ഫിറ്റ്നസിനൊപ്പം ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. കോഹ്‍ലിയുടെ ഭക്ഷണ രീതി എങ്ങനെയാണെന്ന് പറയുകയാണ് ലോകകപ്പ് ക്രിക്കറ്റിനെത്തിയ ഇന്ത്യൻ ടീം താമസിച്ച ഹോട്ടലുകളിലൊന്നിൽ നിന്നുള്ള ഒരു ഷെഫ്.
ലോകകപ്പ് സമയത്ത് മിക്ക കളിക്കാരും ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള ഭക്ഷണങ്ങളാണ് തിരഞ്ഞെടുത്തതെന്ന് ഇവർ താമസിച്ച ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് വെളിപ്പെടുത്തി. ഗ്രിൽ ചെയ്ത മത്സ്യവും ചിക്കനുമായിരുന്നു ചിലർക്ക് ഇഷ്ടം. എന്നാൽ സസ്യാഹാരിയായതിനാൽ കോഹ്‍ലിക്ക് ഏറ്റവുമിഷ്ടം ടോഫു, സോയ വിഭവങ്ങളാണ്. ബുഫെ ആണെങ്കിലും കൂടുതൽ പേരും എണ്ണ ഒഴിവാക്കി ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ചിക്കനോ മത്സ്യമോ ആണ് തെരഞ്ഞെടുത്തതെന്ന് ലീല പാലസിലെ എക്സിക്യൂട്ടീവ് ഷെഫ് അനുഷ്മാൻ ബാലി പറഞ്ഞു. മഷ്റൂമും കോഹ്‍ലിക്ക് ഇഷ്ടമാണ്.
കോഹ്‍ലിക്കായി ആവിയിൽ വേവിച്ചതും പ്രോട്ടീൻ റിച്ച് ആയതുമായ വെജ് ഭക്ഷണങ്ങൾ തയാറാക്കി. സോയ, മോക്ക് മീറ്റ്സ്, ലീൻ പ്രോട്ടീനുകൾ, ടോഫു പോലുള്ളവ തെരഞ്ഞെടുത്തുവെന്നും അനുഷ്മാൻ പറയുന്നു.
ആസ്‌ട്രേലിയൻ, ന്യൂസിലൻഡ് ടീമുകൾ ഉച്ചഭക്ഷണമായി ആവിയിൽ വേവിച്ചതോ വറുത്തതോ ആയ പച്ചക്കറികളും ആവിയിൽ വേവിച്ച മത്സ്യമോ കോഴിയോ കഴിക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിലർക്ക് പറാത്ത നല്ല ഇഷ്ടമാണ്.
ന്യൂസിലാൻഡ് ടീമംഗങ്ങൾക്ക് കറി വലിയ താൽപര്യമില്ല. എന്നാൽ ഡെവോൺ കോൺവേയെപ്പോലുള്ള കളിക്കാർഇന്ത്യൻ ഭക്ഷണം ചോദിക്കും. പറാത്തയും ദോശയും അവർ കഴിക്കും. ഇന്ത്യൻ ടീമംഗങ്ങൾക്ക് റാഗി ദോശ വലിയ ഇഷ്ടമാണ്. മില്ലറ്റ് ദോശ, മില്ലറ്റ് ഇഡ്ഡലി, ക്വിനോവ ഇഡ്‌ലി എന്നിവ മെനുവിലുണ്ടാകും. ഇത് ആരോഗ്യകരമായ പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണെന്ന് എല്ലാ കളിക്കാർക്കും അറിയാം. അതിനാൽ അവർ അത് കഴിക്കും. പ്രഭാതഭക്ഷണത്തിന് റാഗി ദോശയാണ് എല്ലാവർക്കും ഇഷ്ടം. ന്യൂസിലാൻഡ് കളിക്കാർട്ട് അവരുടെ ദേശീയ ഭക്ഷണമായ പാവ്ലോവ ഉണ്ടാക്കിക്കൊടുക്കും. പഴങ്ങളും മുട്ടയും എല്ലാം നിറച്ച ഒരു പലഹാരമാണത്.-ഷെഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.