മൊണാർക്ക് ചിത്രശലഭങ്ങൾക്ക് ഭീഷണി ; പ്രത്യേക സംരക്ഷണത്തിനൊരുങ്ങി അമേരിക്ക

ഒരുകാലത്ത് വടക്കേ അമേരിക്കയിൽ ധാരാളമായി കണ്ടുവന്നിരുന്ന മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം ഇന്ന് വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, അതിശൈത്യം, കീടനാശിനികളുടെ വ്യാപക ഉപയോഗം എന്നിവയാണ് ഇവയുടെ എണ്ണം കുറയുന്നതിന് കാരണം. കഴിഞ്ഞ 30 വർഷത്തിനിടയിൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും എണ്ണം കുറയുമെന്നാണ് മുന്നറിയിപ്പ്.

വംശനാശഭീഷണി നേരിടുന്ന ഈ ചിത്രശലഭങ്ങളെ പ്രത്യേക പരിഗണന നൽകി സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്‍ഡാന്‍ജേഡ് സ്പീഷിസ് ആക്ടില്‍ (വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമം) ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കാനാണ് രാജ്യം ആലോചിക്കുന്നത്. ഇതിനായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസ്.

2022-ലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് മൊണാർക്ക് ചിത്രശലഭങ്ങളെയും ഉൾപ്പെടുത്തിയത്. കറുപ്പ്, ഓറഞ്ച് നിറങ്ങളിൽ കാണപ്പെടുന്ന ഈ ചിത്രശലഭങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്.

വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശത്ത് 1980 മുതൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. എന്നാൽ 95 ശതമാനമാണ് പടിഞ്ഞാറൻ മേഖലയിൽ കുറഞ്ഞത്. കൃത്യമായ ഇടപെടലുകൾ നടത്തി സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ ചിത്രശലഭങ്ങളുടെ എണ്ണം ഇനിയും കുറയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Tags:    
News Summary - Threats to Monarch Butterflies; America prepares for special protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.