ജലദുരുപയോഗത്തിൽ മലയാളികൾ മുൻപന്തിയിലാണ്. ഡബ്ല്യു.എച്ച്.ഒയുടെ കണക്കുകൾ പ്രകാരം ലോക ആളോഹരി ഉപയോഗം പ്രതിദിനം 120 ലിറ്റർ വെള്ളമാണ്. കേരളീയർ 200 ലിറ്റർ ഉപയോഗിക്കുന്നു, ശരാശരി 80 ലിറ്റർ ദുരുപയോഗം ചെയ്യുന്നു. എന്നാൽ നമ്മുടെ മഴയോ, അതിൽ 85 ശതമാനവും നാലു മാസങ്ങളിലായി പെയ്തൊഴിയുന്നു. ശേഷമുള്ള എട്ടു മാസങ്ങളിൽ ലഭിക്കുന്നത് 15 ശതമാനം മഴയാണ്. ഈ മഴവെള്ളം മഴസമയത്തുതന്നെ കുത്തിയൊലിച്ചു പോകുന്നു. നമ്മുടെ ചരിഞ്ഞ ഭൂപ്രകൃതി ഒരു പരിധിവരെ ഇതിനു കാരണമാകുന്നുണ്ട്.
കാർഷിക വിഭവങ്ങളുടെ വർധിച്ചുവരുന്ന ഉപഭോഗവും ജലത്തിെൻറ അമിത വിനിയോഗത്തിനു കാരണമാകുന്നു. നമ്മുടെ തീന്മേശകളിൽ വിളമ്പുന്ന വിഭവങ്ങൾപോലും ജലത്തിെൻറ ഉപഭോഗത്തെ സ്വാധീനിക്കുന്നു. കൂടുതൽ ജലം ആവശ്യമായിവരുന്ന ഉൽപന്നങ്ങളാണ് ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്. ഒരു കിലോഗ്രാം ധാന്യം ഉൽപാദിപ്പിക്കാൻ വേണ്ടത് 1500 ലിറ്റർ ജലമാണെങ്കിൽ ഒരു കിലോഗ്രാം മാംസം ഉൽപാദിപ്പിക്കാൻ 15,000 ലിറ്റർ ജലം വേണം. ഈ സാഹചര്യത്തിൽ ഒരാൾ രണ്ടു ലിറ്റർ ശുദ്ധജലം വീതം ഒരു ദിവസം സംരക്ഷിച്ചാൽ ശരാശരി ആറുകോടി ലിറ്റർ ജലം കരുതാനാകും. ഒരുവർഷം 2000 കോടി ലിറ്റർ.
ആയിരം ചതുരശ്രയടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് വാർഷിക മഴ 3000 മി.മീറ്റർ എന്ന കണക്കിൽ മൂന്നുലക്ഷം ലിറ്റർ മഴവെള്ളമാണ് പെയ്തിറങ്ങുന്നത്; ദേശീയ ശരാശരിയെക്കാൾ 2.78 മടങ്ങാണിത്. മഴവെള്ളത്തിെൻറ സിംഹഭാഗവും സംഭരിക്കാതെ നഷ്ടപ്പെടുത്തുകയാണ് നമ്മൾ. ഭൂഗർഭ ജലത്തിൽ താഴ്ചവരാനുള്ള കാരണവും ഇതു തന്നെയാണ്. ഒരു സെക്കൻഡിൽ ഒരുതുള്ളി ശുദ്ധജലം എന്ന ക്രമത്തിൽ നഷ്ടമായാൽ വർഷം 45,000 ലിറ്റർ ജലമാണ് ഇല്ലാതാകുന്നത്. ഒരാൾക്ക് 15 മാസത്തേക്ക് ഉപയോഗിക്കാൻ വേണ്ട ജലമാണിത്.
