orമനാമ: ഓൺലൈനായി അവയവദാന രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. റോയൽ മെഡിക്കൽ സർവിസ് (ആർ.എം.എസ്), ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) എന്നിവയുമായി സഹകരിച്ച് bahrain.bh എന്ന പോർട്ടലിലാണ് രജിസ്ട്രേഷൻ സൗകര്യമൊരുക്കിയത്. ഇത് പൗരന്മാർക്കും മറ്റു താമസക്കാക്കും അവരുടെ ജീവിത കാലത്തുതന്നെ അവയവ ദാതാക്കളായി രജിസ്റ്റർ ചെയ്യാനോ മരണശേഷം ദാനം ചെയ്യണമെന്ന പ്രതിജ്ഞയെടുക്കാനോ സാധിക്കും.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിലും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും പുതിയ സംവിധാനം വഹിക്കുന്ന പങ്കിനെക്കുറിച്ച് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ വ്യക്തമാക്കി. പുതിയ രജിസ്ട്രേഷൻ സംവിധാനം ദാതാക്കളുടെ രജിസ്ട്രേഷൻ നടപടികൾ കാര്യക്ഷമമാക്കുകയും പുതുക്കിയതും വിശ്വസനീയവുമായ ദാതാക്കളുടെ പട്ടിക നൽകുകയും ആവശ്യമായ രോഗികൾക്ക് വേഗത്തിൽ വൈദ്യസഹായം സാധ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തെ ജനങ്ങൾക്ക് സുസ്ഥിര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും മന്ത്രി എടുത്തുപറഞ്ഞു. കൂടാതെ ദേശീയ അവയവദാനത്തിനും മാറ്റിവെക്കൽ സംവിധാനത്തിനും പിന്തുണ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രത്യേകിച്ച് റോയൽ മെഡിക്കൽ സർവിസിനും മന്ത്രി നന്ദി അറിയിച്ചു. സാധുവായ ഒരു വ്യക്തിഗത ഐ.ഡി ഉപയോഗിച്ച് കുറഞ്ഞത് 21 വയസ്സുള്ള, പൂർണ നിയമപരമായ ശേഷിയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിനായി ഉപയോക്താക്കൾ ഇ-കീ സിസ്റ്റം വഴി ലോഗിൻ ചെയ്യുകയും അവരുടെ വിശദാംശങ്ങൾ നൽകുകയും വേണം. ശേഷം ഭാഗിക കരൾ, വൃക്ക, മജ്ജ, ഹൃദയം, ശ്വാസകോശം, കുടൽ, പാൻക്രിയാറ്റിക് ടിഷ്യൂ, കോർണിയ എന്നിവയുൾപ്പെടെ ദാനത്തിനായി ഉദ്ദേശിക്കുന്ന അവയവങ്ങൾ തിരഞ്ഞെടുക്കണം.
ഉപയോക്താക്കൾക്ക് അവരുടെ അപേക്ഷ നില പരിശോധിക്കാനും രജിസ്ട്രേഷൻ ഓൺലൈനായി റദ്ദാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾക്ക്, 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൾ സെന്ററുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.