തിരുനാവായ: റെഡ് ഡേറ്റാ ലിസ്റ്റിൽ ഉൾപ്പെട്ട വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) നീർ പക്ഷികൾക്ക് പേരുകേട്ട തിരുനാവായയിൽ കൂടുവെച്ചതിൽ വർധനവ് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഇവരുടെ ജില്ലയിലെ ഏക കോളനി ഇവിടെയാണ്. രണ്ടുവർഷം മുമ്പ് തിരുനാവായയിലെ പല്ലാർ ഭാഗത്ത് ചെറിയ തോതിൽ കൂട് വെച്ച് തുടങ്ങിയതായി ജന്തു ശാസ്ത്ര അധ്യാപിക ഡോ. ബിനു ചുള്ളകാട്ടിൽ കണ്ടെത്തിയിരുന്നു.
ഇവിടെയുള്ള താമരക്കായലുകളിൽ വർഷം മുഴുവൻ വെള്ളക്കെട്ട് കാരണം ജലജീവികളുടെ വർധനവും വിവിധ സമയങ്ങളിലായി നെൽകൃഷിക്കായി നിലം ഉഴുമ്പോഴും ഇവയുടെ ഭക്ഷണം വേണ്ടപോലെ ഇവിടെ ലഭിക്കുന്നതിനാലാണ് ഇവരെ ഇവിടേക്ക് ആകർഷിക്കുന്നത്. പക്ഷി പ്രേമികൾക്ക് ഇത് മനോഹര കാഴ്ചയാണ്. നീളമുള്ളതും വളഞ്ഞതുമായ കറുത്ത ചുണ്ടുകളുള്ള ഇവയുടെ ചിറകിന് വെളുത്ത നിറമാണ്. കൂട്ടമായാണ് ഇവ ഇരതേടുന്നതും സഞ്ചരിക്കുന്നതും.
ആഗസ്റ്റ് മാസത്തോടെ കൂട് വെക്കാൻ തുടങ്ങും. ഈ വർഷം തിരുനാവായ എടക്കുളം ഭാഗങ്ങളിലായി ഇവയുടെ മുപ്പതിലധികം കൂടുകൾ കണ്ടെത്താൻ കഴിഞ്ഞതായി പക്ഷി ഗവേഷകയും കേരള ഹെറോൺറി സർവേ ജില്ല കോഓഡിനേറ്ററുമായ ശ്രീനില പറയുന്നു. ചതുപ്പുകൾ, പാടങ്ങൾ, തടാകങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിനായി ഇവ എത്തുന്നു.
റെഡ് ഡാറ്റാ ബുക്കിൽ സംരക്ഷണം കൂടുതൽ ആവശ്യമുള്ള നിയർ ത്രണ്ടന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഈ വിഭാഗത്തിന് ഇവയുടെ വാസസ്ഥലം തകരാതിരിക്കാനും കൂടുതൽ സുരക്ഷ നൽകാനും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പക്ഷിനിരീക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപെട്ടു.
വംശനാശ ഭീഷണി നേരിടുന്ന ചേരാക്കോഴികളും (ഓറിയന്റൽ ഡാർട്ടർ) ഇവിടെ കൂടു വെച്ച് വരുന്നുണ്ട്. കൂടാതെ ഓപൺ ബിൽഡ്സ്റ്റോർകിന്റെ (ചേരാകൊക്കൻ) കേരളത്തിലെ ഏറ്റവും കൂടുതൽ കൊറ്റില്ലങ്ങൾ കാണുന്നത് ഇവിടെയാണ്.
ഇവ കൂടാതെ ചെമ്പൻ അരിവാൾ കൊക്കുകൾ, വർണകൊക്കുകൾ, താമരക്കോഴികൾ, പെരുമുണ്ടി, ചിന്നമുണ്ടി, ചെറുമുണ്ടി, കാലിമുണ്ടി, നീർകാക്കകൾ, നീലക്കോഴി, ചാരമുണ്ടി, കന്യാസ്ത്രീ കൊക്ക്, പാതിരാകൊക്ക്, കുളകൊക്ക്, നീർകാടകൾ തുടങ്ങിയ നീർപക്ഷികൾ ഇവിടങ്ങളിൽ പല സമയങ്ങളിലായി കണ്ടുവരുന്നു. പക്ഷിവേട്ട തടയാനായി പരിസ്ഥിതി സംഘടനയായ റീ എക്കൗയുടെ നിരന്തര ഇടപെടൽ മൂലം ഇപ്പോൾ ഇവിടെ ഫോറസ്റ്റ് വാച്ചറുടെ നിരീക്ഷണം നിത്യവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.