പാലക്കാട്: സംസ്ഥാനത്ത് ചൂടിനൊപ്പം മാരകമായ അൾട്രാ വയലറ്റ് (യു.വി) വികിരണ പതനം അപകടരേഖ കടന്നിട്ടും ഗൗരവ പഠനമില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യു.വി സൂചിക കഴിഞ്ഞ ദിവസം 11ഉം 12ഉം രേഖപ്പെടുത്തി, റെഡ് അലർട്ടിലായിരുന്നു. 11ന് മുകളിലെ വികിരണങ്ങൾ ആരോഗ്യഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും സമഗ്ര ആഘാത പഠനമുണ്ടാകുന്നില്ല. 2002-2005 ൽ കാർഷിക സർവകലാശാല കാലാവസ്ഥ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യ പഠനം നടന്നത്. ഡോ. പ്രസാദ റാവുവിന്റെയും ഡോ. ഗോപകുമാർ ചോലയിലിന്റെയും പഠനത്തിൽ അൾട്രാവയലറ്റ് രശ്മികൾ വരും വർഷങ്ങളിൽ കൂടുമെന്ന് വ്യക്തമായിരുന്നു. പതിറ്റാണ്ട് പിന്നിട്ടിട്ടും പിന്നീട് കാര്യമായ ആഘാത പഠനങ്ങളൊന്നും നടന്നില്ല.
ആരോഗ്യപ്രശ്നങ്ങൾ
അൾട്രാവയലറ്റ് യു.വി-ബി വികിരണതോത് 11 കടക്കുമ്പോൾ അത് ഏൽക്കുന്നവർക്ക് ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. സൂര്യാതപം, കണ്ണിലെ തിമിരം, ത്വഗ് രോഗങ്ങൾ എന്നിവക്ക് സാധ്യതയുണ്ട്.
ശേഖരിക്കപ്പെടാത്ത കണക്കുകൾ
വർഷം തോറും ചൂടും യു.വി വികിരണതോതും വർധിച്ചുവരുന്നുണ്ടെങ്കിലും കൂടുതൽ പഠനം നടക്കാത്തതിനാൽ കൃത്യമായ ഡേറ്റ ഇതുസംബന്ധിച്ച് എവിടെയുമില്ല. യു.വി വികിരണങ്ങളുടെ ശക്തി അറിയാനായി കഴിഞ്ഞ മൂന്ന് വർഷമായി 14 ജില്ലകളിൽ 14 സ്ഥലത്ത് അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽനിന്നുള്ള റീഡിങ്ങുകൾ എടുക്കുന്നുണ്ടെങ്കിലും അതിൽനിന്നുള്ള സമഗ്ര വിവരശേഖരണമോ ജില്ലകളിലെ വികിരണതോതിന്റെ സ്വഭാവമോ സംബന്ധിച്ച വിലയിരുത്തലോ നടക്കുന്നില്ല. സൂര്യാതപം ഉൾപ്പെടെയുള്ളവയുടെ വിവരശേഖരം എളുപ്പവുമല്ല.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ കണക്കുകൾ മാത്രമാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാതപത്തെ തുടർന്നാണെന്ന് ദേഹത്തെ പാടുകൾ കാണിച്ച് ബന്ധുക്കൾ ആരോപിച്ചെങ്കിലും ഹൃദയസ്തംഭനമെന്ന് ആരോഗ്യവകുപ്പ് വിധിയെഴുതിയിരുന്നു.
"ആപൽക്കരമാംവിധം യു.വി വികിരണം പ്രതിവർഷം കൂടിവരുന്ന പശ്ചാത്തലത്തിൽ, വികിരണം പതിക്കുമ്പോഴുള്ള ആരോഗ്യ-പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് വിവിധ വകുപ്പുകളെയും വിവിധ ഏജൻസികളെയും ഒത്തൊരുമിച്ചുള്ള സമഗ്ര പഠനം ആവശ്യമാണ്. ആരോഗ്യവകുപ്പ്, കാലാവസ്ഥ ഗവേഷണ കേന്ദ്രം, ദുരന്തനിവാരണ അതോറിറ്റി, സർവകലാശാലകൾ, തദ്ദേശസ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഫണ്ടിങ് ഏജൻസികൾ, പബ്ലിക് ഹെൽത്ത് വളന്റിയർമാർ തുടങ്ങി വിവിധ മേഖലകളെ സംയോജിപ്പിച്ചുള്ള സമഗ്ര പഠനമാണ് ആവശ്യം’’-ഗോപകുമാർ ചോലയിൽ - കാലാവസ്ഥ വിദഗ്ധൻ
യു.വി സൂചിക ഉയരുന്നു; ആപത്കരം
കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യു.വി സൂചിക ലെവൽ എട്ടിനും 10നും ഇടയിലായിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും യു.വി വികിരണത്തോത് വളരെ കൂടിയിട്ടുണ്ട്. എന്നിട്ടും അൾട്രാവയലറ്റ് സൂചിക സംബന്ധിച്ച ദൈനംദിന അലർട്ടുകളിലൊതുങ്ങുകയാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.