ലഭ്യമായിരുന്ന മഴവെള്ളത്തിൽ വലിയ ശതമാനം കുറവുണ്ടായതിനു പുറമെ കേരളം നേരിടുന്ന അതിപ്രധാന വെല്ലുവിളി വരൾച്ച തന്നെയാണ്. ഓരോ വേനലും നമുക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ജലസ്രോതസ്സിെൻറ പ്രധാന ഭാഗമായ ഭൂഗർഭ ജലത്തെ മഴയാണ് സമൃദ്ധമാക്കുന്നത്. വനവത്കരണവും കരുതലും തന്നെയാണ് ജലസംരക്ഷണത്തിെൻറ കാതൽ. അതോടൊപ്പം മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിെൻറ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കണം. കിണർ റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന രീതിയും മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്ന രീതിയും നാം ശീലിക്കണം. വീടിെൻറ ചുറ്റുവട്ടം കോൺക്രീറ്റ് ചെയ്യാതിരിക്കാൻ ശീലിച്ചേ പറ്റൂ.
ജലമലിനീകരണമാണ് നാം നേരിടുന്ന മറ്റൊരു പ്രശ്നം. ജലസ്രോതസ്സുകളിലേക്ക് തുറന്നുെവച്ചിരിക്കുന്ന അഴുക്കുചാലുകൾ നമ്മുടെ ശീലത്തിെൻറ ഭാഗമായി മാറിയിരിക്കുന്നു. കൃഷിയിടങ്ങളിൽ അമിതമായും അശാസ്ത്രീയമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് നിത്യ കാഴ്ചയാണ്. ഇതിലെ ഭൂരിഭാഗവും ഭൂഗർഭ ജലത്തിൽ എത്തുന്നതോടുകൂടി അതിഗുരുതര ആരോഗ്യപ്രശ്നങ്ങൾ രൂപപ്പെടുന്നു.
ഖര, ദ്രവ്യ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള മാർഗങ്ങൾ തന്നെയാണ് നാം ആദ്യം നിർമിക്കേണ്ടത്. വീട്ടിലെ മലിനജലം ഓടയിലേക്കും ജലാശയത്തിലേക്കും ഒഴുക്കിവിടില്ലെന്ന് നാം പ്രതിജ്ഞ എടുക്കണം. അത് നമ്മുടെ മക്കൾക്കും പകർന്നുകൊടുക്കാം.
വാട്ടർ മാേനജ്മെൻറ്
ലഭ്യമായ ജലത്തെ മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് വാട്ടർ മാനേജ്മെൻറുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതൊരു സാമൂഹിക നിയന്ത്രണമാണ്. കാരണം, ലഭിക്കുന്ന ജലത്തെ എങ്ങനെ സംരക്ഷിച്ച്, ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം, അത് മലിനപ്പെടാതിരിക്കാൻ എന്തു ചെയ്യണം, ദുരുപയോഗവും ധൂർത്തും എങ്ങനെ തടയാം, കുറഞ്ഞ ജലംകൊണ്ട് പരമാവധി ഉപയോഗം എങ്ങനെ നിർവഹിക്കാം തുടങ്ങിയ കാര്യങ്ങളിൽ തിരിച്ചറിവ് വീട്ടിൽനിന്ന് ഉണ്ടാവണം. നിത്യേന ഉപയോഗിക്കുന്ന ജലത്തിെൻറ കൃത്യമായ കണക്കെത്താൽ പതിയെ ദിവസേന അളവ് കുറച്ചുകൊണ്ടുവരാം. ജലലഭ്യതക്കനുസരിച്ച് ജലനഷ്ടം ഒഴിവാക്കാൻ പ്രായോഗിക ആലോചനകളും വീട്ടിലെ ഓരോ അംഗങ്ങളിലുമുണ്ടാകണം.
കരുതാം ജലത്തെ
നാം അനുഭവിക്കുന്ന വേനൽക്കാല കെടുതിയിൽനിന്ന് രക്ഷപ്പെടാൻ മഴക്കാലത്ത് ലഭിക്കുന്ന ജലമിച്ചം പരമാവധി വർധിപ്പിച്ച് അതിനെ പ്രകൃതിയിൽതന്നെ നിലനിർത്താനുള്ള സംവിധാനം രൂപപ്പെടുത്തണം. ഭൂപ്രകൃതിക്കനുസൃതമായി അനുയോജ്യമായ സാങ്കേതിക വിദ്യ അവലംബിച്ച്, ഭൂജല പോഷണം വഴി പരമാവധി മഴവെള്ളം മണ്ണിലേക്കിറങ്ങാന്‍ വേണ്ടി നടപടികള്‍ സ്വീകരിക്കുക. ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടാം.
