മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ വിവിധ അന്താരാഷ്ട്ര വേദികളുമായി ബഹ്റൈൻ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ മനുഷ്യക്കടത്തിനെതിരായി നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലുള്ള ബന്ധം ശക്തമാക്കാനും ജി.സി.സി ഉച്ചകോടിയിൽ എടുത്ത 'അൽ ഉല' പ്രഖ്യാപനം നടപ്പാക്കാനുമുള്ള ബഹ്റൈെൻറ പ്രതിബദ്ധത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കിടയിൽ ഊന്നിപ്പറഞ്ഞതിനെ കാബിനറ്റ് പ്രത്യേകം പരാമർശിച്ചു.
വിവിധ ജി.സി.സി രാഷ്ട്രത്തലവൻമാരുമായി നിലനിർത്തുന്ന സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തമാക്കാൻ ഹമദ് രാജാവിെൻറ കാഴ്ചപ്പാട് സഹായകമാകുമെന്നും വിലയിരുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിസഭ ചർച്ച ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ സഹകരിച്ച മുഴുവൻ സ്ഥാപനങ്ങൾക്കും സ്വദേശി പൗരന്മാർക്കും വിദേശി സമൂഹത്തിനും കാബിനറ്റ് നന്ദി അറിയിച്ചു.
സമുദ്രം വഴിയുള്ള കടത്തും സഞ്ചാരവും സുഗമവും സുരക്ഷിതവുമാക്കാൻ അന്താരാഷ്ട്ര സമൂഹമെടുക്കുന്ന നടപടികൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. സമുദ്രസഞ്ചാരത്തിന് ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥക്ക് മാറ്റംവരണമെന്നതാണ് ബഹ്റൈൻ നിലപാട്. സർക്കാറിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.
2021 ആദ്യ ആറുമാസത്തെ തൊഴിൽവിപണി ഉണർവിനെ സംബന്ധിച്ച് തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും തൊഴിൽവിപണി സജീവമാക്കാൻ സാധിച്ചതായും സ്വദേശി തൊഴിലന്വേഷകർക്ക് മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നിടാൻ സാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അസ്കറിലുണ്ടായ തീപിടിത്തവും അത് കൈകാര്യം ചെയ്ത രീതിയും ആഭ്യന്തരമന്ത്രി അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭയോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.