പൊതുമുതൽ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി
മനാമ: മനുഷ്യക്കടത്ത് തടയുന്നതിന് ബഹ്റൈൻ നടത്തിയ ശ്രമങ്ങൾക്ക് യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലെ പ്രത്യേക പരാമർശം അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ അതോറിറ്റികൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സ്ഥാനം കൈവരിക്കാൻ സാധിച്ചത് ചിട്ടയായ പ്രവർത്തനത്തിന്‍റെ ഫലമാണെന്നും യോഗം വിലയിരുത്തി.
പൊതുമുതൽ സംരക്ഷിക്കുന്നതിനും സൂക്ഷ്മമായി കൈകാര്യംചെയ്യുന്നതിനും അതിൽ വരുന്ന വീഴ്ചകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. അയൽരാജ്യങ്ങളുമായി വ്യവസായിക രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു.
യു.എ.ഇ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളുമായി വ്യവസായിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനാണ് നീക്കം. പരസ്പര സഹകരണത്തിലൂടെ സുസ്ഥിര വളർച്ച ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
റഷ്യയും യുക്രെയ്നും തമ്മിൽ കരിങ്കടൽ വഴി ധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ക്രിയാത്മക പരിഹാരങ്ങളിൽ എത്താൻ സംവാദങ്ങളും ചർച്ചകളുമാണ് ഫലപ്രദമെന്നും വിലയിരുത്തി.
വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളുടെ വിശദ വിവരങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചു. 2022 ആദ്യ പകുതിയിൽ സാമ്പത്തിക സൂചകങ്ങൾ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം രേഖപ്പെടുത്തിയതായി ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രകാരമുള്ള പദ്ധതികൾ വിജയിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കണ്ടുവെന്നും മന്ത്രി അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഹിജ്റ പുതുവർഷപ്പിറവിയുടെ പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.