നൂറുകണക്കിന് വലിയ ‘പാവ മൃഗങ്ങൾ’ ചുട്ടുപൊള്ളുന്ന മധ്യ ആഫ്രിക്കയിൽനിന്ന് തണുത്തുറഞ്ഞ ആർട്ടിക് സർക്കിളിലേക്ക് 20,000 കിലോമീറ്റർ യാത്ര ആരംഭിച്ചു. ‘ദ ഹെർഡ്സ്’ എന്ന് പേരിട്ട ആ യാത്രക്കു പിന്നിൽ ഒരു വലിയ ലക്ഷ്യമുണ്ട്. മാറുന്ന കാലാവസ്ഥ ഭൂഗോളത്തിനേൽപിക്കുന്ന പരിക്കിന്റെ ആഴത്തെക്കുറിച്ച് ലോകത്തോടു സംവദിക്കാനാണിത്.
ആഫ്രിക്കയിലെ കിൻഷാസയും ലാഗോസും ഇതിനകം സന്ദർശിച്ച ‘ദി ഹെർഡ്സ്’ എന്ന കലാ സംഘം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നാല് മാസത്തിനുള്ളിൽ 20 നഗരങ്ങളിലേക്ക് സഞ്ചരിക്കും.
മനുഷ്യാവകാശങ്ങളുടെ പ്രതീകമായി മാറിയ ഒരു സിറിയൻ പെൺകുട്ടിയുടെ ഭീമൻ പാവയായ ‘ലിറ്റിൽ അമലി’ന്റെ പിന്നിൽ പ്രവർത്തിച്ചവരാണിവർ. ഫലസ്തീൻ നാടകകൃത്തും സംവിധായകനുമായ അമീർ നിസാർ സുവാബി സഹസ്ഥാപകനായ, ‘ദി വാക്ക്’ പ്രൊഡക്ഷൻസ് ആണ് 12 അടിയുള്ള ‘ലിറ്റിൽ അമലി’നെ ലോകത്തിന് പരിചയപ്പെടുത്തിയത്. അവാർഡ് നേടിയ ഈ പദ്ധതി 2021ൽ ‘ലിറ്റിൽ അമലുമാ’യി തുർക്കിയിൽനിന്ന് യു.കെയിലേക്ക് സഞ്ചരിച്ച് 17 രാജ്യങ്ങളിലെ 2 ദശലക്ഷം ആളുകളിലേക്ക് സന്ദേശമെത്തിച്ചു.
നിർബന്ധിത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന അഭയാർത്ഥികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലിറ്റിൽ അമലിന്റെ യാത്രയുടെ തുടർച്ചയായാണ് ‘ദി ഹെർഡ്‌സി’നെക്കുറിച്ച് സുവാബി സംസാരിച്ചത്. ‘ദി ഹെർഡ്‌സ്’ പരിസ്ഥിതി അടിയന്തരാവസ്ഥ ചർച്ച ചെയ്യുന്നതിനും കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സ്വന്തം നിലയിൽ പരിപാടികൾ ആരംഭിക്കാൻ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ഏപ്രിൽ 10ന് കോംഗോയിലെ കിൻഷാസയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നാലു ദിവസത്തെ പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് ‘ഹെർഡ്‌സി’ന്റെ യാത്ര ആരംഭിച്ചു. തൊട്ടടുത്ത ആഴ്ച അത് നൈജീരിയയിലെ ലാഗോസിലെത്തി. അവിടെ 60ൽ അധികം പാവകൾ അവതരിപ്പിച്ച പരിപാടികളിൽ 5,000 ത്തോളം പേർ പങ്കെടുത്തു.
ശേഷം സെനഗലിലെ ഏറ്റവും തിരക്കേറിയ മെഡിനയിലെത്തുമ്പോൾ 40 ലധികം പാവ സീബ്രകൾ, വൈൽഡ്‌ബീസ്റ്റ്, കുരങ്ങുകൾ, ജിറാഫുകൾ, ബാബൂണുകൾ എന്നിവയാൽ നിറയും. അവിടെ സെനഗലിൽ താമസിക്കുന്ന വലിയ ശിൽപങ്ങൾക്ക് പേരുകേട്ട ബെൽജിയം വംശജനായ കലാകാരൻ ഫാബ്രിസ് മോണ്ടീറോയുടെ ഒരു സൃഷ്ടിയെ അവർ കണ്ടുമുട്ടും. തുടർന്ന് ഈ പാവകൾ എൻഗോർ എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ഒരു പരിപാടിയുടെ ഭാഗമാകും.
കേപ് ടൗണിലെ ‘ഉക്വാണ്ട പപ്പട്രി ആൻഡ് ഡിസൈൻസ് ആർട്ട് കളക്ടീവ്’ ആണ് പുനഃരുപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ച് മൃഗ പാവകളുടെ ആദ്യ സെറ്റ് സൃഷ്ടിച്ചത്. എന്നാൽ, ഓരോ സ്ഥലത്തും ഉക്വാണ്ട നൽകുന്ന പ്രോട്ടോടൈപ്പുകൾ ഉപയോഗിച്ച് സ്വന്തം മൃഗങ്ങളെ എങ്ങനെ നിർമിക്കാമെന്ന് പ്രാദേശിക വളന്റിയർമാരെ പഠിപ്പിക്കുന്നു. പദ്ധതിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ആളുകളിൽ നിന്ന് ഇതിനകം തന്നെ വലിയ തോതിലുള്ള അപേക്ഷകൾ ഉണ്ടായി. ഡാക്കറിൽ 300ലധികം കലാകാരന്മാർ കലാകാരന്മാരായും പാവ ഗൈഡുകളായും 80 റോളുകളിലഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. പദ്ധതിയുടെ കാലയളവിൽ 2,000 പേരെ പാവകൾ നിർമിക്കാൻ പരിശീലിപ്പിക്കും.
ശാസ്ത്രീയ വസ്തുതകൾ കൊണ്ടല്ല വികാരങ്ങൾ കൊണ്ടാണു ഇത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക -ദി ഹെർഡ്‌സിന്റെ സെനഗൽ കോഡിനേറ്റർ സാറാ ഡെസ്ബോയിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.