●അടുക്കളയിലെ സാധാരണ സിങ്കിൽ തുടർച്ചയായി ഒരു മിനിറ്റ് ടാപ് തുറന്നിട്ടാൽ 20 ലിറ്റർ വെള്ളം നഷ്ടമാകും. വലിയ പാത്രത്തിൽ വെള്ളം എടുത്തുെവച്ചു പാത്രങ്ങൾ വൃത്തിയാക്കുക.
●അഴുക്ക്, എണ്ണമയം എന്നിവ യുള്ള പാത്രങ്ങൾ ആദ്യം കുറച്ചു വെള്ളത്തിൽ കഴുകിയശേഷം ബാക്കി ടാപ്പിൽ കഴുകുക.
●വാഷ്ബേസിൻ ടാപ് തുടർച്ചയായി തുറന്നിട്ടാൽ ഏഴു ലിറ്റർ വെള്ളം നഷ്ടമാകും. കപ്പിൽ വെള്ളം എടുത്തുെവച്ച് ഉപയോഗിക്കുക. ടാപ്പിൽനിന്ന് വലതു കൈയിൽ വെള്ളം എടുക്കുമ്പോൾ ഇടതുകൈകൂടി ഉപയോഗിച്ച് ടാപ് ഇടക്കിടെ നിയന്ത്രിക്കുക.
●അനാവശ്യമായി ടോയ്ലറ്റ് ഫ്ലഷ് ഔട്ട് ചെയ്യുന്നതു സംബന്ധിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഉപദേശം നൽകുക. ഓരോ ഫ്ലഷ് ഔട്ടിലും എട്ടു മുതൽ 15ഉം അതിലേറെയും ലിറ്റർ വെള്ളം നഷ്ടപ്പെടുന്നു.
●ബാത്ത് റൂമുകളിൽ ബാത്ത് ടബ്, ഷവർ എന്നിവ ഉപയോഗിക്കുന്ന ശീലം മാറ്റി ബക്കറ്റ്, കപ്പ് എന്നീ പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുവരുന്നത് പ്രോത്സാഹിപ്പിക്കണം.
●അനാവശ്യമായി ടാപ് തുറന്നിടുന്നത് ഒഴിവാക്കുക.
●ചെടികൾക്കും മറ്റു കൃഷികൾക്കും അതിനാവശ്യമായ വെള്ളം വേരിൽ ലഭിക്കുന്ന വിധം നനക്കുക. നനക്കുന്നത് പ്രഭാതസമയത്തും സന്ധ്യക്കും ആക്കുക.
●നിലം കഴുകാൻ ബക്കറ്റും തുണിയും ഉപയോഗിക്കുക, വാഹനങ്ങൾ കഴുകുന്നതിന് അത്യാവശ്യ വെള്ളം മാത്രം ഉപയോഗിക്കുക.
●പഴങ്ങൾ, പച്ചക്കറികൾ എന്നിവ ടാപ്പിൽനിന്ന് നേരിട്ട് കഴുകാതെ പാത്രത്തിലിട്ട് കഴുകുക. ബാക്കിവരുന്ന ജലം ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് ചെടികള്ക്കൊഴിക്കാനായി ഉപയോഗിക്കാം.
●അലക്കുമ്പോൾ പരമാവധി ഫോസ്ഫേറ്റ് രഹിത സോപ്പും സോപ്പുപൊടിയും ഉപയോഗിക്കുക.
