മനാമ: കാലാവസ്ഥ വ്യതിയാനം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ ആഘാതം കുറക്കാനും അന്തരീക്ഷത്തിലെ കാർബൺ തോത് കുറക്കാനുമുള്ള യു.എൻ പ്രഖ്യാപനത്തിന് ചുവടുപിടിച്ച് ബഹ്റൈനിൽ വനവത്കരണ നടപടികൾ പുരോഗമിക്കുന്നു. 2035ൽ 3.6 മില്യണായി രാജ്യത്തെ മരങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള മരങ്ങളുടെ എണ്ണം 1.8 മില്യൺ ആണെന്നാണ് സർക്കാറിന്റെ കണക്ക്.
ഈ ലക്ഷ്യം നേടാനായി കാർഷിക മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും ‘ട്രീസ് ഫോർ ലൈഫ്’ കാമ്പയിൽ പ്രഖ്യാപിച്ചിരുന്നു. വനവത്കരണം ലക്ഷ്യം കാണണമെങ്കിൽ പൊതുജനങ്ങളും സ്വകാര്യസ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചിരുന്നു.
രാജ്യത്തുടനീളം പാർക്കുകളുടെയും പൊതുസ്ഥലങ്ങളുടെയും എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. ഇവിടെയെല്ലാം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വിവിധ ഗവർണറേറ്റുകൾ തീരുമാനിച്ചിരുന്നു. കാറോട്ട മത്സരത്തിനു വേദിയാകുന്ന ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലടക്കം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളും കാർഷിക മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ടെലികോം കമ്പനിയായ എസ്.ടി.സിയടക്കം രാജ്യത്തിന്റെ വനവത്കരണ നയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്ലീൻ അപ് ബഹ്റൈൻ വളന്റിയേഴ്സും നഗരകാര്യ, കാർഷിക മന്ത്രാലയവും ചേർന്ന് സൗത്ത് സിത്രയിൽ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നു. 3890 ചെടികളാണ് 25 സന്നദ്ധപ്രവർത്തകർ കടൽത്തീരത്ത് നട്ടത്. 2023ൽ 2.3 ലക്ഷം കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനിച്ചത്. മാലിന്യങ്ങൾ നീക്കംചെയ്യുന്നയിടങ്ങളിൽ ചെടികൾ നടാനാണ് ക്ലീൻ അപ് ബഹ്റൈന്റെ തീരുമാനം. സർക്കാർ പദ്ധതികളുടെ ഭാഗമായി വ്യാപകമായി മരങ്ങൾ നട്ട് ലക്ഷ്യം കാണാൻ മന്ത്രാലയം ആഹ്വാനംചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് സ്കൂളുകളിലും മരങ്ങൾ നടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും പുതിയ തലമുറയിൽ അവബോധം വളർത്തുകയും ഇതിന്റെ ലക്ഷ്യമാണ്. ഗവർണറേറ്റ് പരിധിയിലെ സർക്കാർ സ്കൂളുകളിൽ വൃക്ഷത്തൈകൾ നടുമെന്ന് കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി.
വനവത്കരണ പദ്ധതി ശക്തപ്പെടുത്തുന്നതിന് മന്ത്രിസഭയുടെ തീരുമാനത്തിന്റെ വെളിച്ചത്തിൽ വിവിധ സ്കൂളുകളിൽ വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം അദ്ദേഹം നിർവഹിച്ചിരുന്നു. ഹരിത കാപിറ്റൽ ഗവർണറേറ്റ് എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി കൂടുതൽ ഹരിതപ്രദേശങ്ങൾ സാധ്യമാക്കുന്നതിന് ജനങ്ങളിൽ ബോധവത്കരണവും നടത്തും. പരിസ്ഥിതി ഏറ്റവും മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കുന്നതിന് പദ്ധതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.