‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ‘റിപ്പബ്ലിക്’ എന്ന വാക്കുണ്ടായത്. ജനക്ഷേമ രാഷ്ട്രം എന്നാണ് ഇതിനർഥം. ഒരു പ്രത്യേക ഭരണഘടനക്കു കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ആ നാട്ടിലെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് റിപ്പബ്ലിക്കുകൾ. ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നാണ്.
ഭരണഘടനയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ത്യ സ്വതന്ത്രമാവുന്നതിനുമുമ്പേ തുടങ്ങിയിരുന്നു. 1946 ഡിസംബർ ആറിനാണ് ഭരണഘടന നിർമാണസഭ നിലവിൽവരുന്നത്. ആദ്യയോഗം 1946 ഡിസംബർ ഒമ്പതിന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ചേർന്നു. ആചാര്യ കൃപലാനി, ഡോ. സച്ചിദാനന്ദ സിൻഹ, ഡോ. രാജേന്ദ്രപ്രസാദ്, ബി.എൻ. റാവു തുടങ്ങിയ പ്രമുഖരായിരുന്നു സമിതിയിലെ അംഗങ്ങൾ. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ മോചിതമായി.
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമമായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്. ഇതുപ്രകാരം ഇന്ത്യയുടെ പൂർണ അധികാരം നിയമനിർമാണ സഭ (ലജിസ്ലേറ്റിവ് അസംബ്ലി) ഏറ്റെടുത്തു. അന്നത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശിൽപിയുമായ ഡോ. ബി.ആർ. അംബേദ്‌കർ അധ്യക്ഷനായി 1947 ആഗസ്റ്റ് 29ന് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണസമിതി രൂപവത്കരിച്ചു.
എന്നാൽ ഇന്ത്യൻ ഭരണഘടന അതിന്റെ പൂർണതയിലെത്താൻ രണ്ടുവർഷവും 11 മാസവും 18 ദിവസവും വേണ്ടിവന്നു. അങ്ങനെ 1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്നു. 24 ഭാഗങ്ങളും 444ലേറെ അനുച്ഛേദങ്ങളും പന്ത്രണ്ടോളം പട്ടികകളും അടങ്ങിയ നമ്മുടെ ഭരണഘടനയെ ചിത്രങ്ങളാലും അലങ്കാരങ്ങളാലും ഭംഗിയാക്കിയത് പ്രമുഖ ചിത്രകാരനായ നന്ദലാൽ ബോസാണ്.
അദ്ദേഹത്തിന്റെ ശിഷ്യനായ ബെഹാർ റാം മനോഹർ ഭരണഘടനയുടെ ആമുഖം തയാറാക്കി. ലോകത്ത് ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ ഭരണഘടനയിലെ കൈയക്ഷരങ്ങൾ പ്രേം ബിഹാരി നരൈൻ റൈസാദ (Prem Behari Narain Raizada) എന്നയാളുടേതാണ്.
● ബ്രിട്ടൻ: നിയമവാഴ്ച, ഏകപൗരത്വ വ്യവസ്ഥ, നിയമനിർമാണം, സ്പീക്കറുടെ നിയമനവും സ്പീക്കറുടെ ചുമതലകളും, സിവിൽ സർവിസ്
● യു.എസ്.എ: ഭരണഘടനാ ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, മൗലികാവകാശങ്ങൾ, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യൽ, പ്രസിഡന്റ്, എക്സിക്യൂട്ടിവ് തലവൻ, ജുഡീഷ്യൽ റിവ്യൂ.
● അയർലൻഡ്: നിർദേശക തത്ത്വങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പ്
● ജർമനി: അടിയന്തരാവസ്ഥ
● ആസ്ട്രേലിയ: കൺകറന്റ് ലിസ്റ്റ്
● ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി
● ഫ്രാൻസ്: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
● സോവിയറ്റ് യൂനിയൻ: ആസൂത്രണം, മൗലിക കർത്തവ്യങ്ങൾ
● കാനഡ: കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരവിഭജനം
ഭരണഘടനയുടെ 51A അനുച്ഛേദത്തിൽ പൗരന്റെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭരണഘടനയെയും അതിന്റെ ആദർശങ്ങളെയും ദേശീയ പതാക, ദേശീയ ഗാനം എന്നിവയെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യാൻ അനുശാസിക്കുന്നുണ്ട്.
Prevention of Insults to National Honour Act, 1971 പ്രകാരം പൊതു ഇടങ്ങളിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഭരണഘടനയോ അതിെൻറ ഏതെങ്കിലും ഭാഗമോ നശിപ്പിക്കുകയോ കത്തിക്കുകയോ നിന്ദിക്കുകയോ ഭരണഘടനയെക്കുറിച്ച് മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്ന ഏതൊരാൾക്കും മൂന്നുവർഷത്തിൽ കുറയാത്ത തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കും.
രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുന്ന ഇന്ത്യക്കാരെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ, ഭാരതരത്ന എന്നിവയെല്ലാം ഈ വിഭാഗത്തിൽപെടും.
പരമവീരചക്രം, മഹാവീരചക്രം, വീരചക്രം, അശോകചക്ര, കീർത്തിചക്ര, ശൗര്യചക്ര എന്നിവയെല്ലാം അന്ന് വിതരണം ചെയ്യും. ഇതോടൊപ്പം സാഹസിക പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച 6 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കുള്ള ധീരത പുരസ്കാരങ്ങളും അന്ന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.