‘കോൺകോർഡിയ’ അനാച്ഛാദന ചടങ്ങിനെത്തിയ
കിരീടാവകാശി
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് വരുന്ന ഏതൊരു വ്യക്തിയെയും ഇനി സ്വാഗതം ചെയ്യുക പ്രശസ്ത ചിത്ര കലാകാരൻ സർ ബ്രയാൻ ക്ലാർക്കിന്റെ സ്റ്റെയിൻ-ഗ്ലാസ് കലാസൃഷ്ടിയായ ‘കോൺകോർഡിയ’ ചിത്രങ്ങളാകും. വിമാനത്താവളത്തിലെ കാഴ്ചകൾക്ക് ഇനി നവ്യാനുഭവവും പ്രകടമാകും. കഴിഞ്ഞ ദിവസം നടന്ന അനാച്ഛാദന പരിപാടിയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു.
ഹമദ് രാജാവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് അനുയോജ്യമായ വികസന പ്രവൃത്തികളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പിന്തുണ കിരീടാവകാശി സന്ദർശന വേളയിൽ ചൂണ്ടിക്കാട്ടി.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും പ്രമുഖ വിമാനത്താവള റേറ്റിങ് ഏജൻസികളുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് ചിത്രകാരനും വാസ്തുവിദ്യാ കലാകാരനും ഡിസൈനറും പ്രിന്റ്മേക്കറുമായ സർ ബ്രയാൻ ക്ലാർക്കിന്റെ ‘കോൺകോർഡിയ’ ഇസ്ലാമിക, പാശ്ചാത്യ, പ്രകൃതിദത്ത രൂപകൽപനകളെ സമന്വയിപ്പിച്ച് ‘സംസ്കാരങ്ങൾ പങ്കിടുന്ന സ്വർഗം’ എന്ന ആശയം ഉണർത്തുന്ന ഒരു സൃഷ്ടിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ചായം പൂശിയ ഗ്ലാസ് ഇൻസ്റ്റാളേഷനുകളിൽ ഒന്നായ ഇത് സ്ഥാപിക്കാൻ മാത്രം 43 ദിവസമെടുത്തിട്ടുണ്ട്. ഈസ ബിൻ സൽമാൻ വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ടിന്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.