തീരശോഷണം പഠിക്കാന്‍ സമരസമിതി നിർദേശിക്കുന്ന രണ്ട് ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുഖമുഖ പദ്ധതിയുമായി ബന്ധപ്പെട്ട തീരശോഷണം പഠിക്കാന്‍ സമര സമിതി നിർദേശിക്കുന്ന രണ്ട് ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്ന് വി.ഡിസതീശൻ. അക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് തടസമാണുള്ളതെന്നും നിയമസഭയിൽ സതീശൻ ചോദിച്ചു. ആ വിഷയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.

140 ദിവസമായി സംഘര്‍ഷഭരിതമായ സമരം നടന്നിട്ടും സമരക്കാരുമായി ചര്‍ച്ച ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണം. സമരം എത്രയും വേഗം തീരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. അല്ലാതെ സംഘര്‍ഷത്തില്‍ നിന്നും ചോര കുടിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. പുനരധിവാസത്തിന് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് യു.ഡി.എഫ്. ജീവന്‍ കൊടുത്തും അവരെ പിന്തുണയ്ക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും.

സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി പരിശ്രമിക്കണമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുള്ളത്. ആദിവാസികളെ പോലെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്നൊരു ജനതയാണ് മത്സ്യത്തൊഴിലാളികള്‍. തീരപ്രദേശങ്ങളിലെല്ലാം പട്ടിണിയാണ്. തീശോഷണവും അതേത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്നതും മത്സ്യലഭ്യതയുടെ കുറവും മണ്ണെണ്ണയുടെ വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്.

കടലില്‍ പോയില്ലെങ്കില്‍ പട്ടിണിയാകുന്ന അവസ്ഥയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തെ സമീപിക്കേണ്ടത്. മറ്റ് സമരങ്ങളെ നേരിടുന്ന ലാഘവത്തോടെയല്ല മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ നേരിടേണ്ടത്. പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനവുമായി ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. സമരം തുടങ്ങുന്നതിന് മുന്‍പേ വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്

സിമെന്റ് ഗോഡൗണില്‍ പോയിപ്പോൾ കണ്ട കാഴ്ചകള്‍ ദയനീയമാണ്. രണ്ടാഴ്ചക്കാലം മുന്‍പ് പ്രസവിച്ച കുഞ്ഞ് ഈച്ച പൊതിഞ്ഞ അവസ്ഥയിലായിരുന്നു. ഒരുമാതിരി മനസാക്ഷിയുള്ള ആരും കരഞ്ഞു പോകും. തുറമുഖ പദ്ധതിയെ തുടര്‍ന്ന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന തീരശോഷണം ബാധിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സൈന്യത്തെ വിളിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരാമെന്ന ധാരണ സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയിരുന്നോവെന്ന് സതീശൻ ചോദിച്ചു. മന്ത്രിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വാര്‍ത്ത നല്‍കിയത് സി.പി.എം മുഖപത്രമാണ്. ഇവരില്‍ എത്ര പേര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു സതീശൻ പറഞ്ഞു.

Tags:    
News Summary - V.D. Satishan should appoint two scientists recommended by the strike committee to study coastal erosion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.