റിയാദ്: സൗദി അറേബ്യയിൽ വിദേശ ജോലിക്കാരുടെ ഇഖാമ മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വർഷത്തേക്ക് മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറുമാസമോ ആയ ഗഡുക്കളായി അടച്ച് അത്രയും കാലളവിലേക്ക് മാത്രമായി എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
രാജ്യത്തെ സ്വകാര്യ വാണിജ്യ മേഖലക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്. ഇഖാമ ഫീസും ലെവിയും ചേർന്നാൽ വലിയൊരു തുകയാണ് പുതുതായി രാജ്യത്ത് എത്തുന്ന തൊഴിലാളിക്ക് ഇഖാമ ആദ്യമായി എടുക്കാനോ നിലവിലുള്ളയാളുടേത് പുതുക്കാനോ വേണ്ടി വരുന്നത്. നിലവിലെ കണക്ക് അനുസരിച്ച് ഇഖാമ ഫീസ്, ലെവി, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ 12,000ത്തോളം റിയാലാണ്. ഇതിെൻറ നാലിലൊന്ന് നൽകി മൂന്ന് മാസത്തേക്ക് മാത്രമായി ഇഖാമ പുതുക്കാൻ കഴിയുന്നത് സ്ഥാപനങ്ങൾക്ക് സാമ്പത്തികമായ വലിയൊരു ഭാരം ലഘൂകരിക്കാനാവും.
ഒരുമിച്ച് വലിയൊരു തുക എടുത്ത് ചെലവഴിക്കാതെ ഗഡുക്കളായി അടയ്ക്കാൻ കഴിയുന്നത് ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങൾക്കും നൽകുന്ന ആശ്വാസം ചെറുതല്ല. ഇത് കോവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന സ്വകാര്യ മേഖലയുടെ പുത്തനുണർവിനും സഹായകമാവും. ഒരു തൊഴിലാളിയുടെ സേവനം ആറുമാസത്തേക്ക് മാത്രം മതിയെങ്കിൽ അത്രയും കാലത്തേക്കുള്ള ഫീസ് മാത്രം നൽകിയാൽ മതി. വെറുതെ ഒരു വർഷത്തെ മൊത്തം പണവും നൽകി വ്യയം ചെയ്യേണ്ടതായും വരുന്നില്ല.
എന്നാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തുടങ്ങി വീട്ടുജോലി വിസയിലുള്ളവർ ഇൗ നിയമത്തിെൻറ പരിധിയിൽ വരില്ല. വാണിജ്യ തൊഴിൽ നിയമത്തിെൻറ പരിധിയിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടാത്തതും ലെവിയിൽ നിന്ന് അവർ ഒഴിവാണ് എന്നതും തന്നെയാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.