മനാമ: ആഗോള സമാധാന സൂചികയിൽ ബഹ്റൈന്റെ സ്ഥാനത്തിൽ ഉയർച്ച. സിഡ്നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സിന്റെ 18ാം പതിപ്പിൽ 163 രാജ്യങ്ങളിൽ ബഹ്റൈൻ 81ാം സ്ഥാനത്താണ്.മുൻവർഷത്തേക്കാൾ 16 സ്ഥാനങ്ങളാണ് രാജ്യം മെച്ചപ്പെടുത്തിയത്.
മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (എം.ഇ.എൻ.എ) മേഖലയിലെ ഏറ്റവും സമാധാന അന്തരീക്ഷമുള്ള എട്ടാമത്തെ രാജ്യമാണ് ബഹ്റൈൻ. യു.എ.ഇ യാണ് മേഖലയിൽ മുന്നിൽ. ഈ വർഷം 31 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യു.എ.ഇ 53ാം സ്ഥാനത്തെത്തി.
ലോക ജനസംഖ്യയുടെ 99.7 ശതമാനത്തെയും ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. സാമൂഹിക സുരക്ഷ, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങളുടെ വ്യാപ്തി, സൈനികവത്കരണത്തിന്റെ അളവ് എന്നീ കാര്യങ്ങളടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. ബഹ്റൈൻ കഴിഞ്ഞ വർഷം ഇതേ സൂചികയിൽ 108 ാം സ്ഥാനത്തായിരുന്നു. 2022-ൽ 99, 2021-ൽ 102, 2020-ൽ 110, 2019-ൽ 124, 2018-ൽ 130, 2017-ൽ 131, 2016-ൽ 132ാം എന്നിങ്ങനെയായിരുന്നു ബഹ്റൈനിന്റെ സ്ഥാനം.
പുതിയ റാങ്കിങ്ങിൽ ഫ്രാൻസ്, ഇന്ത്യ, ഈജിപ്ത്, തുർക്കിയ എന്നിവരേക്കാൾ മുന്നിലാണ് ബഹ്റൈൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഐസ്ലൻഡാണ്. അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. യെമനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. മുമ്പ് അഫ്ഗാനിസ്താനായിരുന്നു. സുഡാൻ, ദക്ഷിണ സുഡാൻ, അഫ്ഗാനിസ്താൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളാണ് സൂചികയിൽ പിന്നിലുള്ള മറ്റ് രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.