ചെല്ലാനം ഗ്രാമത്തെ സുരക്ഷിതമാക്കിയ ടെട്രാപോഡ് നിര്‍മാണം 71 ശതമാനം പൂര്‍ത്തിയാക്കിയെന്ന് പി. രാജീവ്

കൊച്ചി: ചെല്ലാനം ഗ്രാമത്തെ സുരക്ഷിതമാക്കിയ ടെട്രാപോഡ് നിര്‍മാണം 71 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി പി. രാജീവ്. ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ നിലവില്‍ കടല്‍ ക്ഷോഭ ഭീഷണിയില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ കടല്‍ ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. 98,000 ടെട്രാപോഡുകള്‍ ഇതുവരെ നിര്‍മിച്ചു. ഇതില്‍ 95,000 ടെട്രാപോഡുകള്‍ സ്ഥാപിച്ചു.

ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് വേണ്ടി പ്രൊജക്റ്റ് മാനേജ്മെന്റ് യൂനിറ്റാണ് ചെല്ലാനത്ത് ടെട്രാപോഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കടല്‍ തീര സംരക്ഷണ പദ്ധതികള്‍ ഏറ്റെടുക്കുകയാണ് യൂനിറ്റിന്റെ ലക്ഷ്യം. കിഫ്ബിയുടെ ധനസഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡുകള്‍ നിര്‍മ്മിക്കുന്നത്. ടെട്രാപോഡ് നിര്‍മാണത്തിനായി എരമല്ലൂരില്‍ കോണ്‍ക്രീറ്റ് മിക്സിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. വാക് വേ നിര്‍മാണവും പുരോഗമിക്കുന്നു. ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിന് സംരക്ഷണമാകും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും.

ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കും. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിന് മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണ് കടല്‍ ഭിത്തി നിര്‍മ്മാണം. ഇതിനു മുകളിലായി മൂന്ന് മീറ്റര്‍ വീതിയിലാണ് നടപ്പാത നിര്‍മ്മിക്കുന്നത്.

ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലാണ് ടെട്രാപോഡ് നിര്‍മാണം. കടല്‍ ക്ഷോഭം കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - P. Rajiv said that 71 percent of the construction of tetrapod which secured Chellanam village has been completed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.