പൂന്തോട്ടമാക്കാം വീടും മനസ്സും

പൂന്തോട്ടമാക്കാം വീടും മനസ്സും

കുടുംബത്തിലെ അംഗങ്ങളെയും വളർത്തുമൃഗങ്ങളെയുംപോലെ ചെടികൾ നട്ടുപരിപാലിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കുടുംബത്തിൽ പ്രസരിപ്പിക്കുന്ന പോസിറ്റിവ് എനർജി പറഞ്ഞറിയിക്കാനാവില്ല. മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ച് ചെടി പരിപാലിക്കുന്നതിലൂടെ വീട്ടിൽ ആശയവിനിമയം വർധിക്കുകയും ചെയ്യും. മാത്രമല്ല, ചെടികളെ കുടുംബത്തിലെ അംഗങ്ങളായി കാണുന്നതിലൂടെ അവയോട് വൈകാരിക അടുപ്പം ഉണ്ടാകും, വിശേഷിച്ച് കുട്ടികൾക്ക്. ഇത് കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുകയും ചെയ്യും.

ചെടികളും മാനസികാരോഗ്യവും

ചെടികളും നമ്മുടെ മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനം മുതൽ ഫ്ലാറ്റുകളിലെ ബാൽക്കണികളിലും വീടിന്റെ അകത്തളങ്ങളിലും പരിപാലിക്കുന്ന ചെറിയ ഇൻഡോർ ചെടികൾ വരെ മനുഷ്യന്റെ മാനസികോല്ലാസത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതിന്റെ പ്രധാന കാരണം ഇത് മറ്റു ഹോബികളെ അപേക്ഷിച്ച് ഒരുപാട് ആക്ടിവിറ്റികൾ ഉൾപ്പെട്ടതാണ് എന്നതാണ്.

നമ്മൾ ഓമനിച്ചുവളർത്തുന്ന ചെടികൾക്കുവേണ്ടിയുള്ള മണ്ണുമിശ്രിതം തയാറാക്കി അത് നടുക, അവക്ക് വെള്ളം നനക്കുക, കളകൾ പറിക്കുക, കൃത്യമായ ഇടവേളകളിൽ പ്രൂണിങ് ചെയ്ത് ഒരുക്കുക, അതിലെ ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു പൂവിനോ പുതിയൊരു വളർച്ചക്കോ കാത്തിരിക്കുക തുടങ്ങി താളാത്മകവും ആവർത്തനപരവുമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ഉത്കണ്ഠ (anxiety) പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറയും. അതുകൊണ്ടാണ് റീഹാബിലിറ്റേഷൻ പോലുള്ള ചികിത്സകൾക്ക് തെറാപ്യുറ്റിക് പ്രോഗ്രാമുകളിൽ വരെ ചെടിപരിപാലനത്തെ ചികിത്സാരീതിയായി ഉൾപ്പെടുത്തുന്നത്.

ഇതിനെല്ലാം ഉപരി മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും അതിപ്രസരം കാരണം ഭൂരിഭാഗം സമയവും സ്‌ക്രീനിൽ ചെലവഴിക്കുന്ന ഈ കാലത്ത് സ്വന്തം മക്കളുമായി ആനന്ദത്തോടെ ഒരുപാട് സമയം ചെലവഴിക്കാൻ ഇതിലും മികച്ച വിനോദം വേറെ ഏതുണ്ട്‍?


ബാൽക്കണികൾ അലങ്കരിക്കാം ഈ ചെടികളാൽ

● ലിതോപ്/ലിവിങ് സ്‌റ്റോണുകൾ

പലനിറത്തിലുള്ള കല്ലുകളോട് സാദൃശ്യമുള്ള ഈ ചെടികളെ പൊതുവെ 'ജീവനുള്ള കല്ലുകൾ' അല്ലെങ്കിൽ പെബിൾ പ്ലാന്റുകൾ എന്നൊക്കെയാണ് വിളിക്കാറുള്ളത്. ദക്ഷിണാഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളാണ് ജന്മസ്ഥലം. അതുകൊണ്ടുതന്നെ ഇവ വളർത്തുമ്പോൾ നന്നായി വായുസഞ്ചാരവും ഡ്രെയ്നേജും ഉറപ്പാക്കുന്ന, വെള്ളം കെട്ടിനിൽക്കാത്ത അയഞ്ഞ മണ്ണ് മിശ്രിതം ആവശ‍്യമാണ്. അത്യാവശ്യം സൂര്യപ്രകാശം കിട്ടുന്ന തുറന്ന സ്ഥലങ്ങളിൽ ചെടി വെക്കാമെങ്കിലും കഠിനമായ സൂര്യപ്രകശം ചെടിയെ സൂര്യാഘാതമേൽപിക്കും. വ്യത്യസ്ത നിറത്തിലുള്ള ലിതോപുകൾ ഒരുമിച്ച് ചെടിച്ചട്ടികളിൽ നട്ട് സൂര്യപ്രകാശം ലഭ്യമാകുന്ന ബാൽക്കണി, സിറ്റൗട്ട് പോലുള്ള ഏരിയകളിൽ വെക്കാവുന്നതാണ്.

