ദഖ്നികൾ (പഠാണികൾ) എന്ന വിഭാഗം പതിനേഴാം നൂറ്റാണ്ടിൽ എത്തിച്ചേർന്നവരാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ കേരളത്തിലെ പല ഭാഗങ്ങളിലും ഇവരെത്തി. സുൽത്താന്റെ സൈന്യത്തിലെ മികച്ച യോദ്ധാക്കളിൽ പലരും ദഖ്നി വിഭാഗക്കാരായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കുതിരപ്പട്ടാളത്തെ നയിച്ചിരുന്നത് ഇവരായിരുന്നു. കുതിരകളെ വളർത്താനും മെരുക്കാനും പടയോട്ടത്തിന് ഉപയോഗപ്പെടുത്താനും കൂടാതെ പീരങ്കികൾ കൈകാര്യം ചെയ്യുന്നതിനും ഇവർ നല്ല മിടുക്കന്മാരായിരുന്നു. ദഖ്നികളുടെ പ്രധാന നോമ്പുതുറ വിഭവങ്ങളിൽ ഒന്നാണ് ദം ചെയ്ത സേമിയ.
സേമിയ നന്നായി നെയ്യിൽ വറുത്തുവെക്കുക. കശുവണ്ടി മുന്തിരിയും വറുത്തു മാറ്റിവെക്കുക. പിന്നീട് തിളപ്പിച്ച ചൂടുവെള്ളം സേമിയയിൽ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി നന്നായി അടച്ചുവെക്കുക. ചെറുതീയിൽ വേവിക്കുക.
സേമിയയുടെ വെള്ളം വറ്റി എന്ന് ഉറപ്പായശേഷം മറ്റൊരു പാത്രത്തിലേക്ക് സർവ് ചെയ്യാനായി മാറ്റുക. അതിന്റെ മുകളിൽ വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയിൽ ഇട്ടശേഷം ഞാലിപ്പൂവൻവട്ടത്തിൽ അരിഞ്ഞു സേമിയയുടെ മുകളിൽ വെള്ളകസ്കസ് വിതറി ഭംഗിയാക്കി വിളമ്പുക. സ്വാദിഷ്ടമായ സേമിയ ദം ചെയ്തത് തയാർ.
ഈ വിഭവം ദഖ്നി വിഭാഗത്തിന്റെ വിശേഷ ദിവസങ്ങളിലെ ഒരു സ്പെഷൽ ഇനമാണ്. പ്രത്യേകിച്ച് നിക്കാഹിന് വരന് നൽകുന്ന പ്രഭാത ഭക്ഷണത്തിലെ ഐറ്റം കൂടിയാണ്. സുത്തിലിയാംക്കി ഖീർ, പൂരി ബരേ സോ, സേമിയ ദം കരേസോ, സത്തുക്കാ ലുണ്ഡാ, ഖജൂർ തുടങ്ങിയവ ദഖ്നികളുടെ വിശേഷ ദിവസങ്ങളിലെ വിഭവങ്ങളാണെന്ന് ദഖ് നി മുസ്‍ലിം കൗൺസിൽ എറണാകുളം ജില്ല സെക്രട്ടറി ഇ. അസ്‍ലം ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.