മനാമ: ബഹ്റൈനിൽ മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുകുകളുടെ പ്രജനനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ കർമപദ്ധതികൾ തയാറാക്കി. പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള മഴവെള്ള സംഭരണി മെച്ചപ്പെടുത്തുന്നതിന് മൂന്നു മുനിസിപ്പൽ കൗൺസിലുകളുമായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് സഹകരിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്ന അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് കർമപദ്ധതി തയാറാക്കിയത്. ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 15, 16 തീയതികളിൽ ശരാശരി 67.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് റെക്കോഡുകൾ രേഖപ്പെടുത്തിത്തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ മഴയാണിത്.
പരിസ്ഥിതി, ആരോഗ്യ അപകടങ്ങൾ കുറക്കുന്നതിന് വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിനുള്ള കൗൺസിലിന്റെ പ്രതിബദ്ധത ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തരാദ ഊന്നിപ്പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പരിസ്ഥിതി, ആരോഗ്യ അപകടങ്ങൾ കുറക്കുന്നതിന് വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിനുള്ള കൗൺസിലിന്റെ പ്രതിബദ്ധത ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തരാദ ഊന്നിപ്പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കൊതുക് പ്രജനന കേന്ദ്രങ്ങൾ ബോർഡ് നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സർക്കാറിന്റെ തവാസുലിൽ ലഭിക്കുന്ന പരാതികളാണ് നിലവിൽ പരിഹരിക്കുന്നത്. കൂടാതെ കൗൺസിൽ അംഗങ്ങളും ജീവനക്കാരും ഫീൽഡ് സന്ദർശനങ്ങളും നടത്തുന്നു. പ്രശ്ന ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾക്കായി പതിവായി സമർപ്പിക്കുന്നുണ്ടെന്നും തരാദ വ്യക്തമാക്കി. കനത്ത മഴയെത്തുടർന്നുണ്ടാവുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഏജൻസികളുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വർക്ക്സ് മന്ത്രി ഇബ്രാഹീം അൽ ഹവാജ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.