തൃശൂർ: തൃശൂർ-പൊന്നാനി കോൾനിലങ്ങളിൽ നീർപക്ഷികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ സർവേയിൽ 15,959 പക്ഷികളെ നിരീക്ഷിച്ച സ്ഥാനത്ത് ഇത്തവണ 16,634 പക്ഷികളെ കണ്ടെത്തിയതായി സർവേ കോ ഓഡിനേറ്റർ ഡോ. പി.ഒ. നമീർ അറിയിച്ചു. ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തുടർച്ചയായ 31ാം വർഷമാണ് കോൾപ്പാടത്ത് ജനകീയ പക്ഷി സർവേ നടത്തിയത്.
അടാട്ട്, മനക്കൊടി, ഏനാമാവ്, പുള്ള്-ആലപ്പാട്, പാലക്കൽ, പുല്ലഴി, തൊമ്മാന, കോന്തിപുലം മുരിയാട്, മാറഞ്ചേരി, ഉപ്പുങ്ങൽ തുടങ്ങിയ കോൾപ്രദേശങ്ങളിലാണ് സർവേ നടത്തിയത്. 61 ഇനം തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരി എരണ്ട, നീലക്കോഴി തുടങ്ങിയവയെയാണ് കൂടുതൽ കണ്ടത്.
കോൾ ബേഡേഴ്സ് കലക്ടീവും കേരള കാർഷിക സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സർവേയിൽ വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരുമടക്കം അറുപതോളം പക്ഷി നിരീക്ഷകർ പങ്കെടുത്തു. സി.പി. സേതുമാധവൻ, ഷിനോ ജേക്കബ്, മനോജ് കരിങ്ങാമഠത്തിൽ, വിവേക് ചന്ദ്രൻ, ലതീഷ് ആർ. നാഥ്, കെ.സി. രവീന്ദ്രൻ, മിനി ആന്റോ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, സെസ്രുദ്ദീൻ, പ്രശാന്ത്, സുബിൻ മനക്കൊടി തുടങ്ങിയവർ നേതൃത്വം നൽകി.
സർവേയിൽ ശേഖരിച്ച വിവരങ്ങൾ ഇ-ബേഡ് (www.ebird.org) എന്ന പോർട്ടൽ വഴി വെറ്റ്ലാന്റ് ഇന്റർനാഷനലിനും പക്ഷികളുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർക്കും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.