പത്തനംതിട്ട: എല്ലാ വര്‍ഷവും ജനുവരി മാസത്തിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നടക്കാറുള്ള നീര്‍പ്പക്ഷി കണക്കെടുപ്പ് ജില്ലയിൽ ഞായറാഴ്ച നടക്കും. പ്രധാന നീര്‍ത്തടമായ കരിങ്ങാലി പുഞ്ച ഉൾപ്പടെ എട്ട് നീര്ത്തടങ്ങളിലായാണ് കണക്കെടുപ്പ് നടക്കുന്നത്. സ്ഥിരവാസികളും ദേശാടകരുമായ പക്ഷികളുടെ സ്ഥിതിവിവരം ശേഖരിക്കുന്നതിനൊപ്പം നീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം മനസ്സിലാക്കുന്നതിനും നീര്‍പക്ഷി കണക്കെടുപ്പ് സഹായിക്കും.
വനം വകുപ്പ് സാമൂഹ്യ വനവൽക്കരണവിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ ‘പത്തനംതിട്ട ബേഡേഴ്സ്’ ആണ് കണക്കെടുപ്പ് നടത്തുന്നത്. കരിങ്ങാലി പുഞ്ച, വള്ളിക്കോട് പുഞ്ച, ഉളനാട് പോളച്ചിറ, ആറന്മുള നീര്‍ത്തടം, നന്നൂര്‍ ഇഞ്ചൻചാല്, കവിയൂര്‍ പുഞ്ച, അപ്പര്‍ കുട്ടനാടൻ നീര്‍ത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാല്‍ എന്നിവിടങ്ങളിലാണ് രാവിലെ 6.30 മുതൽ 10.30 വരെ കണക്കെടുപ്പ് നടക്കുക. ഓരോ നീര്‍ത്തടങ്ങളിലും പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും, സ്കൂൾ – കോളേജ് വിദ്യാർഥികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരോ സംഘങ്ങളാണ് നിരീക്ഷിച്ച് കണക്കെടുക്കുന്നത്.
കണക്കെടുപ്പിലെ വിവരങ്ങള്‍ കേരളാ വനംവകുപ്പിനും സംസ്ഥാന കോഡിനേറ്റര്‍ ഡോ. പി.ഒ. നമീര്‍ മുഖാന്തിരം വെറ്റ്ലാന്റ് ഇന്റര്‍നാഷണലിനും കൈമാറും. പത്തനംതിട്ട ബേഡേഴ്സിലെ പക്ഷി നിരീക്ഷകരായ അനീഷ് ശശിദേവൻ, ജിജി സാം, ഹരി മാവേലിക്കര, സാമൂഹ്യവനവൽക്കരണവിഭാഗം ജില്ലാ മേധാവി അസി. കൺസര്‍വേറ്റര്‍ ധനിക് ലാല്‍, റേഞ്ച് ഓഫീസര്‍ എ.എസ്. അശോകൻ എന്നിവര്‍ കണക്കെടുപ്പിന് നേതൃത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.