●600 മില്ലി ലിറ്ററിെൻറ നാലു കാലിക്കുപ്പിയിൽ മണൽ നിറച്ച് ഫ്ലഷിെൻറ മൂടി തുറന്ന് അതിലെ സംവിധാനങ്ങൾക്കു തകരാറുണ്ടാകാതെ െവക്കുക. ഫ്ലഷ് ടാങ്കിൽ നിറയുന്ന വെള്ളത്തിൽ 2.4 ലിറ്റർ (4X600 മില്ലി ലിറ്റർ) കുറവുണ്ടാകും. ശരാശരി അഞ്ചു പ്രാവശ്യം ഫ്ലഷ് ചെയ്യുന്ന നാലു ടോയ്ലറ്റുള്ള വീടാണെങ്കിൽ 4X5X2.4 ലീറ്റർ = 48 ലിറ്റർ വെള്ളം സേവ് ചെയ്യാം.
●കക്കൂസുകളിൽ ശുദ്ധീകരിച്ച മലിനജലം സംസ്കരിച്ച് ഉപയോഗിക്കാൻ പറ്റുമെങ്കിൽ അത്തരം ശ്രമങ്ങൾ നടത്തുക.
●വാഷിങ് മെഷീനില്‍നിന്ന് പുറന്തള്ളുന്ന ജലവും ചെടിനനക്കുന്നതിന് ഉപയോഗിക്കാം.
●വെള്ളം ഏറ്റവുമധികം ഉപയോഗിക്കേണ്ടിവരുന്നത് അടുക്കളയിലും കുളിമുറി/ കക്കൂസുകളിലുമാണ്. ഇവിടങ്ങളിലെ പൈപ്പുകളിൽ ചോര്‍ച്ച ഉണ്ടെങ്കിൽ പരിഹരിക്കുക.
●വേനൽക്കാലത്ത് ഹോസ് ഉപയോഗിച്ച് നനക്കരുത്. പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക. വാഹനം കഴുകുന്നതിലും ഈ രീതി വേനൽക്കാലത്ത് പിന്തുടരാം.
മഴവെള്ളവും ഭൂഗർഭ ജലവും
മഴവെള്ളം മണ്ണിനടിയിലേക്ക് കിനിഞ്ഞിറങ്ങാൻ അനുവദിച്ചാൽ അത്രയും കൂടുതലായി ഭൂഗർഭ ജലനിരപ്പ് ഉയരും. ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങളെ മഴവെള്ളക്കൊയ്ത്ത് എന്നു പറയുന്നു. ഗ്രാമങ്ങളിൽ വീട്ടുപരിസരത്ത് ഭൂമിയിൽ ചെറിയ കുഴികളുണ്ടാക്കാം. പറമ്പിലെ മണ്ണുപയോഗിച്ച് കയ്യാലകളുണ്ടാക്കുകയും മണ്ണെടുക്കുന്ന കുഴികളിൽ വെള്ളം കെട്ടിനിർത്തുകയും ചെയ്യാം. കിണറുകൾക്ക് രണ്ടോ മൂന്നോ മീറ്റർ അപ്പുറത്തായി കുഴികൾ കുഴിച്ച് ജലം ശേഖരിച്ച് കിണറ്റിൽ എത്തിക്കാം. നഗരങ്ങളിലാണെങ്കിൽ പറമ്പിലെ ജലം കുഴികൾ കുഴിച്ച് അവിടെത്തന്നെ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാം.
