മാറഞ്ചേരി: വിവിധ ഭൂഖണ്ഡങ്ങളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘം മാറഞ്ചേരിയിൽ വ്യാപകം. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖല ഉൾപ്പെടുന്ന കോൾപാടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ പക്ഷിവേട്ടയും സജീവമായതായാണ് പരാതി.
കുറെ കാലമായി പ്രകൃതിസംരക്ഷണ പ്രവർത്തകരുടെ ഇടപെടൽ മൂലം നിർത്തിവെച്ച പക്ഷിവേട്ട കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചതായി പരാതി ഉയർന്നത്. പഞ്ചായത്തിലെ താമരശ്ശേരി, മാറാടി, വടമുക്ക് തുടങ്ങിയ മേഖലകളിലാണ് വ്യാപകമായി ഇരണ്ട വർഗത്തിൽപെട്ട പക്ഷികളെയും കരിങ്കൊക്ക്, വെള്ള കൊക്ക് എന്നിവയെയും വേട്ടയാടിയതായി പരാതിയുള്ളത്. നൂറുകണക്കിന് പക്ഷികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം വേട്ടയാടിയതായി പരാതി ഉയർന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസും മാറഞ്ചേരി പഞ്ചായത്തും ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരടങ്ങുന്ന സംഘവും സ്ഥലത്ത് പരിശോധന നടത്തി. വനംവകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് വരും ദിവസങ്ങളിൽ സ്ക്വാഡായി തിരിഞ്ഞ് ഇവിടെ പരിശോധന വീണ്ടും വ്യാപകമാക്കാനും തീരുമാനമുണ്ടായി.
കാലം തെറ്റി പെയ്ത മഴയെ തുടർന്ന് പ്രദേശത്ത് പക്ഷികൾ വിരുന്നെത്തുന്നതും പ്രജനനകാലവും വൈകിയതായാണ് പക്ഷി നിരീക്ഷകർ വിലയിരുത്തുന്നത്. ഇതു കാരണം ഇപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്തിറങ്ങുന്നേയുള്ളൂ. അതിനാൽ പക്ഷികൾ മടങ്ങിപോകാനായിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണ് കണ്ണാടി വലകളും എയർ ഗണ്ണും ഉപയോഗിച്ച് വ്യാപക വേട്ട നടന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ മാറഞ്ചേരി പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി ബോർഡ് ഉടൻ ചേർന്ന് ബോർഡ് രൂപവത്കരിക്കാനും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ രാത്രിയും പകലും പരിശോധന നടത്താനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സമീറ ഇളയേടത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.