കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട നടൻ നിവിൻ പോളിക്ക് പിന്തുണയുമായി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നെന്ന് ആരോപിക്കുന്ന രണ്ട് ദിവസം നിവിൻ പോളി തനിക്കൊപ്പം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലുണ്ടായിരുന്നെന്നാണ് വിനീത് വെളിപ്പെടുത്തിയത്. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്. സിനിമയുടെ ക്ലൈമാക്സ് സീൻ ഷൂട്ടിലായിരുന്നു ഞങ്ങളെല്ലാവരും. 15ന് പുലര്‍ച്ചെ മൂന്ന് വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സെറ്റിൽ ഫോട്ടോ എടുത്ത സ്റ്റിൽസ് നോക്കിയാൽ തീയതി അറിയാനും സാധിക്കും. തെളിവുകൾ നിരവധിയുണ്ട്. യാഥാർഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
വിനീത് ശ്രീനിവാസൻ പറഞ്ഞതിങ്ങനെ:
ഡിസംബർ 14 രാവിലെ മുതൽ നിവിൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. തൃപ്പൂണിത്തുറ നൂക്ലിയസ് മാളിലായിരുന്നു ഷൂട്ട് തുടങ്ങിയത്. എട്ട് മണിയോടെ നിവിൻ ഷൂങ്ങിങ് സെറ്റിൽ എത്തിയിരുന്നു. തിയറ്ററിനകത്തുള്ള ഭാഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ അവസാന ഭാഗങ്ങളായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. അന്ന് ക്രൗഡായി അഭിനയിക്കാൻ വന്ന ആളുകളും അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അത് തെളിയിക്കാൻ പാടുണ്ടാവില്ല. നൂക്ലിയസ് മാളിന് പുറത്തുവെച്ചാണ് നിവിൻ സ്റ്റേജിലേക്ക് വരുന്ന സീനൊക്കെ ഷൂട്ട് ചെയ്തത്. അന്ന് ഉച്ചക്ക് രണ്ടര വരെ നമ്മൾ അവിടെ ഷൂട്ട് ചെയ്തിരുന്നെന്നാണ് എന്റെ ഓർമ. അതിന് ശേഷം ഞങ്ങൾ ക്രൗൺ പ്ലാസയിലേക്ക് ഷിഫ്റ്റ് ചെയ്തു. ഫാർമ എന്ന വെബ് സീരിസിനിടെയിലാണ് നിവിൻ എനിക്ക് ഡേറ്റ് നൽകിയിരുന്നത്. നാല് ദിവസം മാത്രമേ ഡേറ്റ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ നിവിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നേരിട്ട് കോഓഡിനേറ്റ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ തീയതികൾ ഇത്രത്തോളം ഓർമയിൽ നിൽക്കാൻ കാരണം. ഡിസംബർ 1, 2, 3 തീയതികളിൽ നിവിൻ നമുക്കൊപ്പം മൂന്നാറിൽ ഷൂട്ടിനുണ്ടായിരുന്നു. അതിന് ശേഷം 14നാണ് തിരിച്ച് ജോയിൻ ചെയ്തത്. 14 മുതൽ 15 രാവിലെ വരെ ഞങ്ങൾ ഷൂട്ടിലായിരുന്നു. 15ന് രാവിലെ രണ്ടര മണി വരെ ഞങ്ങൾക്ക് ഷൂട്ടുണ്ടായിരുന്നു. അതിന് ശേഷം ഞാനും നിവിനും ഭഗത്തും തുടങ്ങി ഞങ്ങൾ മലർവാടിയിലുള്ള പഴയ ആൾക്കാർ ഒക്കെക്കൂടി സംസാരിച്ച് ഇരുന്നാണ് പിരിഞ്ഞത്. നിവിൻ ക്രൗൺ പ്ലാസയിൽനിന്ന് തിരിച്ച് പോകുമ്പോൾ ഏകദേശം മൂന്നേകാൽ ആയിട്ടുണ്ടാവും. ഫാർമ എന്ന വെബ് സീരീസിന്റെ ഷൂട്ടിനാണ് അവൻ പോകുന്നത് എന്ന് പറഞ്ഞതായാണ് എന്റെ ഓർമ. ഫാർമയുടെ ഷൂട്ട് കേരളത്തിൽ തന്നെയായിരുന്നു. കൃത്യമായ സ്ഥലം ഏതാണെന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല, 14ാം തീയതി മുഴുവൻ ഞങ്ങൾക്കൊപ്പം നിവിൻ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സി.സി.ടി.വി ഫൂട്ടേജുകൾ കിട്ടും. നിവിന്റെ പേരിൽ ക്രൗൺ പ്ലാസയിൽ ഞങ്ങൾ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ സെറ്റിൽ ഫോട്ടോ എടുത്ത സ്റ്റിൽസ് നോക്കിയാൽ തീയതി അറിയാൻ സാധിക്കുമല്ലോ? ഇതെല്ലാം നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. പത്ത് മുന്നൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ എനിക്കൊപ്പം അന്ന് ഷൂട്ടിനുണ്ടായിരുന്നു. 14 മുതൽ 15 വരെ ഞാനുണ്ടായിരുന്നു അവന്റെ കൂടെ. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് എനിക്ക് നൂറ് ശതമാനം ഉറപ്പോടെ പറയാൻ സാധിക്കും. ഇതിൽ മറ്റൊരു വാദത്തിന്റെ ആവശ്യമില്ല. ഇതിനുള്ള തെളിവുകൾ നിരവധിയുണ്ട്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രൊഡ്യൂസറും ആർട്ട് ഡയറക്ടറും ഒക്കെ നമുക്കൊപ്പമുണ്ടായിരുന്നു. അന്നത്തെ ദിവസം പാർവതി ആർ. കൃഷ്ണ എന്ന നടിയും നിവിനൊപ്പം സ്റ്റേജിലുണ്ടായിരുന്നു, ഇവർ ആരോട് വേണമെങ്കിലും നിങ്ങൾക്ക് ഇതിനെക്കുറിച്ച് ചോദിക്കാമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ എറണാകുളം ഊന്നുകൽ സ്വദേശിനിയായ യുവതി നൽകിയ പരാതി. ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബൈയിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകളൊന്നുമില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
അതേസമയം പരാതി വ്യാജമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.