തേനീച്ച-കടന്നല്‍ കുത്തേറ്റ് മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം 10 ലക്ഷം

തിരുവനന്തപുരം :തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം രണ്ട്(എ) ല്‍ വന്യമൃഗം എന്ന നിർവചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റ് ജീവനഹാനി സംഭവിച്ചാലും നല്‍കുക.

വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ 10 ലക്ഷം രൂപയാണ് നല്‍കി വരുന്നത്. തേനീച്ച- കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയാണ് നകുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ നല്‍കും.

വന്യജീവി ആക്രമണം മൂലം പരിക്കേല്‍ക്കുന്ന വ്യക്തികള്‍ക്ക് ചികിത്സ്‌ക്ക് ചെലവാകുന്ന യഥാർഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നല്‍കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചികില്‍സാർഥം ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കും.

തേനീച്ച-കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഉയര്‍ന്നു വന്നിരുന്ന ഒരു ആവശ്യമാണ് ഇപ്പോള്‍ യാഥാർഥ്യമായിരിക്കുന്നത്.

Tags:    
News Summary - 10 lakhs compensation in case of death due to bee-crossing sting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.