𝑫𝒓𝒂𝒗𝒊𝒅𝒂𝒄𝒓𝒊𝒔 𝒂𝒏𝒏𝒂𝒎𝒂𝒍𝒂𝒊𝒄𝒂

തലയുയർത്തിപ്പിടിച്ചൊരു പുൽച്ചാടി വർഗം; ദ്രാവിഡരുടെ പേര് നൽകി ഗവേഷകർ

കോഴിക്കോട്: തമിഴ്നാടിന്‍റെ കിഴക്കൻ മേഖലയിൽ നിന്ന് കണ്ടെത്തിയ, ഉയർന്ന ശീർഷകത്തോടെയുള്ള പുൽച്ചാടി വർഗത്തിന് 'ദ്രാവിഡാക്രിസ് അണ്ണാമലൈക്ക' (𝑫𝒓𝒂𝒗𝒊𝒅𝒂𝒄𝒓𝒊𝒔 𝒂𝒏𝒏𝒂𝒎𝒂𝒍𝒂𝒊𝒄𝒂) എന്ന് പേര് നൽകി ഗവേഷകർ. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഡോ. ധനീഷ് ഭാസ്കര്‍ (ഐ.യു.സി.എന്‍, ഗ്രാസ്ഹോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി), എച്ച്. ശങ്കരരാമന്‍ (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ പുല്‍ച്ചാടി ജനുസിനെ കണ്ടെത്തിയിരിക്കുന്നത്.

തമിഴ്നാട് ചിദംബരം അണ്ണാമലൈ നഗറിൽ നിന്നാണ് ഗവേഷകർ പുതിയ പുൽച്ചാടി വർഗത്തെ കണ്ടെത്തിയത്. ദ്രാവിഡ ഭൂമിയിൽ നിന്ന് കണ്ടെത്തിയതുകൊണ്ടാണ് പുൽച്ചാടിക്ക് 'ദ്രാവിഡാക്രിസ് അണ്ണാമലൈക്ക' എന്ന് പേര് നൽകിയതെന്ന് സംഘത്തിലെ ഡോ. ധനീഷ് ഭാസ്കർ പറഞ്ഞു.



(ഗവേഷണ സംഘത്തിലെ ഡോ. ധനീഷ് ഭാസ്കര്‍, എച്ച്. ശങ്കരരാമന്‍, നികോ കസാലോ എന്നിവർ)

 

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ വരണ്ട കാടുകളിൽ കാണപ്പെടുന്ന അപൂർവയിനം പുൽച്ചാടിയാണിത്. മുമ്പോട്ട് പൊങ്ങിനിൽക്കുന്ന നെറ്റിഭാഗത്തോടെയുള്ളതാണ് പുൽച്ചാടി. ഇവ വംശനാശഭീഷണിയിലാണോയെന്ന പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊമ്പിന്‍റെ ആകൃതി, കൊമ്പ് വികസിപ്പിച്ച രീതി, മീഡിയൽ, മീഡിയൻ കരീന (പുറം ഭാഗത്ത് നടുവിലൂടെ ഉള്ള വര), പ്രൊട്ടോട്ടത്തിന്‍റെ (പുറം കഴുത്ത്) മുൻവശത്തെ അരികിന്‍റെ ആകൃതി എന്നിവയാൽ മറ്റ് പുല്‍ച്ചാടി ജനുസുകളില്‍ നിന്ന് പുതുതായി കണ്ടെത്തിയ ദ്രാവിഡാക്രിസ് വ്യത്യസ്തമാണ്.

പുല്‍ച്ചാടികളുടെ വംശാവലിയെ കുറിച്ചുള്ള പഠനം ഇന്ത്യയില്‍ തുടരുന്നതിനിടെയില്‍ ഒരു പുതിയ പുല്‍ച്ചാടി ജനുസിനെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ധനീഷ് ഭാസ്കര്‍ പറഞ്ഞു.



(ഡോ. ധനീഷ് ഭാസ്കർ)

നേരത്തെ, ശ്രീലങ്കയിൽ 116 വർഷത്തിന് ശേഷം കണ്ടെത്തിയ പുതിയ പുൽച്ചാടി വർഗത്തിന് ധനീഷ് ഭാസ്കറിന്‍റെ പേരാണ് നൽകിയിരുന്നത് -ലാഡോണോട്ടസ് ഭാസ്കരി (Cladonotus Bhaskari). ഇന്ത്യയിലെ പുൽച്ചാടി ഗവേഷണത്തിൽ നിർണായക പഠനങ്ങൾ നടത്തിയ ഡോ. ധനീഷ് ഭാസ്കറിനുള്ള അംഗീകാരമായിരുന്നു ഈ പേരിടൽ.

Tags:    
News Summary - researchers named the new locust after Dravidians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.