്മിയും ചേച്ചിമാരും എന്റെ ചേട്ടൻ മഹേശ്വരും കൂടിയായാൽ നല്ല രസമാണ്. നാട്ടിലുണ്ടാവില്ലെങ്കിലും ആദ്യമായി വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് ദുബൈയിൽ ബിസിനസ് നടത്തുന്ന അച്ഛനോടൊപ്പമാണ് ആദ്യയാത്ര.
ഗുരുവായൂരപ്പന്റെ കീർത്തനങ്ങൾ കേട്ടുണർന്നാണ് ഗംഗയുടെ അമ്മ കൃഷ്ണവേണിയുടെ ബാല്യകാലം. നന്നായി പാട്ടുപാടുമായിരുന്നു. എല്ലാ വർഷവും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീത കച്ചേരിയിൽ പങ്കെടുക്കും. വിവാഹം കഴിഞ്ഞ് ഗംഗയെ ഗർഭംധരിച്ചതോടെയാണ് വയലിനിൽ ഒരു കൈനോക്കാൻ തീരുമാനിക്കുന്നത്. ചെെമ്പെ മുരളിയുടെ ശിക്ഷണത്തിലായിരുന്നു പഠനം. പക്ഷേ, അധികകാലം മുന്നോട്ടുപോയില്ല. കൈക്കുഞ്ഞായിരുന്ന ഗംഗക്ക് വയലിൻ സംഗീതം കേൾപ്പിക്കുന്നതും പതിവായിരുന്നു. ഇതിനിടയിലാണ് വീട്ടിലെ വയലിനിൽ കുഞ്ഞുവിരലുകളാൽ ഗംഗ താളം പിടിക്കുന്നത് കണ്ടത്. ബാലഭാസ്കറിന്റെ പരിപാടികൾ മറക്കാതെ കണ്ടിരുന്നതും ഗംഗയെ സ്വാധീനിച്ചിരുന്നു. നാലര വയസ്സു മുതൽ രാധിക ടീച്ചറുടെ കീഴിലായിരുന്നു പരിശീലനം. പിന്നീട് ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് അനിരൂപിന്റെ കീഴിൽ പഠനം. ഇപ്പോൾ എടപ്പള്ളി അജിത്താണ് പരിശീലകൻ. പരിശീലനത്തിന് നീണ്ട യാത്രയാണെങ്കിലും ദൈവികമായി ലഭിച്ച കഴിവിന് മാറ്റുകൂട്ടാനാണ് ശ്രമിക്കുന്നതെന്ന് കുടുംബം പറയുന്നു.
വയലിനിൽ പഠനം പൂർത്തിയാകാത്തതിനാൽ ഗംഗ അരങ്ങേറ്റം കുറിച്ചിട്ടില്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ഗംഗ ആദ്യമായി വേദിയിൽ എത്തുന്നത്. മമ്മിയൂർ ശിവക്ഷേത്രത്തിൽ ഏഴാം വയസ്സിലായിരുന്നു ആദ്യ പരിപാടി. കീർത്തനത്തിന് സദസ്സിൽനിന്ന് ലഭിച്ചത് നിറകൈയടി. ഗുരുവായൂർ ഏകാദശി വിളക്കിന്റെ ഭാഗമായി 2023ൽ നടന്ന പരിപാടിയാണ് വഴിത്തിരിവായത്. ‘നകുമോ’ എന്നുതുടങ്ങുന്ന പാട്ടിന്റേതായിരുന്നു ഈണം. ഇത് ചിത്രീകരിച്ച വിഡിയോ പിതാവ് പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് വേദിയിൽനിന്ന് വേദിയിലേക്കുള്ള യാത്രകൾ. ചെറുതും വലുതുമായി ഇതുവരെ നാനൂറോളം വേദികളിലാണ് ഗംഗ സാന്നിധ്യമറിയിച്ചത്.
ഇതിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരവും ഗംഗയെ തേടിയെത്തി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റിനുള്ള പുരസ്കാരം നൽകിയതാകട്ടെ ഹിന്ദുസ്താനി സംഗീതത്തിലെ പ്രശസ്ത ബാംസുരി വാദകനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും. കഴിഞ്ഞ വർഷം മുംെബെയിലെ ഷൺമുഖാനന്ദസഭയിൽ വെച്ചാണ് ഏറ്റുവാങ്ങിയത്. 2026 വരെ മൂന്നു വർഷത്തേക്കുള്ള ഫെലോഷിപ്പിനും ഗംഗ അർഹയായി.
കൂടെനിൽക്കുന്ന അധ്യാപകർ, കൂട്ടുകാർ, ബിസിനസിൽനിന്ന് അവധിയെടുത്ത് മകളുടെ കലക്ക് പ്രോത്സാഹനവുമായി അച്ഛനും അമ്മയും ഏട്ടനും.
അയിരൂർ ഗവ. യു.പി. സ്കൂളിൽ അടുത്ത വർഷം ഏഴാം തരത്തിലാണ് ഗംഗ. തുടർച്ചയായി പ്രോഗ്രാമുകൾ വരുന്നതിനാൽ യാത്രയിലാണ് ഗംഗയുടെ പഠനം മുഴുവൻ. സംശയങ്ങൾക്ക് ഉത്തരങ്ങളുമായി ഓൺലൈനായി അധ്യാപകർകൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.