അമ്പലത്തറ: മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതാകുന്ന പച്ചപ്പിനെയും താളംതെറ്റുന്ന പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണം ഓര്‍മപ്പെടുത്തുന്നതാണ് ഒരോ പരിസ്ഥിതിദിനവും. കടൽ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തതോടെ തീരങ്ങൾ ഇല്ലാതായ കാഴ്ചയാണ് തലസ്ഥാനത്ത്. കടലിന്റെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടിയതോടെ കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും താളംതെറ്റി.
പാരിസ്ഥിതിക അവസ്ഥ തകിടം മറിയുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് തുറമുഖനിർമാണത്തിനായി വിഴിഞ്ഞം കടല്‍ത്തീരം കോര്‍പറേറ്റ് കമ്പനിക്ക് തീറെഴുതി നല്‍കിയത്. തുറമുഖ നിർമാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ അതിന്റെ പ്രത്യഘാതങ്ങള്‍ തീരത്ത് താമസിക്കുന്നവർ നേരിടാനും തുടങ്ങി.
കിലോമീറ്ററോളം തീരങ്ങളുണ്ടായിരുന്ന പൂന്തുറമുതല്‍ വേളിവരെയുള്ള പ്രദേശത്ത് ഇപ്പോള്‍ പേരിനുപോലും തീരമില്ല. മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയെധികം പരിസ്ഥിതിലോല പ്രദേശമാണെന്നും അവിടെ ഏതൊരുതരത്തിലുള്ള നിർമാണ പ്രവര്‍ത്തനങ്ങൾ പാടില്ലെന്നും നിഷ്കര്‍ഷിച്ചിരുന്നു. രാജ്യത്തെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടുതലുള്ള തീരങ്ങളില്‍ തുറമുഖങ്ങള്‍ നിർമിക്കാന്‍ അനുവാദമില്ല. വലിയരീതിയില്‍ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണ് വിഴിഞ്ഞം എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനെയല്ലാം മറികടന്നായിരുന്നു പദ്ധതി നടത്തിപ്പും നിർമാണവും.
തീരസംരക്ഷണത്തിനായി പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴില്‍ തീരദേശ നിയന്ത്രണ നിയമം കൊണ്ടുവരികയും ഇതില്‍ വ്യവസ്ഥകള്‍ അനുസരിച്ച് രാജ്യത്തിന്റെ കടല്‍തീരത്തെ നാല് വിഭാഗങ്ങളായി തിരിക്കുകയും ചെയ്തിരുന്നു. ഇതില്‍ കേരളത്തിന്റെ 590 കിലോമീറ്റര്‍ വരുന്ന കടൽതീരവും ഇവിടെ അധിവസിക്കുന്ന 7.77 ലക്ഷം മത്സ്യത്തൊഴിലാളികളെയും അവരുടെ 229 ഗ്രാമങ്ങളെയും സംരക്ഷിക്കണമെന്ന് പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു.
കടല്‍ത്തീരങ്ങള്‍ക്കൊപ്പം തീരദേശ പരിസ്ഥിതി സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് അനുയോജ്യമായ പരിസ്ഥിതി സംരക്ഷണത്തിനും മുഖ്യപ്രാധാന്യം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതെല്ലാം അവഗണിച്ചാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ കടലിനെയും തീരങ്ങളെയും ഇല്ലാതാക്കുന്ന നടപടികൾ അധികൃതർ കൈക്കൊള്ളുന്നത്.
പരിസ്ഥിതിയെ തകര്‍ക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച വിമാനത്താവളത്തിന് മുന്നില്‍ മത്സ്യത്തൊഴിലാളി കര്‍ഷക സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും.
പരിസ്ഥിതി പുനഃസ്ഥാപനം; 4.12 ഏക്കറില്‍ പച്ചത്തുരുത്തുകള്‍ നിർമിക്കുന്നു
തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 4.12 ഏക്കര്‍ സ്ഥലത്ത് 115 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഞായറാഴ്ച രാവിലെ 10ന് മന്ത്രി വി. ശിവന്‍കുട്ടി കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ ധനുവച്ചപുരം എന്‍.കെ.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിക്കും.
പാരിസ്ഥിതിക ജൈവ വൈവിധ്യത്തിന്‍റെ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പച്ചത്തുരുത്തുകള്‍. കാര്‍ബണ്‍ തിരികെ അന്തരീക്ഷത്തില്‍ എത്താതെ ദീര്‍ഘകാലം സംഭരിച്ചുെവക്കാനും ഓക്സിജന്‍ അളവ് വർധിപ്പിക്കാനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭ ജലതോത് ഉയര്‍ത്താനും പച്ചത്തുരുത്തുകള്‍ക്ക് സാധിക്കും. വായു ശബ്ദ മലിനീകരണതോത് കുറക്കുന്നതിലും ഇവക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നീര്‍മാതളത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ജില്ലയിലെ നഗര-ഗ്രാമപഞ്ചായത്തുകളിലായി 78 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 340 പച്ചത്തുരുത്തുകള്‍ ഹരിതകേരളം മിഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി പൂര്‍ത്തിയാക്കി.
2022 ഡിസംബറോടെ ജില്ലയില്‍ 500 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.
മൺറോതുരുത്തിന്റെ ദൃശ്യഭംഗി നിലനിർത്താൻ നിംസ് മെഡിസിറ്റി
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ നിംസ് മെഡിസിറ്റി മാനേജ്മെന്റും നിംസ് ഡെന്റൽ കോളജ് വിദ്യാർഥികളുടെ കൂട്ടായ്മയും മൺറോതുരുത്തിൽ പ്ലാസ്റ്റിക് നിർമാർജന പരിപാടി സംഘടിപ്പിക്കുന്നു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലായിയിരിക്കും പരിപാടി. എല്ലാ മാസവും ഒന്നിന് മൺറോതുരുത്തിലെത്തി പ്ലാസ്റ്റിക് ശേഖരിച്ച് നിർമാർജനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.