●റോപലോഫില്ല/ബേബി ടോ

ചെറുവിരലിന്റെ രൂപത്തോട് സാമ്യമുള്ള മനോഹരമായ തടിച്ച ഇലകളാണ് ഈ ചെടിക്കുള്ളത്. വെള്ളയും മഞ്ഞയും നിറത്തിലുള്ള മനോഹരമായ പുഷ്പങ്ങൾ നൽകും എന്നത് ബേബി ടോയുടെ മറ്റൊരു പ്രത്യേകതയാണ്.

ഇലകളിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ചുവെക്കുന്ന ഈ ചെടികൾക്ക് പൊതുവെ വെള്ളം വളരെ കുറഞ്ഞ ഇടവേളകളിൽ മതി. വെള്ളം കെട്ടിനിൽക്കാത്തതും നല്ല ഡ്രെയ്നേജുള്ളതുമായ മണ്ണുമിശ്രിതം ആവശ്യമാണ്. സൂര്യപ്രകാശം ആവശ്യമായതിനാൽ വീടിന്റെ തുറന്ന സ്ഥലങ്ങളിൽ വെക്കാം. എന്നാൽ, കഠിനമായ സൂര്യപ്രകാശം ഏൽക്കാൻ പാടില്ല.

● ഹവർത്തിയ ചെടികൾ

കുറഞ്ഞ സൂര്യപ്രകാശത്തിൽ അതിജീവിക്കാമെന്ന പ്രത്യേകതകൊണ്ട് വീടിന്റെ അകത്തളങ്ങളിലും ഓഫിസുകളിലെ വർക് ഡെസ്കുകളിലും സാധാരണയായി കണ്ടുവരുന്ന ചെടികളാണ് ഹവർത്തിയകൾ.

ഹവർത്തിയ കുടുംബത്തിൽ ഒരുപാട് തരം ചെടികൾ ലഭ്യമാണ്. ഹവർത്തിയ സീബ്ര, കൂപ്പേരി, ഫെയറി വാഷ് ബോഡ്, മിറാബിലിസി തുടങ്ങി പല ആകൃതിയിലുള്ള ചെടികളുണ്ട്.

● ആസ്ട്രോ ഫൈതം/കള്ളിച്ചെടികൾ

സാധാരണ നമ്മൾ കണ്ടുപരിചയിച്ച കള്ളിച്ചെടികളിൽനിന്ന് വ്യത്യസ്തവും ആകർഷണീയവുമായതാണ് ആസ്‌ട്രോ ഫൈതം ഇനത്തിൽപെട്ട കള്ളിച്ചെടികൾ. ചെടിയുടെ ഉപരിതലത്തിലെ ആകാശഗോളങ്ങളോടും നക്ഷത്രക്കൂട്ടത്തിനോടും സാമ്യമുള്ള വെള്ള ഡിസൈനുകളുള്ള ആസ്ട്രോ ഫൈതം സ്റ്റാർ കാക്റ്റസ്, സീ ആർച് കാക്റ്റസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. പൊതുവെ മുള്ളുകൾ തീരെ ഇല്ലാത്ത ഇനം കള്ളിച്ചെടികളായതിനാൽ കൈകാര്യംചെയ്യാൻ എളുപ്പമായിരിക്കും.

ചെടിയുടെ ഭംഗി കൂടാതെ വേനൽക്കാലങ്ങളിൽ അതിമനോഹരമായ വെള്ള, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മറ്റു ചെടികളിൽ കണ്ടിട്ടില്ലാത്ത തരം പൂക്കൾ നൽകുന്നു എന്നത് ഇവയുടെ പ്രധാന സവിശേഷതയാണ്.

മറ്റു ഡെസേർട്ട് പ്ലാന്റുകളെപ്പോലെ ഇവക്കും വെള്ളം കെട്ടിനിൽക്കാത്ത പോട്ടിങ് മിശ്രിതമാണ് ആവശ‍്യം. ജലം സംഭരിച്ചുവെക്കുന്ന സ്വഭാവമുള്ളതിനാൽ കുറഞ്ഞ രീതിയിൽ നനച്ചാൽ മതി.

● ഹാങ്ങിങ് ചെടികളും വള്ളിച്ചെടികളും

സ്ഥലപരിമിതിയുള്ള ആധുനിക വീടുകളിൽ മനോഹരമായി അലങ്കരിക്കാൻ കഴിയുന്ന മറ്റൊരു കൂട്ടം ചെടികളാണ് ഹാങ്ങിങ് ചെടികൾ. പൊതുവെ കുറഞ്ഞ വെയിൽ ലഭ്യമാകുന്ന മുറികളിലെ ജനാലകൾക്കരികിൽ തൂക്കിയിട്ട് വളർത്താവുന്നതാണ്.

