കോഴിക്കോട്: ദീർഘദൂര ദേശാടനത്തിനെത്തുന്ന ഡൺലിൻ പക്ഷികൾ കടലുണ്ടി പക്ഷിസങ്കേതം ഉപേക്ഷിച്ചതായി ഗവേഷകർ. ഏതാനും വർഷങ്ങളായി ഈ പക്ഷികളുടെ വരവ് കുറഞ്ഞിരുന്നു. പ്രധാനപക്ഷി സങ്കേതമായ കടലുണ്ടിയിൽ കഴിഞ്ഞ വർഷം മുതൽ ഇവയെ കാണാതായി. റഷ്യ, സൈബീരിയ കാനഡ, ഐസ്ലൻഡ് , സ്വീഡൻ, ഫിൻലാൻഡ് തുടങ്ങിയ മേഖലകളിലാണ് ഇവയുടെ പ്രജനനം നടക്കുന്നത് എന്നാണ് പഠനം. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ഇവ കടലുണ്ടി, കാപ്പാട്, ചാലിയം വടകര സാൻഡ്ബാങ്ക്സ് മേഖലയിൽ എത്തിയിരുന്നത്. 1980 കളിൽ എല്ലാ സീസണിലും ഇവ കടലുണ്ടിയിലെത്തി. പിന്നീട് ഇവയുടെ വരവിൽ കുറവു വന്നെങ്കിലും തീരെ കാണാതായത് കഴിഞ്ഞ വർഷം മുതലാണ്. ഇതിൽ രണ്ട് പക്ഷികളെ കഴിഞ്ഞ ദിവസം ബേപ്പൂർ കടൽതീരത്ത് കണ്ടെത്തിയതായി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകരായ ടി.ആർ. ആതിര, കെ. ജിഷ്ണു എന്നിവർ പറഞ്ഞു. ഡൺലിൻ പക്ഷികളെ കുറിച്ച അന്വേഷണത്തിലാണ് രണ്ടെണ്ണത്തെ ബേപ്പൂരിൽ കണ്ടെത്തിയത്. ഇതിൽ ഒന്നിന്റെ പാദം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കുന്ന വലയിലോ പ്ലാസ്റ്റിക് മാലിന്യത്തിലോ കുടുങ്ങി പാദം മുറിഞ്ഞതാണെന്നാണ് നിഗമനം.
പ്രധാനമായും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളിൽ കുടുങ്ങിയാണ് പക്ഷികളുടെ ചിറകും കാലും മറ്റും പരിക്കേൽക്കുന്നത്. തയ്യൽ യന്ത്രത്തിന്റെ സൂചിയുടെ ചലനത്തിന് സമാനമായ രീതിയിൽ കൊക്കുകൾ കൊണ്ട് ചെളിപ്പാടങ്ങളിൽ ഇരതേടുന്ന ഡൺലിൻ പക്ഷികൾക്ക് പ്രകൃതിയെ മനുഷ്യർ മലിനമാക്കുന്നതിനാൽ ഭക്ഷണം മുടങ്ങുന്ന അവസ്ഥയാണ്. കടലോരങ്ങളിലും ചെളിപ്പാടങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം തള്ളുന്നത് ജന്തുജാലങ്ങൾക്ക് എത്രമാത്രം ഭീഷണിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് ഡൺലിൻ പക്ഷികളുടെ തിരോധാനം. മണലുറഞ്ഞ ചളിപ്പാടങ്ങളിൽ കൊക്കു താഴ്ത്താൻ കഴിയാതെ വന്നതിനാലാവണം അവ കടലുണ്ടിയെ കൈവിട്ടതെന്നാണ് ഗവേഷകരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.