യാംബു: റമദാൻ പകുതി പിന്നിട്ടതോടെ രാവുകൾക്ക് ആഘോഷപ്പൊലിമ നൽകി താൽക്കാലിക തട്ടുകടകളായ ‘റമദാൻ ബസ്ത’കളും സജീവമായി. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ സൗദി യുവാക്കൾ ഒരുക്കുന്ന ബസ്തകൾ വ്യാപകമായി. ഫാനൂസ് വിളക്കുകളും മറ്റ് അലങ്കാര ദീപങ്ങളും തോരണങ്ങളും തൂക്കി മനോരമ്യമായ ബസ്തകൾ റമദാൻ രാവുകൾക്ക് ഭംഗിയേറ്റും കാഴ്ചയാണ്.
ബത്താതിസ്, സമൂസ, കിബ്ദ, മുഖസറാത്ത്, ബലീല തുടങ്ങിയ ജനപ്രിയ വിഭവങ്ങളും സൂബിയ, തമറുൽ ഹിന്ദ് തുടങ്ങിയ വിവിധ തരം ജ്യൂസുകളും ഇത്തരം ബസ്തകളിൽ നിറയുന്നു. ചില ബസ്തകളിൽ പരമ്പരാഗത ഹിജാസി വേഷം ധരിച്ച് കച്ചവടക്കാരെത്തുന്നത് കൗതുക കാഴ്ചയാണ്. റമദാനിലെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ വാങ്ങാൻ പല ബസ്തകൾക്ക് മുന്നിലും രാത്രി വൈകിയും നല്ല തിരക്ക് കാണാം. ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും വിനോദ പരിപാടികൾ കാണാൻ ബിഗ് സ്ക്രീനുകളും ഒരുക്കിയും ചില ബസ്തകൾ ആളുകളെ ആകർഷിക്കുന്നു.
റമദാൻ അവസാന പത്തിലേക്ക് കടക്കുന്നതോടെ ബസ്തകൾ കൂടുതൽ വിഭവങ്ങളാൽ സജീവമാകുന്നു. ചില ബസ്തകളിലെ രുചിഭേദങ്ങളുടെ വേറിട്ട കൂട്ട് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനാൽ അവ തേടി പല പ്രദേശങ്ങളിൽ നിന്നും സ്വദേശികൾ എത്തുന്നു. പെരുന്നാൾ ആഘോഷത്തിനുള്ള വസ്ത്രങ്ങളും മധുര പലഹാരങ്ങളും സുഗന്ധദ്രവ്യങ്ങളും ചെരിപ്പുകളും വിൽക്കാനുള്ള ബസ്തകളും തെരുവിലേക്ക് വരാൻ ഒരുങ്ങിത്തുടങ്ങി. സ്വദേശി യുവാക്കൾക്കായി സ്വയംതൊഴിൽ സംരംഭമെന്ന നിലയിൽ ബസ്ത നടത്തിപ്പിന് മുനിസിപ്പാലിറ്റി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ബസ്തക്ക് പ്രത്യേകം ലൈസൻസും അനുവദിക്കുന്നുണ്ട്. എന്നാൽ അനധികൃതമായി വഴിവാണിഭക്കാർ നടത്തുന്ന ബസ്തകൾ ഒഴിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.