വെളിച്ചത്തിന്റെ ലഭ്യതയും മുറിയുടെ സ്ഥിതിയും അനുസരിച്ച് ഹാളുകളിൽ മോസ്സ് സ്റ്റിക്കുകളിൽവെച്ച് വള്ളിച്ചെടികൾ ലിവിങ് റൂമിൽ പരിപാലിക്കാം. സ്ട്രിങ് ഓഫ് ഹാർട്ട്, പത്തോസ് (എപ്പിപ്രെംനം ഓറിയം), സ്ട്രിങ് ഓഫ് പേൾസ്, സ്ട്രിങ് ഓഫ് റുബീസ്, ഐവി പ്ലാന്റുകൾ തുടങ്ങി വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള ഹാങ്ങിങ് പ്ലാന്റുകൾ ലഭ്യമാണ്.


ചെടികളും മുറിയിലെ വായുശുദ്ധീകരണവും

വീടിന്റെ അകത്തളങ്ങളിൽ ചെടികൾ വെക്കുന്നത് ഇന്റീരിയർ സ്‌പേസുകൾ മനോഹരമാക്കുന്നതിനൊപ്പം മാനസികവും ആരോഗ്യപരവുമായ പല ഗുണങ്ങളും നൽകുന്നു. അതിൽ പ്രധാനപ്പെട്ടത് ചില ചെടികളുടെ വായുശുദ്ധീകരണത്തിനുള്ള പ്രത്യേക കഴിവുകളാണ്.

നിരവധി ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ ചില ചെടികൾക്ക് അന്തരീക്ഷത്തിലെ ഹാനികരമായ ടോക്സിനുകളെ ശുദ്ധീകരിക്കാനുള്ള കഴിവുകളുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

സ്‌നേക് പ്ലാന്റുകൾ (Sansevieria trifasciata), സ്പൈഡർ പ്ലാന്റുകൾ (Chlorophytum comosum), പീസ് ലില്ലി (Spathiphyllum spp), അലോവേര (Aloe barbadensis miller), റബർ പ്ലാന്റ് (Ficus elastica), ഫിലോഡെൻഡ്രോൺ (Philodendron) തുടങ്ങിയ ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ ഫൈറ്റോറെമീഡിയേഷൻ (phytoremediation) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ അവയുടെ ഇലകളിലൂടെയും വേരുകളിലൂടെയും ഫോർമൽഡിഹൈഡ്, ബെൻസീൻ (benzene), ക്സൈലീൻ (xylene) തുടങ്ങിയ വായുവിലെ മാലിന്യങ്ങളെ ആഗിരണംചെയ്ത് അവ തകർക്കുകയോ ദോഷകരമല്ലാത്ത പദാർഥങ്ങളായി മാറ്റുകയോ ചെയ്ത് ശുദ്ധീകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ചെടികളുടെ പച്ചപ്പ് കാണുന്നതിലൂടെ മാനസിക സമ്മർദങ്ങൾ കുറയുകയും വീടിനകത്ത് പോസിറ്റിവ് അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു.



ലാവൻഡർ, ജാസ്മിൻ, അലോവേര, ആഫ്രിക്കൻ വയലറ്റ്, ഇംഗ്ലീഷ് ഐവി, ഗോൾഡൻ പാത്തോസ് തുടങ്ങിയവ ഇത്തരത്തിൽ മാനസികോന്മേഷം തരുന്നതിനും വിശ്രമം പ്രേരിപ്പിക്കുന്നതിനും അതുവഴി മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കാനുള്ള കഴിവിനും പേരുകേട്ട ചെടികളാണ്.

അലോവേര, സ്നേക്ക് പ്ലാന്റുകൾ, സ്പൈഡർ പ്ലാന്റുകൾ തുടങ്ങിയ ചെടികളുടെ മറ്റൊരു പ്രത്യേകത ക്രാസ്സുലേസിയൻ ആസിഡ് മെറ്റബോളിസം (CAM) എന്ന പ്രക്രിയയിലൂടെ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു എന്നതാണ്. ഇത്തരം ചെടികൾ കിടപ്പുമുറികളിൽ വെക്കുന്നത് മുറിക്ക് അകത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉറങ്ങാൻ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ചെടികളുടെ സ്വാധീനം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെടികൾ അത്തരത്തിലുള്ളൊരു അന്തരീക്ഷം സൃഷ്ടിക്കാൻ തീർച്ചയായും സഹായിക്കുന്നുണ്ട്.

(www.succulentgallery.com)

തയ്യാറാക്കിയത്: സിയാദ് എറിയാടൻ


Tags:    
News Summary - Home and mind can be gardened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.