സത്യം പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അപ്രിയമായ സത്യം പറയരുത് എന്നല്ല. തിക്തമെങ്കിലും സത്യം പറയുക എന്ന വചനമാണ് ഞങ്ങളുടെ പ്രചോദനത്തിന്റെ കാതൽ. ഒപ്പം സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിൽ ആവും മട്ടിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് പറയാനുള്ളതെല്ലാം ഞങ്ങൾ നിരത്തിവെക്കുന്ന അക്ഷരങ്ങളിലുണ്ട്. ഞങ്ങളുടെ സ്വഭാവം, വ്യക്തിത്വം, കാഴ്ചപ്പാട് എല്ലാം -കൂടുതലൊന്നും ഞങ്ങൾ പറയുന്നില്ല. ‘മാധ്യമ’ത്തിന്റെ നിലനിൽപ് നാടിനും സമൂഹത്തിനും വ്യഥകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട എണ്ണമറ്റ മനുഷ്യർക്കും പ്രയോജനപ്പെടുമെങ്കിൽ ഈ ഉദ്യമം സാർഥകമായി
മഹത്തായ ഒരു സംരംഭത്തിന്റെ തുടക്കമായിരുന്നു അത്. 1987 മേയ് 31ാം തീയതിയിലെ സായാഹ്നത്തിൽ കോഴിക്കോട് നഗരത്തിനടുത്ത വെള്ളിമാട്കുന്നിൽ സമ്മേളിച്ച സമൂഹത്തിന്റെ വിവിധ തുറകുളിലുള്ള ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ജൂൺ ഒന്നിന്റെ പ്രഥമലക്കത്തോടൊപ്പം വിതരണം ചെയ്യേണ്ട സപ്ലിമെന്റ് പ്രകാശനം ചെയ്ത മാധ്യമത്തിന്റെ ഉദ്ഘാടന പരിപാടി. ഒരു മഹത്തായ പരിവർത്തനത്തിന്റെ ഉദാത്ത സ്വപ്നങ്ങൾ താലോലിച്ച് നടന്നിരുന്ന ജനലക്ഷങ്ങളോട് ചെയ്ത വാഗ്ദാനത്തിന്റെ നിർവഹണമായിരുന്നു അത്. പ്രിന്റിങ് പ്രസിന്റെ ഉദ്ഘാടനം കോഴിക്കോട് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രൻ അന്ന് വൈകുന്നേരം നിർവഹിച്ചിരുന്നു. വാർത്താമാധ്യമങ്ങളിൽ ഒരു വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി വിഹായസ്സിൽ ഉദിച്ചുയരുന്ന സമാധാനത്തിന്റെ സന്ദേശവാഹകയായി പറന്നുവന്ന വെള്ളരിപ്പിറാവായി ‘മാധ്യമം’. മലയാളക്കരയിലെ നൂറ്റിപ്പതിനൊന്നാമത്തെ ദിനപത്രമായിരുന്നിട്ടും വലിയ പ്രതീക്ഷകളോടെയാണ് കേരളമക്കൾ ‘മാധ്യമ’ത്തെ വരവേറ്റത്. ജാതിമത കക്ഷിഭേദമന്യേ മുഴുവൻ ആളുകളിലും ആദരവിന്റെയും അംഗീകാരത്തിന്റെയും ഊഷ്മളത പകരാൻ ചുരുങ്ങിയ കാലയളവിൽ ‘മാധ്യമ’ത്തിന് സാധിച്ചു. ശതാബ്ദികളും ഷഷ്ഠിപൂർത്തികളും ആഘോഷിച്ചുകൊണ്ടിരുന്ന മലയാളപത്രങ്ങളുടെ ലോകത്ത് കടന്നുവന്ന നവാഗതയെ മാന്യവായനക്കാർ സസന്തോഷം സ്വീകരിച്ചു.
ഇന്ത്യൻ മാധ്യമരംഗത്തെ കുലപതി കുൽദീപ് നായറായിരുന്നു ഉദ്ഘാടകൻ. കാലവർഷത്തിന്റെ വരവറിയിച്ച് ചിണുങ്ങിപ്പെയ്ത മഴയുടെ നനുത്ത അന്തരീക്ഷത്തിൽ വെള്ളിമാട്കുന്നിലെ പന്തലിൽ ഒരുമിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിർത്തി വൈക്കം മുഹമ്മദ് ബഷീറിന് ആദ്യകോപ്പി നൽകിയായിരുന്നു ഉദ്ഘാടനം. ‘മാലോകരെ, വെള്ളിമാട്കുന്നിൽനിന്ന് ഒരു വെള്ളിനക്ഷത്രം ഉദയം ചെയ്തിരിക്കുന്നു. നിങ്ങൾ അതിനെ സസന്തോഷം സ്വീകരിക്കൂ’ എന്നായിരുന്നു ബഷീറിന്റെ ആഹ്വാനം. സമാധാനത്തിന്റെയും സത്യത്തിന്റെയും നന്മയുടെയും സന്ദേശം വഹിക്കുന്ന വെള്ളരിപ്രാവും പ്രഭാതോദയത്തിന്റെ അരുണശോഭ പരത്തുന്ന ഉദയസൂര്യനും ചേർന്നതായിരുന്നു ‘മാധ്യമ’ത്തിന്റെ ലോഗോ. ആദ്യമിറങ്ങിയ പത്രത്തിന്റെ എഡിറ്റോറിയലിൽ നയം വ്യക്തമാക്കുന്ന വരികൾ ഇങ്ങനെ: ‘‘സത്യം പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അപ്രിയമായ സത്യം പറയരുത് എന്നല്ല. തിക്തമെങ്കിലും സത്യം പറയുക എന്ന വചനമാണ് ഞങ്ങളുടെ പ്രചോദനത്തിന്റെ കാതൽ. ഒപ്പം സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിൽ ആവും മട്ടിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് പറയാനുള്ളതെല്ലാം ഞങ്ങൾ നിരത്തിവെക്കുന്ന അക്ഷരങ്ങളിലുണ്ട്. ഞങ്ങളുടെ സ്വഭാവം, വ്യക്തിത്വം, കാഴ്ചപ്പാട് എല്ലാം- കൂടുതലൊന്നും ഞങ്ങൾ പറയുന്നില്ല. ‘മാധ്യമ’ത്തിന്റെ നിലനിൽപ് നാടിനും സമൂഹത്തിനും വ്യഥകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട എണ്ണമറ്റ മനുഷ്യർക്കും പ്രയോജനപ്പെടുമെങ്കിൽ ഈ ഉദ്യമം സാർഥകമായി’. അവിടെ തുടക്കമായ ചരിത്രം പലവഴികൾ പിന്നിട്ട്, കർമ പഥമേറെ താണ്ടി മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ ലക്ഷ്യമേറെ നേടിക്കഴിഞ്ഞ സന്തോഷം അണിയറ പ്രവർത്തകരിലുണ്ട്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ നിർവഹണം ശ്രമകരമായ സാധനയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ധീരമായി ആ വെല്ലുവിളി നേരിടുകയും രംഗത്ത് പതറാതെ നിലകൊള്ളുകയും ചെയ്യാനായിട്ടുണ്ട്. ബാലാരിഷ്ടതകളും സാമ്പത്തിക പരാധീനതകളും സാങ്കേതിക പരിമിതികളും ഏറെയുണ്ടായിട്ടും നാളിതുവരെ പിടിച്ചുനിൽക്കുകയും ശ്രേദ്ധയമായ ചലനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ അലാവുദ്ദീന്റെ മാന്ത്രിക വിളക്കുപോലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന വാദം നടത്തിപ്പുകാർക്കില്ലെങ്കിലും പരിവർത്തനത്തിന് നാന്ദികുറിച്ച് മൂല്യവത്തായ പത്രപ്രവർത്തനത്തെ കുറിച്ച് ചർച്ചകൾക്ക് നാന്ദികുറിക്കാനെങ്കിലും സാധ്യമായി.
ചുവർപത്രങ്ങളുടെ തെരുവ് എഡിഷൻ ലൈനിൽനിന്ന് മാറി ജനങ്ങൾ അറിയേണ്ട പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ടെന്ന് വായനക്കാർ ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ലബനാനിലെ സബ്റയിലും ശത്തീലയിലും നിരപരാധികളായ ആയിരങ്ങൾ ജൂതന്മാരാൽ അരിഞ്ഞുവീഴ്ത്തപ്പെടുമ്പോൾ വാർത്തയല്ലാതാകുകയും കോഴിക്കോട്ടെ തെരുവോരത്ത് വിദ്യാർഥികളെ പൊലീസ് ലാത്തി വീശിയോടിക്കുമ്പോൾ അത് ലീഡ് ന്യൂസാകുകയും ചെയ്യുന്ന വൈരുധ്യാധിഷ്ഠിത വാർത്താവാദം ക്രമേണയെങ്കിലും മാറിവന്നത് ശുഭോദർക്കമാണ്. അന്താരാഷ്ട്ര വാർത്തകൾക്ക് ഒരു പേജ് തന്നെ തുടക്കത്തിൽ മാധ്യമം നീക്കിവെച്ചിരുന്നു. പ്രബുദ്ധരായ ഒരു വായനാവൃത്തത്തെ മാധ്യമത്തിലക്ക് ആകർഷിച്ചത് ആ പേജാണ്. അതോടെ മറ്റു പത്രങ്ങളും അന്താരാഷ്ട്ര വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുതുടങ്ങി. അന്തരിച്ച വി.പി.എ. അസീസ് ആയിരുന്നു ദീർഘകാലം ആ പേജിന്റെ ചുമതല വഹിച്ചത്.
1988വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധവും 1990 ആഗസ്റ്റ് രണ്ടിന് തുടങ്ങിയ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സമഗ്രതയോടെയും സത്യസന്ധതയോടെയും വായനക്കാരിലെത്തിക്കാൻ മാധ്യമത്തിനായി. ഇറാഖ് യുദ്ധം പ്രത്യേക സായാഹ്ന എഡിഷനിലൂടെ നിത്യവും വായനക്കാരിലെത്തിച്ച ‘മാധ്യമ’ യത്നം വളരെയേറെ ശ്ലാഘിക്കപ്പെട്ടു. ഇറാഖ് തീവെച്ച് നശിപ്പിച്ച എണ്ണക്കിണറുകളിലെ അഗ്നി അണക്കാനുള്ള കുവൈത്ത് സർക്കാറിന്റെ പരിശ്രമങ്ങൾക്ക് സാക്ഷിയാകാൻ മാധ്യമം ലേഖകൻ പ്രത്യേകം ക്ഷണിക്കപ്പെട്ടത് അഭിമാനകരമായ ഓർമയാണ്. ആദ്യകാലത്ത് ഡൽഹി സ്പെഷൽ കറസ്പോണ്ടന്റായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ. ഗോപകുമാറിന്റെ സേവനം മറക്കാനാകില്ല.
‘മാധ്യമ’ത്തിന്റെ തുടക്കം തന്നെ പ്രതിസന്ധികളുടെ പെരുമഴയോടെയായിരുന്നു. ട്രയൽ റൺ പോലും നടത്താതെ പത്രം തുടങ്ങിയതും യന്ത്രതന്ത്രങ്ങളുമായി ജോലിക്കാർ ഇണങ്ങാത്തതും കാരണം പ്രഥമ ലക്കം അന്ന് കാലത്താണ് അച്ചടിച്ചു തുടങ്ങിയത്. കേരളത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലേക്കുള്ള പത്രത്തിന്റെ പ്രയാണം വളരെ വൈകിയാണ് ആരംഭിച്ചത്. അതിനാൽ തന്നെ ഉച്ചപ്പത്രമാണോ എന്ന പരിഹാസവും ഏൽക്കേണ്ടിവന്നു. ആദ്യ ദിവസം വടക്കോട്ടുള്ള പത്രവണ്ടിയിൽ യാത്ര ചെയ്തപ്പോൾ ഈ പരിഹാസ വാക്കുകൾ നേരിട്ട് ആസ്വദിക്കാൻ ‘ഭാഗ്യം’ ലഭിച്ചു.
പത്രം തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നുമൂടി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. പത്രം പൂട്ടാമെന്ന് ഐ.പി.ടി- അൽമദീന ട്രസ്റ്റുകളുടെ അടിയന്തര യോഗം തീരുമാനിച്ചു. ആ യോഗത്തിൽ വെച്ച് ഒരവസരം കൂടി നൽകണമെന്ന് ട്രസ്റ്റ് സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസനും ചെയർമാനായ ഞാനും അഭ്യർഥിച്ചു. അങ്ങനെ മൂന്നു മാസത്തെ സമയം അനുവദിച്ചു. 1987 ഡിസംബറിലാണിത്. അന്ന് പ്രസിനോടു ചേർന്ന സ്ഥലത്ത് ഒരുച്ച നേരത്ത് മാധ്യമത്തിലെ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്തു: ‘‘നിങ്ങളോടൊരു വാക്ക് ചോദിച്ചിട്ട് തീരുമാനിക്കാം എന്നാണ് ഞാനും ഹംസ സാഹിബും ട്രസ്റ്റിനെ അറിയിച്ചിരിക്കുന്നത്. നിങ്ങൾ ഒപ്പമുണ്ടെങ്കിൽ ഒരു ശ്രമം കൂടി നടത്താൻ ഞങ്ങൾ തയാറാണ്’’ ഇതുകേട്ട സദസ്സ് ‘നിങ്ങൾ ധൈര്യമായി ഏറ്റെടുത്തോളൂ, ഞങ്ങൾ ശമ്പളം ചോദിക്കില്ല. ‘മാധ്യമം’ ഞങ്ങളുടെ സ്ഥാപനമാണ്’’ എന്നായിരുന്നു മറുപടി. ആ യോഗ ശേഷം നടന്ന പ്രവർത്തനങ്ങളും പിൽക്കാല മാധ്യമ ചരിത്രം മാറ്റിയെഴുതിയ ജൈത്രയാത്രയിലെ നാഴികക്കല്ലാണ്. ജീവനക്കാർ, മാനേജ്മെന്റ് എന്ന ഭേദമില്ലാതെ സംഘങ്ങളായി മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങൾ കയറിയിറങ്ങി. പത്രത്തിന്റെ സർക്കുലേഷൻ കുതിച്ചുയർന്നു. ഈ കുതിപ്പോടെ മാധ്യമത്തിന്റെ ചരിത്രം മറ്റൊന്നായി.
പത്രക്കടലാസ് വില വർധനയാണ് വില്ലനായി വന്ന വലിയ പ്രതിസന്ധി. ‘മാധ്യമം’ തുടങ്ങി ഒരു വർഷത്തിനുള്ളിൽ ലോക കമ്പോളത്തിൽ പത്രക്കടലാസ് വിലയിടിഞ്ഞിട്ടും ഇന്ത്യയിൽ കമ്പനികൾ മൂന്നു തവണ വില വർധിപ്പിച്ചു. കാര്യമായ മൂലധന നിക്ഷേപമില്ലാതെയാണ് പത്രം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഓരോ ദിവസവും ന്യൂസ് പ്രിന്റ് വാങ്ങാൻ നെട്ടോട്ടമായിരുന്നു. മാസാവസാനം ശമ്പളത്തിനുള്ള പരക്കം പാച്ചിൽ വേറെയും. അത്ഭുതകരമാം വിധം അദൃശ്യ ഹസ്തങ്ങളുടെ സഹായം അപ്പോഴൊക്കെയും ലഭിച്ചിരുന്നു. പലരും കടം തന്നും സംഭാവന തന്നും സഹായിച്ചു. എങ്കിലും മൂലധന ക്ഷാമം പത്ര നടത്തിപ്പിനെ വല്ലാതെ പ്രയാസപ്പെടുത്തി. രണ്ടുതവണ പത്രം നിർത്താൻ തന്നെ ട്രസ്റ്റ് തീരുമാനമെടുക്കേണ്ടിവന്ന സന്ദിഗ്ധ ഘട്ടങ്ങളുണ്ടായി. അപ്പോഴൊക്കെ ഒരു മാസത്തെയും രണ്ടു മാസത്തെയും ശമ്പളം നൽകി സഹായിച്ചവരെ തന്നെ വീണ്ടും സമീപിച്ചു. കടമായി നൽകിയവർക്ക് കൃത്യസമയത്തുതന്നെ തിരിച്ചുകൊടുക്കുന്നതിൽ സെക്രട്ടറി സിദ്ദീഖ് ഹസൻ നിഷ്‍കർഷത പുലർത്തിയിരുന്നതുകൊണ്ട് കടം നൽകാൻ ആരും മടിച്ചില്ല. ഒരിക്കൽ രാത്രി 11മണിവരെയും എവിടെനിന്നും ന്യൂസ് പ്രിന്റ് ലഭിച്ചില്ല. പ്രസ് ജീവനക്കാരും എഡിറ്റോറിയൽ ഡെസ്കിലും ആശങ്ക നിഴലിച്ചുനിന്നു. പെട്ടെന്ന് ഒരു ലോറി ഗേറ്റിനടുത്ത് നിർത്തി. പത്രക്കടലാസായിരുന്നു അതിൽ. ഇറക്കിക്കഴിഞ്ഞപ്പോഴാണ് ഡ്രൈവർ ഇൻവോയ്സ് തരുന്നത്. നോക്കിയപ്പോൾ കണ്ണുതള്ളിപ്പോയി. ‘ദേശാഭിമാനി’യുടേതായിരുന്നു ലോഡ്. വിഷയം അവിടെ അറിയിച്ചപ്പോൾ അടുത്ത ലോഡ് വരുമ്പോൾ നൽകിയാൽ മതിയെന്ന് മറുപടി കിട്ടി. ശരിക്കും അദൃശ്യ ഹസ്തങ്ങളുടെ സഹായം അനുഭവിച്ച രാത്രിയായിരുന്നു അത്.
ഇതിനു പുറമെ പരസ്യങ്ങളുടെ ദൗർലഭ്യവും പരസ്യങ്ങൾ സ്വീകരിക്കുന്നതിലെ പരിമിതികളും പ്രയാസങ്ങൾ ഒന്നുകൂടി ഇരട്ടിപ്പിച്ചു. മൂല്യാധിഷ്ഠിത പത്രമെന്ന നിലക്ക് പലിശ സ്ഥാപനങ്ങൾ, ബ്ലേഡ് കമ്പനികൾ, ലോട്ടറി, സിനിമ എന്നിവയുടെ പരസ്യം പത്രം സ്വീകരിക്കാറില്ല. എന്നിട്ടും പല ഏജൻസികളും നല്ല പരസ്യങ്ങൾ തന്ന് മാധ്യമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ന്യൂസ് പേപ്പർ രജിസ്ട്രേഷൻ മുതൽ ന്യൂസ് പ്രിന്റ് ക്വാട്ട് അലോട്ട്മെന്റ് വരെ വിവിധ തലങ്ങളിൽ രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ ചെയ്ത സഹായങ്ങൾ വിലപ്പെട്ടതാണ്. വാർത്താവിനിമയ, കമ്പി തപാൽ വകുപ്പുകൾ, റെയിൽവേ വകുപ്പ്, സംസ്ഥാന സർക്കാറിന്റെ വൈദ്യുതി വകുപ്പ്, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ, ന്യൂസ് ഏജൻസികളായ യു.എൻ.ഐയും പി.ടി.ഐയും, പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ, പബ്ലിക്ക് റിലേഷൻ വകുപ്പ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളും ശതക്കണക്കിന് വ്യക്തികളുമാണ് ഈ പത്രത്തിന്റെ വളർച്ചക്ക് വലിയ സഹായവും പിന്തുണയുമായി കൂടെ നിന്നത്.
മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നു. മാധ്യമം എന്ന പേരുതന്നെ തെറ്റാണെന്നും അത് തിരുത്തണമെന്നും ഉപദേശിച്ച് ഭാഷാപണ്ഡിതനായ പ്രഫ. എ.പി.പി. നമ്പൂതിരി കത്തയച്ചിരുന്നു. എൻ.വി. കൃഷ്ണവാര്യരും കുഞ്ഞുണ്ണിമാഷും ‘ധ്യ’ തെറ്റല്ലെന്ന് സർട്ടിഫൈ ചെയ്തതുവെച്ചാണ് അങ്ങനെ ഉപയോഗിച്ചതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ‘മാധ്യമം’ എന്ന ടൈറ്റിൽ ഞങ്ങൾക്ക് വിട്ടുതന്ന സയ്യിദ് ജിഫ്രിയെയും ഓർക്കാതെ വയ്യ. അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ നടത്തിയിരുന്ന റസ്റ്റാറന്റുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത അദ്ദേഹത്തിനു പാരയായതും അതറിയാതെ അവിടെ ചെന്നുകയറുമ്പോൾ ‘മാധ്യമത്തിൽനിന്ന് തക്ക പ്രതിഫലം കിട്ടി’യെന്ന് അദ്ദേഹം പറഞ്ഞതും ഓർമയുണ്ട്.
തുടക്കത്തിൽ സർക്കസ് കളരി പോലെയായിരുന്നു മാധ്യമത്തിന്റെ പണിപ്പുര. ഫോട്ടോഗ്രാഫർ ചോയിക്കുട്ടിയുടെ ഏറ്റവും ആകർഷകമായ ഒരു ഫോട്ടോ ഞങ്ങൾക്ക് മാധ്യമത്തിൽ കൊടുക്കാനായില്ല. മദിച്ചോടുന്ന ആനയുടെ പടം പിടിക്കാൻ കൂടെ ഓടിയ ചോയിക്കുട്ടിയെ ആന തിരിച്ചോടിക്കുന്ന പടം മറ്റൊരു പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു. അതുനൽകിയാൽ കാര്യങ്ങൾ കുഴഞ്ഞുമറിയുമെന്നതിനാൽ മാറ്റിവെച്ചു. ചോയിക്കുട്ടിയുടെ ഒരു ചിത്രം കോഴിക്കോട് സബ്ജയിലിലെ പീഡനപർവം പുറത്തുകൊണ്ടുവരാൻ സഹായിച്ചു. സബ്ജയിലിൽ ‘തൂങ്ങിമരിച്ച’ കുഞ്ഞീബിയെന്ന സ്ത്രീയുടെ കാൽ നിലംതൊട്ട് നിൽക്കുന്നതായിരുന്നു ആ ചിത്രം.
സി.ടി.പി എന്ന യന്ത്രസംവിധാനം അഞ്ചുഘട്ടങ്ങളിലായി, അതും ഏറെ പണിപ്പെട്ട്, മാത്രം പൂർത്തിയായ ജാലവിദ്യകളെ ഒറ്റയിരുപ്പിൽ ഒതുക്കിയ ഇന്നത്തെ കാലത്ത് നടന്ന സാഹസങ്ങളെ കുറിച്ച് കേൾക്കാൻ മാത്രം പുതുതലമുറക്ക് ക്ഷമയുണ്ടാകണമെന്നില്ല. വാർത്തകൾ അയക്കാനും ഇന്നത്തെ സംവിധാനങ്ങളൊന്നും അന്നില്ല. പ്രാദേശിക ലേഖകർ അയക്കുന്ന വാർത്തകൾ രണ്ട് മൂന്ന് ബസുകൾ കയറിയിറങ്ങി വെള്ളിമാട്കുന്നിലെത്തുമ്പോൾ സംഭവങ്ങൾ തന്നെ അടുത്ത ഘട്ടത്തിലേക്ക് മാറിയിരിക്കും. ഇന്നിപ്പോൾ കമ്പ്യൂട്ടർവത്കൃതമാണ് കാര്യങ്ങളെല്ലാം. അതിനിയും വികസിച്ചുകൊണ്ടിരിക്കും.
ആദ്യമായി മാധ്യമം വാങ്ങിയത് ഒരു ചുവന്ന മാരുതി ഓമ്നി വാനായിരുന്നു. പത്രം കൊണ്ടുപോകാനും ടൗണിലെത്തുന്ന മഷിയും പ്ലേറ്റും പലവ്യഞ്ജനങ്ങളും കൊണ്ടുവരാനും ആ വണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേക അടയാളക്കുറിയൊന്നുമില്ലെങ്കിലും അത് മാധ്യമത്തിന്റെ ‘മൂട്ട’യാണെന്ന് മാലോകർക്ക് അറിയാമായിരുന്നു. കാരണം മറ്റൊന്നുമല്ല, പലപ്പോഴും അതിൽ മാധ്യമത്തിന്റെ ‘ശിരസ്തദാറുമാർ’ പലവ്യഞ്ജനങ്ങളോടൊപ്പം മുന്നിലുണ്ടാകും. 1993ലെ കൊച്ചി എഡിഷൻ തുടങ്ങും വരെ മാധ്യമം കോഴിക്കോട് നിന്ന് അച്ചടിച്ചാണ് കേരളത്തിലാകെ വിതരണം ചെയ്തത്.
വളർച്ചയുടെ ഏറ്റവും വലിയ ഘട്ടമായിരുന്നു ലക്ഷക്കണക്കിന് മലയാളികൾക്കായി ഒരു പത്രമിറക്കുകയെന്നത്. ‘ഗൾഫ് മാധ്യമം’ എന്ന പേരിൽ 1999 ഏപ്രിൽ 16ന് വെള്ളിയാഴ്ചയാണ് ഇന്ത്യൻ മാധ്യമ രംഗത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതിയ ദിനം. ബഹ്റൈനിൽ ദിനപത്രത്തിന്റെ ആദ്യ ഗൾഫ് എഡിഷൻ അവിടെ പിറവികൊണ്ടു. അതു പിന്നീട് വളർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ ഒമ്പതും ഇന്ത്യയിൽ എട്ടും എഡിഷനുകൾ വരെയെത്തി. ഏഴു രാഷ്ട്രങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രവുമായി. പ്രഥമ രാജ്യാന്തര ഇന്ത്യൻ പത്രമെന്ന നിലക്കുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ ഉദയം ഇന്ത്യൻ വാർത്താ മാധ്യമ ചരിത്രത്തിലെ അഭിമാനാർഹമായ സംഭവമാണ്. ആധുനിക വിവര-സാങ്കേതിക സൗകര്യങ്ങൾ ഒത്തിണങ്ങിയ, സാമ്പത്തികവും സ്വാധീനപരവുമായി മേധാവിത്വം പുലർത്തുന്ന വൻകിട പത്രങ്ങൾക്കും അവയുടെ കോർപറേറ്റ് മുതലാളിമാർക്കും സാധിക്കാത്ത വൻനേട്ടം ‘മാധ്യമ’ത്തിന് ‘ഗൾഫ് മാധ്യമ’ത്തിലൂടെ സാധിച്ചുവെന്നതു തന്നെയാണ് ഒരു വ്യാഴവട്ടം പിന്നിട്ടപ്പോൾ മാധ്യമത്തിനുണ്ടായ നേട്ടം. ബഹ്റൈനിൽ 1999ൽ എഡിഷൻ തുടങ്ങുമ്പോൾ ഒരു ബ്രീഫ്കേസും മൊബൈൽ ഫോണും മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ വണ്ടിയിൽ ഓഫിസിലേക്കും താമസസ്ഥലത്തേക്കും സഞ്ചാരം. വണ്ടി കിട്ടിയില്ലെങ്കിൽ രാത്രി ജോലി കഴിഞ്ഞ് നടക്കും. ദൂരം എട്ടു കിലോമീറ്റർ മാത്രം. ആദ്യ കാലത്ത് ബഹ്റൈനിൽ സി.എ. കരീം ആയിരുന്നു ന്യൂസ് എഡിറ്റർ. പത്രം ജനപ്രീതിയും പ്രചാരവും വർധിച്ചതോടെ 2002ൽ ദുബൈ എഡിഷൻ ആരംഭിച്ചു. ദുബൈ സർക്കാർ മാധ്യമങ്ങൾക്കായി ആരംഭിച്ച മീഡിയ സിറ്റിയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പത്രം ‘ഗൾഫ് മാധ്യമ’മാണ്. 2003ൽ ഖത്തർ എഡിഷൻ ആരംഭിച്ച പത്രം 2006 ജനുവരി ഒന്നിന് ജിദ്ദയിൽനിന്നും അച്ചടി തുടങ്ങി. അതേ വർഷം ഫെബ്രുവരി ഒന്നിന് കുവൈത്തിലും എഡിഷനായി. 2007ൽ റിയാദിലും 2008ൽ ദമ്മാമിലും 2011ന് അബ്ഹയിലും എഡിഷനുകൾ ആരംഭിച്ചു. 2012ലാണ് അവസാനമായി ഒമാനിലെത്തിയത്.
ഈ യാത്രയിൽ ഒപ്പംനിന്ന് വിടപറഞ്ഞ പലരുമുണ്ട്. ഈ സംരംഭത്തിന്റെ ഊർജവും ഉയിരുമായിരുന്ന കെ.സി. അബ്ദുല്ല മൗലവിയുടെ ധിഷണാപൂർവമായ നേതൃത്വമാണ് ‘മാധ്യമ’ത്തെ അടിപതറാതെ നിലനിൽക്കാൻ സഹായിച്ചത്.. പിന്നണി ശക്തിയായ അൽമദീന ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ചെയർമാനായിരുന്നിട്ടും പത്രനടത്തിപ്പിന്റെ ഊടുവഴികളിൽ അദ്ദേഹം കയറി ഇടപെട്ടില്ല. മറിച്ച് പിതൃതുല്യം വീക്ഷിക്കുകയും വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ ഉപദേശിക്കുകയും ചെയ്തു. മലയാള സാഹിത്യരംഗത്തെ വിളക്കുമാടമായ വൈക്കം മുഹമ്മദ് ബഷീറായിരുന്നു മറ്റൊരാൾ.
മാധ്യമ സംരംഭത്തിന്റെ ചാലകശക്തിയായി എന്നും അദ്ദേഹമുണ്ടായിരുന്നു എന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. ഓരോ ചുവടുവെപ്പും അദ്ദേഹവുമായി കൂടിയാലോചിച്ചായിരുന്നു നടത്തിയിരുന്നത്. പത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ‘നിഴലും വെളിച്ചവും’ എന്ന പേരിൽ ഒരു കോളവും തുടക്കത്തിൽ അദ്ദേഹം കൈകാര്യം ചെയ്തുപോന്നു. കേരള പത്രപ്രവർത്തന ഭൂമികയിലെ ഒറ്റയാനായ പി.കെ. ബാലകൃഷ്ണനാണ് മറ്റൊരു വ്യക്തി. വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തെ ‘മാധ്യമ’ത്തിലെത്തിച്ചത്. കേരള കൗമുദിയിൽനിന്ന് ഒഴിവായി നിൽക്കുന്ന സമയത്തായിരുന്നു ‘മാധ്യമം’ ചീഫ് എഡിറ്ററെ തേടിയത്.
വൈക്കം ബഷീർ എഴുതിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: ‘‘ബാലാ, ഈ എഴുത്തുമായി വരുന്നത് ചില നല്ല മനുഷ്യരാണ്. അവർ ഒരു ദിനപത്രം തുടങ്ങാൻ പോകുന്നു. താങ്കൾ അതിന്റെ മുഖ്യപത്രാധിപരുടെ ചുമതല ഏറ്റെടുക്കണം’’. ബഷീറിന്റെ ആജ്ഞ നിരസിക്കാൻ പി.കെ.ബിക്ക് കഴിയുമായിരുന്നില്ല. മരണം വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. ‘വാരാദ്യ മാധ്യമം’ പത്രാധിപരായിരുന്ന കെ.എ. കൊടുങ്ങല്ലൂരാണ് മറ്റൊരു വ്യക്തി. പരന്ന വായനയും ആഴമേറിയ ചിന്തയും കൊണ്ട് അനുഗൃഹീതനായ കെ. അബ്ദുല്ലയെന്ന അദ്ദേഹം നിരവധി സാഹിത്യകാരന്മാരെ മാധ്യമവുമായി അടുപ്പിക്കുന്നതിൽ നിർണായകമായി. അങ്ങനെ ഒരുപാട് പേർ. മുന്നിൽ നടന്നവർ മാത്രമല്ല, പത്രത്തെ ഹൃദയത്തിലേറ്റിയ സാധാരണക്കാരൻ വരെ ചേർന്നാണ് ഈ പത്രത്തെ ഇത്രത്തോളം ഉയരങ്ങൾ താണ്ടാൻ സഹായിച്ചത്. പ്രാർഥനയും പ്രവർത്തനവും ഒരുപോലെ കൂട്ടിനുപിടിച്ച് അവർ നൽകിയ സഹായങ്ങളോളം വരില്ല ഒന്നും.
പത്രപ്രവർത്തനം സത്യവും ധർമവും നേരും പുലർത്താനുള്ള ഒരു സൽക്കർമവും സാധനയുമാണെന്നതാണ് ‘മാധ്യമ’ത്തിന്റെ വീക്ഷണം. ഇതൊരു തപസ്യയാണ്. കാലത്തെയും ലോകത്തെയും ഒരു ചെപ്പിനുള്ളിൽ ആവാഹിച്ചെടുക്കാനുള്ള അതിതീവ്രമായ ധ്യാനം. മൂല്യനിരാസത്തിന്റെ അതിശുഷ്‍കമായ ലോകത്ത് മൂല്യ സംസ്ഥാപനത്തിന്റെ ഒരു തെളിനാമ്പെങ്കിലും നട്ടുനനച്ച് വളർത്തിയെടുക്കാനായാൽ ‘മാധ്യമ’ ശിൽപികൾ ധന്യരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.