മനാമ: അറബ് രാജ്യങ്ങൾ തമ്മിലുള്ള വർധിച്ച സഹകരണം ലക്ഷ്യമിട്ട് 33ാമത് അറബ് ഉച്ചകോടി ഇന്ന് മനാമയിൽ നടക്കും. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പങ്കെടുക്കും. അറബ് ഐക്യം ഊട്ടിയുറപ്പിക്കുക, അറബ്, സമൂഹത്തിന്‍റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ച ഉറപ്പാക്കുക എന്നീ അജണ്ടകളോടെ നടക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളും ചർച്ചചെയ്യും.
ഗസ്സ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾക്ക് സമ്മേളനം ഊർജം പകരും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സമ്മേളനത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗവും സമ്മേളനത്തിന് മുന്നോടിയായി നടന്നു.
വിവിധ ഉദ്യോഗസ്ഥതല ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്രനേതാക്കൾക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി. സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജ്യമെമ്പാടും സമ്മേളനത്തിന്റെ വരവറിയിച്ച് ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്. പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉച്ചകോടി വിജയിപ്പിക്കുന്നതിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.