നമ്മൾ മനുഷ്യകുലം വേരറ്റ് പോകാതിരിക്കാൻ ഇടപെടണം

നാളെയപ്പറ്റി ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള നമ്മൾ മനുഷ്യകുലം വേരറ്റ് പോകാതിരിക്കാൻ കൂടുതൽ ബോധത്തോടെ, സൂക്ഷ്മതയോടെ ഈ ഭൂമിയിൽ ഇടപെടണമെന്നത് ആനുഭവത്തിലൂടെ, ഈ ദിനം നമ്മെ ശക്തമായി ഓർമ്മപ്പെടുത്തുന്നു. ലോകം ഇന്ന് നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നം എർത്ത് ഓവർഷൂട്ടും ആറാം വംശനാശവുമാണ്. പ്രകൃതിയിൽ ആകെയുള്ള വിഭവങ്ങളെ 365 കൊണ്ട് ഗുണിച്ചിട്ട് ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ഉത്തരമാണ് എർത്ത് ഓവർഷൂട്ട്. 2021ലെ എർത്ത് ഓവർഷൂട്ട് ആഗസ്റ്റ് 23ന് ആയിരുന്നു. ആ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ഉപയോഗിക്കേണ്ട വിഭവങ്ങൾ 2021 ആഗസ്റ്റ് 23ന് തീർന്നു പോയി. ഭൂമി പുനർനിർമ്മിക്കുന്ന എല്ലാ ജൈവ വിഭവങ്ങളും മനുഷ്യവർഗം ഉപയോഗിച്ചു എന്നാണ്. പിന്നീട് ഉയോഗിച്ചിട്ടുള്ള വിഭവങ്ങൾ 2022ൽ ഉപയോഗിക്കേണ്ട വിഭവങ്ങളാണ്.

ഇത് ഭാവിയിലേക്കുള്ളൊരു സൂചകമാണ്. അത് സൂചിപ്പിക്കുന്നത് വിവിധങ്ങളായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ എർത്ത് ഓവർഷൂട്ടിനെ പരിശോധിക്കുന്നത്. ആ പരിശോധന പ്രകാരം ആദ്യമായി പരിഗണിക്കുന്നത് കാർബൺ വിസർജനത്തിന്റെ പ്രശ്നമാണ്. അത് പ്രകൃതിയോട് ചെയ്യുന്ന പാതകത്തിന്റെ അളവ് കോലാണ്. അത് പരിഗണിച്ചാൽ ഇതിനെ ഏഴുനിലയുള്ള ഗോപുരമായി കണക്കാക്കാം.

ഏറ്റവും താഴത്തെ നിലയിൽ താമസിക്കുന്നത് ആദിവാസി ജനസമൂഹമാണ്. ഈ ഗോപുരത്തിന്റെ ഏറ്റവും ഉയരത്തിൽ ഏഴാമത്തെ നിലിയിൽ ജീവിക്കുന്നത് അമേരിക്കൻ പുരുഷനാണ്. ആദിവാസിക്ക് ജീവിക്കാൻ 50 ഗ്രാം ഭക്ഷണം മതിയാകും. എന്നാൽ, അമേരിക്കൻ പുരുഷന് ഒരു ദിവസം 10,000 കിലോ വേണ്ടിവരും . അയാൾ അത്രയും കഴിക്കുമെന്നല്ല. അദ്ദേഹത്തിന്റെ ആഡംബരത്തിനും ആർഭാടത്തിനും ദൂർത്തിനുംവേണ്ടി 10,000 കിലോയോളം ഭക്ഷണത്തിന് പ്രകൃതി വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നർഥം. ഒരു അമേരിക്കൻ പൗരൻ ജീവിക്കുന്ന പ്രകൃതി വിഭവം കൊണ്ട് 20,000 ആദിവാസികൾ ജീവിക്കും.

മനുഷ്യന്റെ അജ്ഞതയുടെയും ധാരാളിത്തത്തിന്റെയും ആർത്തിയുടെയും ഫലമായി പ്രകൃതി മരണാസന്നമായി. ആറാം വംശനാശം തുടങ്ങി. അത് തുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും ചെറിയ സൂക്ഷ്മജീവികളിൽ നിന്നാണ്. അതിനെ ആഹാരമാക്കുന്ന മറ്റ് ജിവികളിലേക്ക് കടക്കും. കോടിക്കണക്കിന് സസ്യലതാതികൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസം വർധിക്കുന്നു. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഇതിന്റെ ആക്കം വർധിപ്പിക്കുന്നു. ഈ ആഗോള താപനം എന്ന പ്രതിഭാസം ജീവന്റെ നിലനിൽപിനെ അപകടത്തിലാക്കുകയാണ്.

