മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ധാംടിതോല ഒരു പ്രതീക്ഷയാണ്... കാടിനു വേണ്ടി ജീവിക്കുന്ന പച്ചയായ മനുഷ്യർ ഉണ്ടെന്നതിന്‍റെ പ്രതീക്ഷ. കാടിനോട് അടുത്ത ജീവിക്കുന്ന ആളുകൾക്ക് തന്നെ കാടിന്‍റെ സംരക്ഷണച്ചുമതല നൽകണമെന്നതിൽ ഗോണ്ടിയ തരുന്ന പാഠം ചെറുതല്ല. പക്ഷെ ഭൂമി കൈയ്യേറുന്നവർ എക്കാലവും ഈ നിയമത്തെ എതിർത്തിരുന്നു. സാമൂഹ്യ വനാവകാശം (കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റുകൾ-സി.എഫ്. ആർ) പ്രായോഗിക തലത്തിൽ എത്ര വിജയകരമാണ് എന്നതിന് ഉദാഹരണമാണ് ഗോണ്ടിയയിലെ വനസംരക്ഷണം. വനസംരക്ഷണം ഒരു തൊഴിലായി സ്വീകരിച്ചു പോകുമ്പോൾ അതാത് സമൂഹത്തിന്‍റെ ജീവിതസാഹചര്യം തന്നെ മെച്ചപ്പെടുകയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗോണ്ടിയയിൽ ആളുകൾ വനസംരക്ഷണത്തിലേർപ്പെടുമ്പോൾ ഒരു ദിവസം ലഭിക്കുന്നത് 200 രൂപ വേതനമാണ്.
നവംബർ 2020നും 2021 ജൂണിനും ഇടയിലായി ഇന്ത്യയിൽ 3,45,989 കാട്ടുതീകളാണ് സംഭവിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 3,41,025 രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ ഗോണ്ടിയ ജില്ലയുടെ അയൽപക്കമായ ഗദ്ചിരോളിയിലായിരുന്നു. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയാണ് ഗോണ്ടിയ. 2006ലെ വനാവകാശ നിയമപ്രകാരം വിദർഭ മേഖലയിലെ 6500 ഗ്രാമങ്ങൾക്ക് സാമൂഹ്യ വനാവകാശം ലഭിച്ചിരുന്നു. ഇങ്ങനെ രാജ്യത്താകെ 4.7 ദശലക്ഷം ഹെക്ടർ വനഭൂമിയുടെ സംരക്ഷണ ചുമതല 1,00,946 സാമൂഹിക കൂട്ടായ്മകൾക്കായി നൽകപ്പെട്ടിട്ടുണ്ട്.
ഗോണ്ടിയയിൽ മാർച്ച് പകുതി ആകുമ്പോഴേക്കും കാട് പൂക്കാൻ തുടങ്ങും. പഴങ്ങളും വിത്തുകളും മഹുവ പൂക്കളും ശേഖരിച്ച് അവർ വൈനും ആയുർവേദ മരുന്നുകളും ഉണ്ടാക്കും. വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന മരത്തിലെ തെൻടു ഇലകൾ വെച്ച് ബീഡിക്കുറ്റികൾ തെറുക്കും. കാടിനെ പരിക്കേൽപ്പിക്കാതെ മാർച്ച് മുതൽ മേയ് മാസം വരെ അവർ കാടിന്‍റെ വരദാനം ജീവിതോപാധിയായി മാറ്റും. ജൂൺ അവസാനത്തോടെ വീണ്ടും കൃഷിയിലേക്കും കൂലിപ്പണിയിലേക്കും മടങ്ങും.
'ഈ ഭൂമി വനംവകുപ്പിന്‍റേതാണെങ്കിലും കാട്ടു തീ അണയ്ക്കാൻ ഞങ്ങളും ഒപ്പം കൂടാറുണ്ട്. പണ്ടിവിടെ സ്ഥിരമായി കാട്ടുതീ ഉണ്ടാകുമായിരുന്നു. അടുത്തുള്ള കുളത്തിൽ നിന്നും വെള്ളം എടുത്തു കൊണ്ട് ഞങ്ങൾ എല്ലാവരും തീയണയ്ക്കാനായി ഓടും. ഇന്ന് അങ്ങനെയൊരു അവസ്ഥ സംഭവിക്കാതിരിക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട്'- ഗോണ്ടിയിലെ ആദിവാസി യുവാവായ ധൻസിങ് ജംഗ്ലു ദഗ്ഗ പറയുന്നു.
