കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് യോഗം
മനാമ: പ്രവാസി തൊഴിലാളികളുടെ മരണാനന്തരം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലാളി മരിച്ചാൽ തൊഴിലുടമയാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ട ചെലവ് വഹിക്കേണ്ടത്. അതിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് നിർദേശം മുന്നോട്ടുവെച്ചത്.
എം.പി ജലാൽ കാദം അൽ മഹ്ഫൂള് അവതരിപ്പിച്ച നിർദേശപ്രകാരം തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവ് പൂർണമായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വഹിക്കേണ്ടിവരും. നിലവിലെ നിയമപ്രകാരം മരിച്ച തൊഴിലാളിയുടെ ബന്ധുക്കൾ അനുമതിപത്രം നൽകുന്ന പ്രകാരമാണ് മൃതദേഹം അയക്കുന്നത്. ചെലവുകൾ എൽ.എം.ആർ.എയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളായിരുന്നു കൂടുതലായും വഹിച്ചിരുന്നത്.
പിന്നീട് അതിനായി വന്ന ചെലവുകൾ തൊഴിലുടമയിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. ഒളിച്ചോടപ്പെട്ട തൊഴിലാളിയുടെ ചെലവിന്റെ ബില്ലും തൊഴിലുടമകൾക്ക് ലഭിക്കുന്നുണ്ടെന്നാണ് എം.പിമാരുടെ വാദം. അതിൽനിന്നും മാറ്റം വേണമെന്നാണ് നിർദേശം മുന്നോട്ടുവെക്കുന്നത്. തൊഴിലാളികളുടെ നിയമനം, വിസ, താമസം, വാർഷിക ഫീസ് എന്നിവ ഇതിനോടകം തൊഴിലുടമ നിർവഹിക്കുന്നുണ്ടെന്നും ജലാൽ കാദം അൽ മഹ്ഫൂള് പറഞ്ഞു.
വിഷയത്തിൽ തൊഴിലാളി യൂനിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിർദേശം ശൂറ കൗൺസിലിന് കൈമാറിയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.