ജീവികുലത്തിന്റെ വംശനാശത്തിലേക്കാണ് ആഗോളതാപനം നയിക്കുന്നത്. നാം ഒരു കിലോ അരിവാങ്ങി ഉപയോഗിക്കുമ്പോൾ അതിന്റെ ഉല്പാദനത്തിന് 30,000 ലിറ്റർ ജലം ഉപയോഗിച്ചിട്ടുണ്ട്. ഒരു ഷർട്ട് ഇടുമ്പോൾ 14,000 ലിറ്റർ വെള്ളം ഉപയോഗിച്ചിട്ടുണ്ട്. അത് നമ്മൾ മനസിലാക്കുന്നില്ല. പ്രകൃതി വിഭവങ്ങൾ അനിയന്ത്രിതമായി നമ്മൾ ഉപയോഗിക്കുകയാണ്.

നമുക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ നമ്മുടെ പ്രദേശത്ത് ഉൽപാദിപ്പിച്ച് ഉയോഗിക്കുന്നതിന് പകരം ദൂരെ സ്ഥലങ്ങളിൽ കൃഷി ചെയ്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് കഴിക്കേണ്ടിവരുമ്പോൾ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നുണ്ട്. ദീർഘകാലാടിസ്ഥാനിത്തിൽ പ്രകൃതിയോട് ഇണങ്ങി മനുഷ്യൻ ജീവിക്കണം. മനുഷ്യന് ഇതല്ലാതെ മറ്റൊരു ജീവിതം സാധ്യതമല്ല. മനുഷ്യനില്ലെങ്കിലും ഭൂമി നിലനിൽക്കും.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റെവിടെയും നിലനിൽക്കാൻ കഴിയില്ല. ഈ ഭൂമിയാണ് ആദ്യത്തെയും അവസാനത്തെയും അഭയകേന്ദ്രം. നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന തരത്തിലുള്ള എല്ലാവിധ വികസന പ്രവർത്തനങ്ങളും ആണവായുധങ്ങൾ, യുദ്ധം, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ഉപോയാഗം തുടങ്ങിയവയെല്ലാം കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രകൃതി വിഭവങ്ങൾ അനിയന്ത്രിതമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.

ആളോഹരി വൃക്ഷം ഏറ്റവും കുറവ് ഇന്ത്യയിലാണ്. ഇവിടെ ഒരു മനുഷ്യന് 28 മരങ്ങളേയുള്ളു. ചൈനയിൽ 2,300 മരങ്ങളോളമുണ്ട്. അമേരിക്കയിൽ അത് 1,800 ആണ്. ചൈന വൻതോതിൽ കാർബൻ ഉൽപാദിപ്പിക്കുന്ന രാജ്യം എന്ന ആക്ഷേപം ഉയർന്നപ്പോൾ അതിനെ മറികടക്കാൻ വൻതോതിൽ വനവത്കരണം നടത്തി. ഇന്ത്യയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും വനനശീകരണം ശക്തമായി നടത്തുകയാണ്. ഹിമായത്തിലെ മഞ്ഞ് ഉരുകുന്നത് കടലിലെ ജലനിരപ്പ് ഉയർത്തും. അന്താരാഷ്ട്ര തലത്തിൽ 250 ദശലക്ഷം മനുഷ്യരുടെ ജീവിതം ഇല്ലാതാവാൻ കാരണമാവും.

ലോകത്തിൽ നിരവധി നഗരങ്ങൾ കടലെടുത്തുപോകാൻ ഇടയാവും. ഇന്ത്യയിൽ കൊച്ചി ഉൾപ്പെടെ നഗരങ്ങൾ ഈ ഭീഷണി നേരിടുകയാണ്. അതുപോലെ കടലിലെ അമ്ലവൽക്കരണം ജീവജാലകങ്ങളെ ഇല്ലാതാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ശാസ്ത്രീയമായി സമീപനങ്ങൾ ഭരണകൂടങ്ങൾ സ്വീകരിക്കണം. ജനങ്ങളിൽ അതിനുള്ള അവബോധം ഉണ്ടാക്കുകയും വേണം. പ്രകൃതി നശിപ്പിച്ചാൽ മനുഷ്യകുലത്തിന് ദീർഘകാലം തുടരാനാവില്ല. ഭരണകൂടങ്ങളുടെ തലതിരിഞ്ഞ വികസ തീവ്രവാദം മൂലം തലമുറകളുടെ പ്രകൃതി വിഭവങ്ങൾ ഇനിയും കൊള്ള ചെയ്യപ്പെടരുത്. 

Tags:    
News Summary - We have only one earth- John Peruvanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.