പള്ളുരുത്തി: പതിവ് തെറ്റിക്കാതെ കുമ്പളങ്ങിക്ക് നയന മനോഹര കാഴ്ചയൊരുക്കി ഇക്കുറിയും വിവിധയിനം ദേശാടന പക്ഷികൾ കൂട്ടത്തോടെയെത്തി. കുമ്പളങ്ങി - ചെല്ലാനം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടശേഖരത്തിലാണ് പെലിക്കൻ, പെയ്ന്റഡ് സ്റ്റാർക്ക്, ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റാർക്ക് ഇനത്തിൽപ്പെട്ട ദേശാടന പക്ഷികൾ എത്തിയത്. പത്ത് വർഷത്തോളമായി സ്ഥിരമായി ഇവിടെ ദേശാടന പക്ഷികൾ എത്താറുണ്ട്.
രണ്ട് വർഷം മുമ്പ് പെലിക്കനുകൾ (പുള്ളിച്ചുണ്ടൻ കൊതുമ്പനം) തെങ്ങിനു മുകളിൽ കൂടു കൂട്ടി മുട്ടയിടുകയും കുഞ്ഞുങ്ങൾ വിരിയുകയും ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പെലിക്കനിഡെ കുടുംബത്തിൽപ്പെട്ട ജല പക്ഷികളുടെ വർഗമാണ് പെലിക്കനുകൾ. ഇവ പറക്കുകയും നീന്തുകയും ചെയ്യും. കേരളത്തിൽ ഇവ വർണ കൊക്കുകൾ എന്നും പൂത കൊക്കെന്നും അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളിൽ സുന്ദരൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളിൽ റെഡ് ലിസ്റ്റിലാണ് ഈ പക്ഷികൾ. പല സീസണുകളിലായി വിവിധയിനം പക്ഷികൾ എത്തുന്ന കുമ്പളങ്ങിയിലെ ഈ പ്രദേശം വനം വകുപ്പിന്റെ സംരക്ഷണത്തിലാണ്. ഏക്കറുകണക്കിന് ചതുപ്പു നിലവും ആളൊഴിഞ്ഞ പ്രദേശവുമായതിനാലാണ് പാടശേഖരത്തിലേക്ക് കൂടുതൽ പക്ഷികൾ എത്തുന്നത്. കഴിഞ്ഞവർഷം രാജ ഹംസങ്ങളും കുമ്പളങ്ങിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.