‘മതനിരപേക്ഷത’ ജനാധിപത്യത്തിന്‍െറ മഹത്തായ പ്രയോഗമെന്ന് കെ.ഇ.എന്‍

മനാമ: മതനിരപേക്ഷത ജനാധിപത്യത്തിന്‍െറ മഹത്തായ പ്രയോഗങ്ങളില്‍ ഒന്നാണെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകനും സാഹിത്യകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ബഹ്റൈന്‍ ‘പ്രതിഭ’ അദ്ലിയ കാള്‍ട്ടന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇ.എം.എസ്.-എ.കെ.ജി. അനുസ്മരണ സമ്മേളനത്തില്‍ ‘മതനിരപേക്ഷതയുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിന്‍െറ ചരിത്രം അടയാളപ്പെടുത്തിയ രണ്ട് വിപ്ളവകാരികള്‍ ആയിരുന്നു ഇ.എം.എസും എകെജിയും. അവരെ സ്മരിക്കാന്‍ തികച്ചും അനുയോജ്യമായ പ്രമേയമാണ് ‘മതനിരപേക്ഷത’ യെന്നത്.  ജനാധിപത്യത്തിന്‍െറ ഏറ്റവും അപകടകരമായ നിര്‍വചനമുണ്ടായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 
ഇന്ത്യന്‍ പാര്‍ലമെന്‍റിലെ 308പേര്‍ കോര്‍പറേറ്റ് മൂലധന പ്രതിനിധികള്‍ ആണ്. ജനാധിപത്യത്തിന് ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നത് ഈ കോര്‍പറേറ്റ് വത്കരണം ആണ്. കപട ആത്മീയതയും ഇതിനോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2016ലെ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടത്. ‘കന്നുകാലി സംരക്ഷണ സമിതി’ ഇന്ത്യന്‍ മതനിരപേക്ഷതയെ നിര്‍വചിക്കുന്ന സംഘമായി മാറിയിരിക്കുന്നു. ഇന്നതു മാത്രമേ ഭക്ഷിക്കാവൂ എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. 
ഇപ്പോള്‍ നടക്കുന്നത് ഭക്ഷണത്തിനോ ജനാധിപത്യത്തിനോ വേണ്ടിയുള്ള കോലാഹലങ്ങളല്ല. അത് ഇന്ത്യയുടെ വൈവിധ്യതയെ തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുള്ളതാണ്.
 ഭക്ഷണം ഭയം ഉണ്ടാക്കുന്ന ഒന്നായി മാറുന്നു. ഭയം കടന്നുവരുന്നിടത്ത് മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാകും. ദേശീയത ഒരു വൈകാരിക ആശയമാണ്. ആ വൈകാരികതയാണ് ഇന്ന് മതനിരപേക്ഷതക്കെതിരെ ഉപയോഗിക്കുന്ന ആയുധം. ദേശീയതയുടെ വൈകാരിക വെള്ളപ്പൊക്കം ഉണ്ടാക്കിയാല്‍ സകലതിനെയും അതില്‍ മുക്കി കൊല്ലാന്‍ കഴിയുമെന്നാണ് ഫാഷിസം കരുതുന്നത്. ദേശീയത സ്വന്തം രാജ്യത്ത് മതില്‍കെട്ടി ഒടുങ്ങേണ്ട ഒന്നല്ല. അത് ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്നതാകണം. 
മതനിരപേക്ഷത മുന്നോട്ടുവക്കുന്ന ദേശീയത അതാണ്. പോത്തുകച്ചവടത്തിന്‍െറ പേരില്‍ മനുഷ്യനെ കെട്ടി തൂക്കി കൊന്നപ്പോള്‍ പ്രതിഷേധിക്കാന്‍ മുന്നില്‍ നിന്നത് ഇടതുപക്ഷം ആയിരുന്നു. മതനിരപേക്ഷത ഫാഷിസത്തില്‍ നിന്നും വെല്ലുവിളി നേരിടുമ്പോള്‍ പ്രതിരോധിക്കാന്‍ വരുന്നത് ഇടതുപക്ഷം മാത്രമാണെന്നും കെ.ഇ.എന്‍. ചൂണ്ടിക്കാട്ടി.
60വര്‍ഷകാലത്തോളം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ രക്തനക്ഷത്രങ്ങളായി പ്രശോഭിച്ച കമ്യൂണിസ്റ്റ് വിപ്ളവകാരികളാണ് ഇ.എം.എസും എ.കെ.ജിയുമെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ‘പ്രതിഭ’ സീനിയര്‍ നേതാവ് സി.വി. നാരായണന്‍ അഭിപ്രായപ്പെട്ടു.
ആക്ടിങ് സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്‍റ് കെ.എം. മഹേഷ് അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.