ദേശീയദിനം: നാടെങ്ങും ആഘോഷത്തിമിര്‍പ്പില്‍

മനാമ: ബഹ്റൈന്‍െറ 44ാമത് ദേശീയ ദിനമായ ബുധനാഴ്ച രാജ്യം ആഘോഷത്തിമിര്‍പ്പില്‍. ഭരണാധികാരിയുടെ 16ാമത് സ്ഥാനാരോഹണ വാര്‍ഷികം നാളെയാണ്. 
വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വദേശികളും വിദേശികളുമായ സാധാരണക്കാരും സംഘടനകളും ദേശീയദിനാഘോഷ പരിപാടികളുമായി രംഗത്തുണ്ട്. സന്തോഷത്തിന്‍െറയും ആനന്ദത്തിന്‍െറയും അസുലഭ സന്ദര്‍ഭത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ,  രാജപത്നിയും ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ പ്രിന്‍സസ് ശൈഖ സബീക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 
ആധുനിക ബഹ്റൈന്‍െറ നിര്‍മിതിയില്‍ സുപ്രധാന പങ്കാണ് നിലവിലുള്ള ഭരണാധികാരികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക, സാമ്പത്തിക, സാംസ്കാരിക മേഖലയില്‍  വലിയ വളര്‍ച്ചയാണ് രാജ്യം ഇതിനകം നേടിയിരിക്കുന്നത്. ജനാധിപത്യത്തിന്‍െറ ജനകീയവത്കരണമാണ് ഇവിടെ നിലവില്‍ സാധ്യമായിരിക്കുന്നത്. പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും നിലവിലുണ്ട്. വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരണത്തിലൂടെ ഗുണമേന്മയുള്ള പുതുതലമുറയെയാണ് വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. 
യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളും സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. കായികരംഗത്തും മികച്ച നേട്ടം രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് ആഭ്യന്തരമായ ചില കലഹങ്ങള്‍ രാജ്യത്തുണ്ടായെങ്കിലും വിജയകരമായി അതിനെ നേരിടാനും താല്‍ക്കാലികമായുണ്ടായ പ്രതിസന്ധിയെ മറികടക്കാനും സാധിച്ചിട്ടുണ്ട്. ഇവിടെ ജോലിയെടുക്കുന്ന വിദേശികള്‍ക്ക് ഉദാരമായ നിയമങ്ങളും ഉയര്‍ന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. 
വിവിധ ജാതി-മതങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന രീതിയിലുള്ള സഹകരണവും സാഹോദ്യവും നിലനിര്‍ത്താനാവശ്യമായ പരിപാടികളും പദ്ധതികളും നടത്തിവരുന്നുണ്ട്. 
എല്ലാ മതക്കാര്‍ക്കും വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഭരണകൂടം തന്നെ ചെയ്തുവരുന്നു. വിദേശികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി അവരുടെ നിരവധി കൂട്ടായ്മകളും സംഘടനകളും സാമൂഹ്യമന്ത്രാലയത്തിന്‍െറ അംഗീകാരത്തോടെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 
ജി.സി.സി കൗണ്‍സിലിലുള്ള അംഗരാജ്യരാജ്യങ്ങളുമായും ഇതര ലോക രാഷ്ട്രങ്ങളുമായും മികച്ച നയതന്ത്രബന്ധം ഇതിനകം ബഹ്റൈന്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും ബഹ്റൈന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT