മനാമ: 37കാരിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഇവരുടെ വിചാരണ പുരോഗമിക്കുകയാണ്. മനാമയിലെ ഒരു ഷോപ്പിങ് മാളിലെ കാർ പാർക്കിങ്ങിൽ വെച്ച് സെപ്റ്റംബർ 13നാണ് ആക്രമണം നടന്നത്. യുവതിയും മക്കളും കാർ നിർത്തി പുറത്തിറങ്ങുന്നതിനിടെയാണ് 28 കാരനായ പ്രതി സൾഫ്യൂരിക് ആസിഡ് എറിഞ്ഞത്.
41 കാരനായ രണ്ടാം പ്രതിയുടെ സഹായത്തോടെയായിരുന്നു ആക്രമണം. രണ്ടാം പ്രതി യുവതിയുടെ മുൻ ഭർത്താവാണ്. ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. വൈകല്യവും മാനസിക ആഘാതവുമുണ്ടായതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് സാക്ഷികളായ കുട്ടികളും കടുത്ത മാനസികാഘാതത്തിനിരകളായി. മുഖംമൂടി ധരിച്ചാണ് പ്രതി വന്നത്.
സംഭവത്തിനുശേഷം രണ്ടാം പ്രതിയുടെ സഹായത്തോടെ ഇയാൾ കടന്നുകളഞ്ഞു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ആക്രമിയുടേതെന്ന് കരുതുന്ന മുഖംമൂടിയും തൊപ്പിയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് ലഭിച്ച ഡി.എൻ.എ തെളിവുകൾ പ്രതിയുടേതാണെന്ന് വ്യക്തമായി. തുടർന്ന് ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതി കുവൈത്തിലേക്ക് കടന്നിരുന്നു.
ബഹ്റൈൻ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറന്റിനെത്തുടർന്ന്, കുവൈത്ത് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തു. കൂടുതൽ തെളിവുകൾ പരിശോധിക്കാനായി കോടതി കേസ് ഡിസംബർ 22ലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.