മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു. സർക്കാറിന്റെ ചിട്ടയായ പ്രവർത്തനങ്ങളിൽ അദ്ദേഹം മതിപ്പ് രേഖപ്പെടുത്തുകയും ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുന്നതിൽ വിജയിച്ചതായി വിലയിരുത്തുകയും ചെയ്തു.
സർക്കാറിന്റെ വിവിധ പദ്ധതികൾ വിജയത്തിലെത്തുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇടപെടൽ ശ്രദ്ധേയമായതായും വിലയിരുത്തി. സ്വദേശികളുടെ പുരോഗതിയും വളർച്ചയും അടിസ്ഥാനപരമായി ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളാണെന്നതിൽ സംശയമില്ല. എല്ലാ സർക്കാർ പദ്ധതികളുടെയും അടിസ്ഥാനങ്ങൾ രൂപപ്പെടുത്തുന്നത് സ്വദേശി പൗരന്മാരുമായി ബന്ധപ്പെട്ടാണ്. വിവിധ ജനസമൂഹങ്ങൾക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്തുന്നതിന് തുറന്നസമീപനവും വിട്ടുവീഴ്ചയും അടിസ്ഥാനമായി സ്വീകരിക്കേണ്ടതുണ്ട്. ജി.സി.സി രാഷ്ട്രങ്ങൾക്കും ജനതകൾക്കുമിടയിൽ സ്നേഹ സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അൽ ഉല കരാർ പ്രകാരമുള്ള തീരുമാനങ്ങളും ജി.സി.സി ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങളും നടപ്പിലാക്കുന്നതിന് ശ്രദ്ധ ചെലുത്തും.
ബഹ്റൈനും ഖത്തറും തമ്മിലുള്ള മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഒന്നിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നാലു വർഷത്തേക്കുള്ള സർക്കാർ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുകയും രാജാവ് തന്റെ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും അതോടൊപ്പം സുരക്ഷിതമായ സാമ്പത്തിക സ്ഥിതി സാധ്യമാക്കുന്നതിനുമായിരിക്കണം ഊന്നൽ നൽകേണ്ടത്. സ്വദേശികൾക്ക് അവസരങ്ങൾ തുറന്നിടുന്നതിനും ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായും ഫുഡ് പ്രൊഡക്ഷൻ യൂനിറ്റുകൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.
ബി.ഡി.എഫ് നൽകിക്കൊണ്ടിരിക്കുന്ന സേവനം രാജ്യത്തിന് അഭിമാനകരമാണ്. ബി.ഡി.എഫിൽ അണിചേർന്ന മുഴുവൻ സൈനികർക്കും ഹമദ് രാജാവ് നന്ദിയും കടപ്പാടും അറിയിച്ചു. ആലിയിൽ ആരംഭിച്ച കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ആരോഗ്യ സേവന മേഖലയിൽ കൂടുതൽ ചടുലത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് മാറ്റുകൂട്ടുന്നതാണ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ കഴിഞ്ഞ 120 വർഷത്തെ പ്രവർത്തനം.
ഫലസ്തീൻ പ്രശ്നത്തിൽ എന്നും ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പമാണ് ബഹ്റൈൻ നിലകൊള്ളുന്നതെന്ന് ഹമദ് രാജാവ് ആവർത്തിച്ചു. മേഖലയിൽ നീതിയുക്തവും സമ്പൂർണവുമായ ശാന്തിയും സമാധാനവും സാധ്യമാക്കുന്നതിനാണ് ബഹ്റൈൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിന് ഹമദ് രാജാവ് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായങ്ങൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നന്ദി പ്രകാശിപ്പിച്ചു.
എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനുള്ള ആഹ്വാനമാണ് ഹമദ് രാജാവ് നൽകിയിട്ടുള്ളതെന്നും അതനുസരിച്ച് മുന്നോട്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.