കാടിൻറെ സംരക്ഷകർ ആണെങ്കിലും 2013 വരെ യാതൊരു അവകാശങ്ങളും ഇവർക്ക് ലഭിച്ചിരുന്നില്ല. ഫോറസ്റ്റ് അധികാരികളും ഗ്രാമവാസികളും തമ്മിൽ ഉണ്ടാകുമായിരുന്ന വഴക്കുകൾ പിന്നീട് പൊലീസ് കേസുകളായി വരെ മാറിയിട്ടുണ്ട്. ഇതിനു പരിഹാരമുണ്ടാകുന്നത് 2006ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനാവകാശ നിയമത്തോടെയാണ്. കാടിനോട് ചേർന്ന് താമസിക്കുന്ന സമൂഹത്തിന് വനഭൂമിയിൽ അവകാശം കിട്ടി. പരിസ്ഥിതി മന്ത്രാലയം 2009ൽ നടത്തിയ പഠനം പറയുന്നത്, വനാവകാശ നിയമത്തിലൂടെ ഇത്തരം സമൂഹങ്ങൾ 40 ദശലക്ഷം ഹെക്ടർ വനം സംരക്ഷിച്ചു വരുന്നുവെന്നാണ്. ദഗ്ഗയുടെ ഗ്രാമമായ ധാംടിതോലക്ക് സംരക്ഷണ ചുമതലയായി കിട്ടിയത് 290 ഹെക്ടർ വനഭൂമിയാണ്. ഇതിന്‍റെ പരിചരണ ചുമതല ഗ്രാമസഭകൾക്കും.
'ഞങ്ങൾ ആദ്യമായി ചെയ്തത് കർശനമായ നിയമങ്ങൾ കൊണ്ടുവന്നു എന്നതാണ്. അധികാരത്തോടൊപ്പം ഉത്തരവാദിത്തവും വന്നുകൊള്ളും'- 2013ൽ ഗ്രാമ സഭാംഗമായിരുന്ന മോതിറാം കാളിറാം സായത്തിന്റെ വാക്കുകളാണിത്. പ്രായാധിക്യത്താൽ ഇപ്പോൾ അദ്ദേഹം ഗ്രാമസഭയിൽ സജീവമല്ല.
പണ്ട് ആളുകൾ വ്യവസായ മൂല്യമുള്ള കാട്ടുചെടികൾ വെട്ടി നിർത്തുമായിരുന്നു. കൂടുതൽ ഉത്പാദനത്തിനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഗ്രാമസഭകൾ ഇതിനെതിരെയും രംഗത്ത് വന്നു. വനാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമസഭകളിൽ പരിഷ്കാരങ്ങളുണ്ടായി.
പക്ഷേ ചിലയിടത്തെങ്കിലും ഇതേ നിയമത്തിൻറെ പേരിൽ കാടിനെ മുതലെടുത്തിരുന്ന ഗ്രാമവാസികളും ഉണ്ടായിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ ചെറുക്കുവാൻ ഗ്രാമസഭകൾക്കായി. ഗ്രാമസഭകൾ നിയമങ്ങൾ കടുപ്പിച്ചതിനാൽ വലിയൊരുപരിധിവരെ വനം കൈയ്യേറാതെ സംരക്ഷിച്ചുപോരുന്നു. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉപയോഗിച്ച് ക്ഷേമ പ്രവർത്തനങ്ങളും ഇവർ നടത്താറുണ്ട്.
നിയമം വന്ന കാലത്ത് ധാംടിതോലയിൽ നാലുപേർ ചേർന്നുള്ള സംഘം കാടിന് കാവൽ നിൽക്കുമായിരുന്നു. 2021 ജൂണിൽ ധാംടിതോല ഗ്രാമസഭ വനത്തിന് കാവൽ നിൽക്കുന്നവർക്ക് 3000 രൂപ മാസശമ്പളം നൽകിത്തുടങ്ങി. പുതിയ രീതികളും ആവിഷ്കരിച്ചിട്ടുണ്ട്. വിദർഭ പരിസ്ഥിതി സംരക്ഷണ സമിതിയുടെ സർവേ പ്രകാരം കാട്ടുചെടികളും മരങ്ങളും വെട്ടുന്നത് വിലക്കിയതോടെ 14,638 ഹെക്ടർ വനഭൂമിയാണ് സംരക്ഷിക്കാനായത്. അതായത് ഹെക്ടറിൽ 600 മുതൽ 700 വരെ പുതിയ തൈകൾ 2011 നും 2019 നും ഇടയിലായി വളർന്നുവെന്നർഥം. കത്തിക്കൊണ്ടിരിക്കുന്ന കാടുകളെ സംരക്ഷിക്കാൻ കാടിൻറെ മക്കൾക്ക് എത്രമാത്രം കഴിയുമെന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഗോണ്ടിയ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.