മൂന്ന് സംസ്ഥാനങ്ങളിലെ അലച്ചിലിനൊടുവിലും ‘സീനത്ത്’ ആരോഗ്യവതി

കൊൽക്കത്ത: ഒഡിഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ട് ആഴ്ചകൾക്കുശേഷം പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിൽ പിടിയിലായ പെൺകടുവ ‘സീനത്ത്’ ഇപ്പോൾ ആരോഗ്യവതിയാണെന്നും ആശുപത്രിയിൽ വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ. ഞായറാഴ്ച ഉച്ചയോടെ ബങ്കുറയിൽ വെച്ച് മയക്കിയശേഷം പിടികൂടിയ മൂന്ന് വയസ്സുള്ള കടുവയെ അർധരാത്രിയോടെ അലിപൂർ മൃഗശാല വെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സിമിലിപാൽ വിട്ടശേഷം ‘സീനത്ത്’ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ എന്നിവയുടെ അതിർത്തികളിലൂടെ 300 കിലോമീറ്ററിലധികം സഞ്ചരിച്ചു. പിടികൂടുന്നതിന്റെ അടുത്ത ദിവസങ്ങളിൽ കുറച്ച് ദൂരമേ യാത്ര ചെയ്തിരുന്നുള്ളൂവെന്നും അവൾ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ടായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസംബർ ആദ്യവാരത്തിലാണ് ഒഡിഷയിലെ സിമിലിപാൽ റിസർവ് ഫോറസ്റ്റിൽ നിന്ന് പെൺകടുവ രക്ഷപ്പെട്ടത്. പിടികൊടുക്കാതെ മൂന്ന് ആഴ്ച​യാണ് അധികൃതരെ സീനത്ത് ചുറ്റിച്ചത്. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും സീനത്തിനെ കണ്ടെത്താനായില്ല. കെണിക്കൂടുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും പകരം കാട്ടിലേക്ക് വഴിതെറ്റിയെത്തിയ ആടുകളെ കൊല്ലുകയും ചെയ്തു. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയെങ്കിലും നിബിഡവനങ്ങൾ വെല്ലുവിളിയുയർത്തി. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജി.പി.എസ് ട്രാക്കർ വഴി കടുവ ബങ്കുര ജില്ലയിലെ ഗോപാൽപൂർ വനത്തിലാണെന്ന് കണ്ടെത്തി. തുടർന്ന് മയക്കിയശേഷം പിടികൂടുകയായിരുന്നു.

21 ദിവസമായി ഒളിച്ചോടിക്കൊണ്ടിരുന്നതിനാലുള്ള മാനസിക സമ്മർദവും ആഘാതവും ഒഴികെ അവളുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആഴ്ചകളായി കറങ്ങിയ സ്ഥലങ്ങളിൽ വേണ്ടത്ര ഇരകളെ ലഭിക്കാത്തതിനാൽ കാര്യമായ ഭക്ഷണം ലഭിച്ചില്ല. കൂടാതെ, പിടികൂടാൻ കഴിയാത്തതിനാൽ വനംവകുപ്പിന് മയക്കേണ്ടിയും വന്നു. അതിനാൽ സുഖം പ്രാപിക്കാൻ സമയം ആവശ്യമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങൾ അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കടുവയെ സിംലിപാലിലേക്ക് എപ്പോൾ തിരിച്ചയക്കുമെന്നത് പറയാനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അലിപൂർ മൃഗശാലയിൽ എത്തിയ സീനത്തിന് എരുമയുടെ ഇറച്ചിയാണ് ഭക്ഷണമായി നൽകിയത്.

കടുവയെ പിടികൂടിയ വനം വകുപ്പ് അധികൃതർക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദി അറിയിച്ചു. സീനത്തിനെ പിടികൂടി കൂട്ടിലാക്കുന്ന വിഡിയോയും അവർ ‘എക്സി’ൽ പോസ്റ്റ് ചെയ്തു.

Tags:    
News Summary - After capture in Bankura, Tigress taken to Kolkata zoo vet hospital, in good health: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.