●ഇന്ന് കേരളത്തിലെ ഒട്ടനവധി കുടുംബങ്ങൾക്ക് 10 സെൻറിൽ താഴെയുള്ള ചെറിയ പ്ലോട്ടുകളാണ് ഉള്ളത്. ഈ ചെറിയ പ്ലോട്ടുകളിലും നമുക്ക് മഴവെള്ളക്കൊയ്ത്ത് വഴി ജലം സംഭരിക്കാൻ സാധിക്കും. അഞ്ചു സെൻറ് സ്ഥലത്ത് ഒരു വർഷം ആറു ലക്ഷം ലിറ്റർ മഴ പെയ്തു വീഴുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയെങ്കിലും ശേഖരിക്കാൻ പ്രയാസമുണ്ടാവില്ല. 10,000 ലിറ്ററിെൻറ ഒരു ടാങ്ക് മുറ്റത്തു സ്ഥാപിച്ചാൽ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വേനൽക്കാലത്തെ അതിജീവിക്കാം. കേരളത്തിൽ 65 ലക്ഷത്തോളം കിണറുകളുണ്ട്. 100 ചതുരശ്ര അടി മേൽക്കൂരയിൽനിന്ന് മഴവെള്ളക്കൊയ്ത്ത് നടത്തിയാൽ കേരളത്തിൽ ആകെ 2046 ദശലക്ഷം ക്യുബിക് മീറ്റർ ജലം സംഭരിക്കാൻ സാധിക്കും. ഇത് കേരളത്തിലെ ജലസേചന സംഭരണികളിലെ 1200 ദശലക്ഷം ക്യുബിക് മീറ്ററിനെക്കാൾ ഇരട്ടിയോളം വരും (സി.ഡബ്ല്യു.ആർ.ഡി.എം, കോഴിക്കോട് 2019).
●1.2 മീറ്റർ നീളവും 0.70 മീറ്റർ വീതിയും 0.60 മീറ്റർ ആഴവുമുള്ള ഒരു നീർക്കുഴിയിൽ ഏകദേശം 500 ലിറ്റർ മഴവെള്ളം ഓരോ മഴയിലും ശേഖരിക്കപ്പെടുന്നുണ്ട്. അത്തരം കുഴികൾ മഴക്കു മുമ്പ് വീട്ടുപരിസരത്ത് എടുക്കാം.
●ഒരു സെൻറ് ഭൂമിയിൽ 1,20,000 ലിറ്റർ മഴ. ഒരു ഏക്കറിൽ ഒരു കോടി 20 ലക്ഷം ലിറ്റർ പെയ്ത്തുമഴ നമുക്ക് സംഭരിക്കാം.
●വീട്ടുപരിസരങ്ങളിലെ ജലസ്രോതസ്സുകളായ കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണവും ശുദ്ധീകരണവും മഴയെത്തുംമുമ്പേ നടത്തി വെള്ളം സംഭരിച്ചുവെക്കുക.
●കിണറുകളുടെ ശുചീകരണവും മഴവെള്ള റീചാർജിങ്ങും വർഷാവർഷം നടത്തുക.
●പുരപ്പുറത്തെ മഴയെ കിണറ്റിലെത്തിക്കാനുള്ള സംവിധാനംവും ഒരുക്കാം. കിണർനിറ നല്ല മാതൃകയാണ്. അങ്ങനെ മുറ്റത്തെ കിണർ നിറക്കാം. മഴവെള്ളം പൈപ്പുകളിലൂടെ ടാങ്കിൽ ശേഖരിച്ച് കരിയും മണലും ഉപയോഗിച്ച് അരിച്ചു ശുദ്ധീകരിച്ച് കിണറിലേക്ക് ഒഴുക്കാം.
●രാമച്ചം നല്ലൊരു ജലസംരക്ഷണ ചെടിയാണ്. വീട്ടുപരിസരത്ത് കൂടുതൽ രാമച്ചം നടാം.
●കിണർ ശുദ്ധമായി സംരക്ഷിക്കാം. കിണറിന് ആൾമറ, പ്ലാറ്റ്ഫോം എന്നിവ ഉറപ്പാക്കുക.
●കിണർ വെള്ളം ഇടക്ക് ക്ലോറിനേറ്റ് ചെയ്ത് മാലിന്യമുക്തമാക്കാം.
●ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കുക.
●പാഴ്ക്കിണറുകൾ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കാം.
●കിണറിനു ചുറ്റും സസ്യാവരണം ഒരുക്കാം.
●പറമ്പുകളിൽ തടയണകൾ നിർമിച്ച് നീരൊഴുക്ക് നിയന്ത്രിക്കുക.
●ജൈവവസ്തുക്കൾ, പച്ചിലകൾ എന്നിവയാൽ ഭൂമിക്ക് പുതയിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.